വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു തരം വിവാഹ തട്ടിപ്പിനെ കുറിച്ച് റെഡ്ഡിറ്റിൽ ഒരു യുവാവ് പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.
വിവാഹത്തിനാണെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയുമായെത്തി 15000 രൂപ ചോദിച്ചെന്നാണ് യുവാവ് പറയുന്നത്. ഈ തട്ടിപ്പിൽ താൻ വീണില്ലെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിയുമായെത്തി പണം ചോദിക്കുന്ന കാര്യം പോലീസിൽ അറിയിക്കണോ എന്നാണ് യുവാവ് ചോദിക്കുന്നത്. കുട്ടിയുമായി എത്തി പതിനായിരങ്ങൾ ആവശ്യപ്പെട്ടതിനാലാണ് തനിക്ക് സംശയം തോന്നിയതെന്നും യുവാവ് പറഞ്ഞു. ‘kvak95’ എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്.
‘ഒരു OTT പ്ലാറ്റ്ഫോമിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ചെറുതായിട്ട് ഒന്നു മയങ്ങി. ഇതിനിടയിലാണ് വീട്ടിൽ കോളിംഗ് ബെല്ലും വാതിലിൽ തട്ടുന്ന ശബ്ദവും കേട്ടത്. പെട്ടെന്ന് വാതിൽ തുറന്നപ്പോൾ 40 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ പതിനഞ്ച് വയസിനുള്ളിൽ പ്രായം തോന്നിക്കുന്ന പെൺകുട്ടിയുമായി വീട്ടിന്റെ മുന്നിൽ നിൽക്കുന്നതാണ് കണ്ടത്.
ആ സ്ത്രീ 15 വയസ്സിൽ കൂടുതൽ പ്രായമില്ലാത്ത കുട്ടിയെ ചൂണ്ടിക്കാട്ടി ‘വിവാഹം??!!‘എന്നുച്ചത്തിൽ പറയുകയായികരുന്നു. കന്നഡ കേട്ടാൽ മനസിലാകുമെങ്കിലും തിരികെ മറുപടി പറയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. കൂടാതെ, ചെറിയ ഉറക്കം കൂടി ഉണ്ടായിരുന്നതിനാൽ കാര്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടി.
ഞാൻ സംസാരിക്കുന്നത് തെലുങ്കാണെന്ന് ചോദിച്ച് മനസ്സിലാക്കിയതിന് ശേഷം, “തൻ്റെ മകളുടെ കല്യാണം അടുത്ത ഒരു ക്ഷേത്രത്തിൽ വെച്ച് കുറച്ച് സമയത്തിനുള്ളിൽ നടക്കാനിരിക്കുകയാണെന്നും അവർക്ക് വിവാഹച്ചെലവിനായി 15,000 രൂപ കുറവുണ്ടായെന്നും ഞാൻ അവളെ അടിയന്തിരമായി സഹായിക്കണമെന്നുമാണ് അവർ പറഞ്ഞത്. ‘ഇല്ല!’ എന്ന് പറഞ്ഞതിന് ശേഷം ദേഷ്യത്തിൽ കത് അടക്കുകയായിരുന്നു.’- യുവാവ് കുറിച്ചു.