പശ്ചിമ ബംഗാളിലെ റണാഘട്ട് റെയില്വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്,ലതാ മങ്കേഷ്കറുടെ ”ഏക് പ്യാര് കാ നഗ്മാ ഹേയ്” എന്ന അനശ്വര ഗാനം ആലപിക്കുകയും അതിന്റെ വീഡിയോ വൈറലാകുകയും ചെയ്തതോടെയാണ് റാണു മൊണ്ടല് എന്ന ഗായികയെക്കുറിച്ച് ലോകമറിഞ്ഞത്. തുടര്ന്ന് സംഗീത സംവിധായകന് ഹിമേഷ് രേഷമ്യ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ഹാപ്പി ഹാര്ഡി ആന്ഡ് ഹീര് എന്ന സിനിമയില് പാടാന് രാണുവിന് അവസരം നല്കുകയും ചെയ്തു.
ഇപ്പോള് രാണുവിന്റെ കാര്യത്തില് അഭിപ്രായം പറഞ്ഞ് സാക്ഷാല് ലതാ മങ്കേഷ്കര് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.”ആര്ക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ ഒരു പ്രയോജനം ലഭിക്കുകയാണെങ്കില്, അതെന്റെ ഭാഗ്യമായാണ് ഞാന് കാണുന്നത്,” ഐഎഎന്എസിനോടാണ് ലതാ മങ്കേഷ്കറിന്റെ പ്രതികരണം.
‘അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള് നിങ്ങളാകൂ. എന്റെ പാട്ടുകളോ അല്ലെങ്കില് കിഷോര്ദാ, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്ലെ) എന്നിവരുടെ പാട്ടുകള് ആലപിക്കുന്നതിലൂടെ ഗായകര്ക്ക് കുറച്ച് കാലത്തേക്ക് ശ്രദ്ധ നേടാനാകും, എന്നാല് അത് ദീര്ഘനാള് നിലനില്ക്കില്ല. ടെലിവിഷനിലെ മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രതിഭകളെക്കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നു. കുട്ടികള് എന്റെ ഗാനങ്ങള് വളരെ മനോഹരമായി പാടുന്നു. എന്നാല് ആദ്യത്തെ വിജയത്തിന് ശേഷം അവരില് എത്രപേര് ഓര്മ്മിക്കപ്പെടുന്നു? ‘-ലതാ മങ്കേഷ്കര് പറഞ്ഞു.
അന്പത് വയസുകാരിയായ റാണു മൊണ്ഡല് അടുത്തിടെ ടിവി റിയാലിറ്റി ഷോ സൂപ്പര് സ്റ്റാര് സിംഗറില് പ്രത്യക്ഷപ്പെട്ടിരുന്നു. ഹിമേഷ് രേഷമ്യയ്ക്കൊപ്പം ”തെരി മേരി കഹാനി”, ”ആദത്ത്”, ”ആഷിക്കി മെന് തെരി” എന്നീ മൂന്ന് ഗാനങ്ങള് ഇതുവരെ റെക്കോര്ഡു ചെയ്തു. ഇതിനോടകം നിരവധി റിയാലിറ്റി ഷോകളിലും ഇവര് അതിഥിയായി. മാത്രമല്ല ബംഗാള്, ഹിന്ദി, തമിഴ് സിനിമകളില് നിന്നും പാടാനുള്ള ഓഫറുകളും റാണുവിനെ തേടിയെത്തിരിക്കുകയാണ്.
റാണാഘട്ട് നിവാസിയായ സോഫ്റ്റവേര് എന്ജിനീയര് അതീന്ദ്ര ചക്രവര്ത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റ്റേഷനിലെത്തിയപ്പോള് യാദൃശ്ചികമായി റാണു, ലത മങ്കേഷ്കര് സൂപ്പര് ഹിറ്റാക്കിയ ‘ഏക് പ്യാര് കാ നഗ്മാ ഹെയ്’ എന്ന ഗാനം അതിമധുരമായി ആലപിക്കുന്നതു കണ്ട് അത് തന്റെ മൊബൈല് ഫോണില് പകര്ത്തുകയും സോഷ്യല് മീഡിയയില് അപ്ലോഡ് ചെയ്യുകയുമായിരുന്നു. ഞൊടിയിടയില് വീഡിയോ വൈറലാകുകയും റാണു ലോകപ്രശസ്തയാകുകയുമായിരുന്നു.