തൃക്കരിപ്പൂർ: ഗവ. ഹൈസ്കൂളിൽനിന്ന് 1987-88 വർഷത്തെ വിദ്യാർഥി കൂട്ടായ്മ സഹപാഠിയായ മീലിയാട്ടെ തച്ചൻ ലതക്ക് പയ്യന്നൂർ നഗരസഭയിലെ കവ്വായിൽ വീട് ഒരുക്കി. പയ്യന്നൂർ നഗരസഭ 2015 ൽ വിടും സ്ഥലവും പദ്ധതിയിൽ ഉൾപ്പെടുത്തി ലതക്കും കുടുംബത്തിന് ഒന്നാം ഗഡു 1.5 ലക്ഷം രൂപ നൽകിയിരുന്നു. അതിൽ 90,000 രൂപ നൽകി സ്ഥലം വാങ്ങിയെങ്കിലും ഇതിനിടയിൽ ലത അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമായതൊടെ വിടെന്ന സ്വപ്നത്തിന് കരിനിഴൽ വിഴ്ത്തി.
ലതയുടെ സഹപാഠി തന്റെ കുട്ടികളുടെ അധ്യാപികയായി കവ്വായി സ്കൂളിൽ എത്തിയതോടെയാണ് തങ്ങളുടെ സഹപാഠി കൊച്ചുകുടിലിൽ കഴിയുന്ന സ്ഥിതി പൂർവ വിദ്യാർഥി കൂട്ടായ്മ അറിഞ്ഞത്. പയ്യന്നൂർ നഗരസഭയിൽനിന്ന് ലഭിച്ച 2.4 ലക്ഷം രൂപ ഉൾപ്പെടെ പൂർവ വിദ്യാർഥി കൂട്ടായ്മയും ചേർന്ന് ഏഴു ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് വീട് പൂർത്തീകരിച്ചത്.
കവ്വായിലെ ഒട്ടോ ഡ്രൈവറായ നാരായണനും കുട്ടികളും അടങ്ങുന്നതാണ് ലതയുടെ കുടുംബം. നാളെ താക്കോൽ കൈമറാൽ ചടങ്ങ് പയ്യന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടകൊവ്വൽ നിർവഹിക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ. സജീവൻ, ലത്തീഫ് സപ്ന, ഇ.വി. ഗീത, കെ.ബിനോയ് എന്നിവർ പങ്കെടുത്തു.