ലതാ മങ്കേഷ്കറിന് “ആദരാഞ്ജലി’ അർപ്പിച്ച് സോഷ്യൽ മീഡിയ. ചില മലയാളികളുടെ അക്കൗണ്ടുകളിൽ കൂടിയാണ് ലതാ മങ്കേഷ്കറിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പുറത്തുവന്നിരിക്കുന്നത്. “ലതാ മങ്കേഷ്കർ വിട വാങ്ങി’ യെന്ന പോസ്റ്റിന് ആയിരക്കണക്കിന് ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്.
അതേസമയം ലതാ മങ്കേഷ്കറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അവരുടെ ഓഫീസ് അറിയിച്ചു. മാധ്യമങ്ങളിൽ കൂടി അപവാദപ്രചാരണം നടത്തുരതെന്നും ലതാ മങ്കേഷ്കറിന്റെ ഓഫീസ് അഭ്യർഥിച്ചു. തിങ്കളാഴ്ച പുലർച്ചെ 1.30ന് ഗുരുതരാവസ്ഥയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ലതാ മങ്കേഷ്കറിന് സെപ്റ്റംബർ 28 ന് 90 വയസ്സ് തികഞ്ഞു. ഹിന്ദിയിൽ മാത്രം ആയിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകിയ മങ്കേഷ്കറിന് 2001 ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന അവാർഡ് ലഭിച്ചു.
എം.എസ്. സുബ്ബലക്ഷ്മിക്ക് ശേഷം ഇത് സ്വീകരിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലത. ഫ്രാൻസ് 2007 ൽ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് (ഓഫീസർ ഓഫ് ദി ലെജിയൻ ഓഫ് ഓണർ) അവർക്ക് നൽകി ആദരിച്ചു. പ്രമുഖ ഇന്ത്യൻ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മലയാളത്തിൽ ഒരേയൊരു ഗാനമാണ് പാടിയിട്ടുള്ളത്.