അടിമാലി: അടിമാലിയിൽ ഹണിട്രാപ് മോഡൽ തട്ടിപ്പിൽ വ്യാപാരിയിൽനിന്നു പണം തട്ടിയ സംഘം നിരവധിപേരെ കെണയിലാക്കിയതായി സൂചന. നിരവധി പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയതായിട്ടാണ് വിവരങ്ങൾ പുറത്തുവരുന്നത്.
അടിമാലിയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്ത കേസിൽ അഭിഭാഷകനും ഒരു സ്ത്രീയുമുൾപ്പെടെ നാലു പേരെ ഇന്നലെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് സംഘം പരാതിക്കാരനിൽ നിന്നു പണം തട്ടിയതിനു പുറമെ ഒപ്പിട്ട ചെക്കുകളും മുദ്രപത്രവും കൈക്കലാക്കി.
അടിമാലി കത്തിപ്പാറ സ്വദേശിനി ലതാദേവി(32), അടിമാലി ചാറ്റുപാറ സ്വദേശിയും അഭിഭാഷകനുമായ മറ്റപ്പിള്ളിൽ ബെന്നി മാത്യു(56), അടിമാലി പടികപ്പ് സ്വദേശികളായ ചവറ്റുകുഴിയിൽ ഷൈജൻ (43), മുഹമ്മദെന്നു വിളിക്കുന്ന തട്ടായത്ത് വീട്ടിൽ ഷമീർ (38) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
സ്ഥലക്കച്ചവടമെന്നും മറ്റും പറഞ്ഞ് പുരുഷൻമാരെ സമീപിക്കുകയും അവരോട് അടുത്ത് ഇടപഴകുകയുമാണ് ആദ്യ പടി. ഇതിനിടയിൽ അവരറിയാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെടുക്കും. ആളുമായി ഒപ്പമുണ്ടായിരുന്നു എന്നു സ്ഥാപിക്കാനാണ് ഇങ്ങനെ ദൃശ്യങ്ങൾ പകർത്തുന്നത്.
തുടർന്ന് ഇരയെ സമീപിച്ചു പീഡിപ്പിച്ചെന്നു പരാതി നൽകുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് തന്ത്രം. സാധാരണക്കാർ ഈ ഭീഷണിയിൽ തകരും. പണം കൊടുക്കും. ഇതോടെ ഇവർ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കുകയാണ് രീതി.
അടിമാലി സംഭവവുമായി ബന്ധപ്പെട്ടു പോലീസ് നൽകുന്ന വിവരമിങ്ങനെ: കേസിലെ ഒന്നാംപ്രതിയായ ലതാദേവിയാണ് കഴിഞ്ഞ ജനുവരിയിൽ സ്ഥലക്കച്ചവട ബ്രോക്കറെന്ന നിലയിൽ തട്ടിപ്പുമായി ആദ്യം പരാതിക്കാരനായ വ്യാപാരിയെ സമീപിച്ചത്.
അടുത്ത് ഇടപഴകിയ ലതാദേവി അദ്ദേഹം അറിയാതെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് റിട്ട.ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയ ഒരാൾ പരാതിക്കാരന്റെ ഫോണിൽ വിളിച്ചു ലതാദേവിയെ പീഡിപ്പിച്ചതായി കാണിച്ചു പോലീസിൽ പരാതി നൽകുമെന്നും ഇതൊഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു.
കേസിലെ രണ്ടാം പ്രതിയായ അഡ്വ.ബെന്നി മാത്യുവിന്റെ പക്കൽ പണം ഏൽപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് പരാതിക്കാരനായ വ്യാപാരി എഴുപതിനായിരം രൂപ ബെന്നിമാത്യുവിന്റെ ഓഫീസിൽ എത്തിച്ചു.
പണം കൈപ്പറ്റിയ ഇദ്ദേഹം ഒരു ലക്ഷവും ഒന്നരലക്ഷവും തുക രേഖപ്പെടുത്തിയ രണ്ടു ചെക്കുകൾ പരാതിക്കാരനിൽ നിന്നും ഒപ്പിട്ട് വാങ്ങുകയും ചെയ്തു.
ദിവസങ്ങൾക്കു ശേഷം കേസിലെ നാലാംപ്രതി ഷമീർ പരാതിക്കാരനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൂടി ഒപ്പിട്ട് വാങ്ങി ബെന്നി മാത്യുവിനെ ഏൽപ്പിച്ചു.ഇതിനു പുറമെ കേസിലെ മൂന്നാംപ്രതിയായ ഷൈജൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തി 60,000 രൂപയും തട്ടിയെടുത്തു.
നൽകിയ പണത്തിനു പുറമെ കൂടുതൽ പണമാവശ്യപ്പെട്ട സാഹചര്യത്തിലാണ് തട്ടിപ്പിനിരയായ വ്യാപാരി പോലീസിൽ പരാതി നൽകിയതെന്നാണ് സൂചന.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ നാലംഗസംഘം പിടിയിലാവുകയായിരുന്നു.
പിടിയിലായവരുമായി ബന്ധപ്പെട്ട് മറ്റൊരു പരാതികൂടി അടിമാലി പോലീസിനു ലഭിച്ചതായി സൂചനയുണ്ട്.കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമെ സമാന രീതിയിൽ വേറെയും തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് അടിമാലി സിഐ അനിൽ ജോർജ് പറഞ്ഞു.