“”ബാബാ, എനിക്കും പാടണം”.
ശാസ്ത്രീയ സംഗീതകാരനായ പിതാവിനെ ഒരു കച്ചേരിക്കു ക്ഷണിക്കാൻ വന്നവരുടെ മുന്നിൽവച്ച് ആ ബാലിക പെട്ടെന്നു പറഞ്ഞു.
നീ എന്താണ് പാടുക?- പിതാവിന്റെ ചോദ്യം.
അങ്ങെനിക്ക് ഖംബാവതി രാഗം പഠിപ്പിച്ചിട്ടുണ്ടല്ലോ. ഞാൻ അതു പാടാം. പിന്നെ അങ്ങയുടെ നാടകത്തിൽനിന്നുള്ള ഒരു പാട്ടും- ആ ഒന്പതുവയസുകാരിയുടെ മറുപടിയും പെട്ടെന്നായിരുന്നു.
മകളുടെ ആത്മവിശ്വാസം കണ്ട് പിതാവ് അല്പനേരം അവളെ കൗതുകത്തോടെ നോക്കിയിരുന്നു. എന്നിട്ടു പറഞ്ഞു- ശരി, നീയും പാടിക്കോളൂ!
എന്റെ ഫോട്ടോയെടുക്കൂ…
അന്നുതന്നെ അവൾ ചെറിയ വരകളുള്ള ഒരു വെളുത്ത ഫ്രോക്ക് അണിഞ്ഞ്, മുടി ഒരു വശത്തേക്കു ചീകിയൊതുക്കി വീട്ടിൽനിന്ന് പുറത്തിറങ്ങാൻ ഒരുങ്ങി.
വാതിലിനരികിൽ അവളെ തടഞ്ഞുനിർത്തി അമ്മ ചോദിച്ചു: മോളേ, നീ എങ്ങോട്ടാണു പോകുന്നത്?
ഉത്തരം പറയാൻ നിൽക്കാതെ അവൾ സൂത്രത്തിൽ അവിടെനിന്ന് ഓടി. വീടിനടുത്തുള്ള തെരുവിലെ ഫോട്ടോ സ്റ്റുഡിയോയിലേക്കായിരുന്നു അവളുടെ ഓട്ടം. അവിടെ ചെന്നയുടനെ ഫോട്ടോഗ്രഫറോടു പറഞ്ഞു- എന്റെ ഒരു ഫോട്ടോ എടുക്കൂ.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ ആ ചിത്രവും അച്ഛന്റെ ഫോട്ടോയും ചേർത്ത് പത്രത്തിൽ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു.
അതിൽ ഇപ്രകാരം എഴുതിയിരുന്നു: അച്ഛനും മകളും ചേർന്നുള്ള ശാസ്ത്രീയ സംഗീത പരിപാടി!!
ആ ദിവസം
അങ്ങനെ ആ ദിവസം വന്നെത്തി. മകളാണ് ആദ്യം പാടേണ്ടത്. അവൾ നേരേ ചെന്ന് ഒരു പകപ്പുമില്ലാതെ ഖംബാവതി രാഗം പാടി. പിന്നാലെ അച്ഛന്റെ പാട്ടുകൾ.
അത്രയും ആയപ്പോഴേക്ക് മകൾക്ക് ഉറക്കംവന്നു. സ്റ്റേജിൽ അച്ഛന്റെ മടിയിൽ തലവച്ച് അവൾ ഉറങ്ങിപ്പോകുകയും ചെയ്തു.
കേൾവിക്കാർ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. അച്ഛന്റെയും മകളുടെയും പാട്ടുകൾ അത്രയ്ക്കു സുന്ദരമായതിനാൽത്തന്നെ.
ആ അച്ഛന്റെ പേര് ദീനാനാഥ് മങ്കേഷ്കർ എന്നായിരുന്നു, മകളുടേത് ലതയെന്നും!
പിന്നീട് ലോകമെങ്ങുമെത്തിയ സുന്ദരശ്രുതിയുടെ സ്റ്റേജ് അരങ്ങേറ്റമായിരുന്നു അത്. അത്രയും ചെറിയ പ്രായത്തിൽ അങ്ങനെയൊരു വേദിയിൽ പാടാനായത് തനിക്ക് അളവില്ലാത്ത ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്ന് ലതാ മങ്കേഷ്കർ ഓർമിക്കുന്നു.
തിളക്കം വേണ്ട
ലോകത്തെ വിഖ്യാതമായ വേദികളിൽ, ആർത്തിരന്പുന്ന കേൾവിക്കാർക്കു മുന്നിൽ പാടാനെത്തുന്പോഴും ലതയ്ക്കു ചില നിബന്ധനകളുണ്ടായിരുന്നു.
തനിക്കും, ഒപ്പം പാടുന്നവർക്കും വലിയ തിളക്കമുള്ള വസ്ത്രങ്ങൾ പാടില്ല എന്നതായിരുന്നു അതിൽ പ്രധാനം. വലിയ കമ്മലുകളോ ശ്രദ്ധകവരുന്ന മറ്റ് ആഭരണങ്ങളോ വേണ്ട. അതേക്കുറിച്ച് അവർ ഇങ്ങനെ പറഞ്ഞു:
എനിക്ക് ലാളിത്യമാണ് വേണ്ടിയിരുന്നത്. ഞങ്ങൾ ഗായകരെപ്പോലെയിരിക്കണം, ഗ്ലാമർ താരങ്ങളെപ്പോലെയല്ല. ഗായകർ ലളിതമായി വേദിയിൽ എത്തുന്നതാണ് കാണികൾക്ക് ഇഷ്ടമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഞങ്ങൾ നർത്തകരാണെങ്കിൽ ശരിയാണ്, കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്. പക്ഷേ ഞങ്ങൾ ഗായകരാണല്ലോ, അപ്പോൾ കേൾവിക്കാണ് പ്രാധാന്യം. അതിനുവേണ്ടി ഞങ്ങൾ വൈവിധ്യമുള്ള പാട്ടുകൾ സമ്മാനിക്കും.
ഇഷ്ടമില്ലാത്ത പാട്ടുകൾ!
ആസ്വാദകർ ഇഷ്ടപ്പെടുകയും ലത ഒരിക്കലും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്ത പാട്ടുകളുണ്ടെന്നു കേട്ടാൽ വിശ്വസിക്കുമോ? എന്നാൽ അങ്ങനെയുമുണ്ട്.
ബിന്ദിയാ ചമ്കേഗീ (ചിത്രം: ദോ രസ്തേ) എന്ന പാട്ട് അത്തരമൊന്നാണ്. ഞാൻ ഒരുകാലത്തും, എന്തിന്, റിക്കോർഡിംഗ് സമയത്തുപോലും ഇഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പാട്ടാണത്- ലത പറയുന്നു.
എന്നാൽ ആസ്വാദകർക്കുവേണ്ടി പാടാതിരിക്കാനുമാവില്ല. കിഷോർ കുമാറിനൊപ്പം വേദിയിലെത്തുന്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
പാടേണ്ട എന്നു മുൻകൂട്ടി പറഞ്ഞുറപ്പിച്ച പാട്ടുകൾപോലും ചിലപ്പോൾ പാടേണ്ടിവരും. സംഭവം ഇങ്ങനെയാണ്- വേദിയിലെത്തി കിഷോർ പ്രഖ്യാപിക്കും:
ഇനി നമുക്ക് രണ്ടുപേർക്കും ഇഷ്ടമില്ലാത്ത ഡ്യുവറ്റ് പാടാം. ലത ഒന്നും മിണ്ടാതെ അതേതു പാട്ട് എന്ന ഭാവത്തിൽ നിൽക്കും. ചായ് പേ ബുലായാ ഹേ (ചിത്രം: സൗത്തൻ) എന്ന പാട്ട് കിഷോർ നിർദേശിക്കും. ലതയ്ക്ക് ഇഷ്ടമില്ലാത്തതിനാൽ വേദിയിൽ പാടേണ്ട എന്നു തീരുമാനിച്ചുവച്ച പാട്ടുതന്നെ! കിഷോറിന്റെ കുറുന്പുകളിൽ പെടുന്നതാണ് ഇതും.
ആയേഗാ ആനേവാലാ, കഹീ ദീപ് ജലേ, ആജാ രേ പർദേസി, നേനാ ബർസേ തുടങ്ങിയ പാട്ടുകൾ വേദികളിൽ ലത ആസ്വദിച്ചു പാടിയവയാണ്.
അനിഷ്ടങ്ങൾ വേറെയുമുണ്ട് ലതയ്ക്ക്. അതിലൊന്നാണ് ലഹരിയുടെ സാന്നിധ്യമുള്ള ആഘോഷങ്ങൾ. 1975ൽ അമേരിക്കയിൽ സംഘടിപ്പിച്ച സംഗീതപരിപാടികൾക്കുശേഷം നടന്ന ഒരു വിരുന്ന് ലത ഓർമിച്ചിട്ടുണ്ട്.
ന്യൂയോർക്കിലെ പ്രശസ്തമായ ഒരു ഇന്ത്യൻ റസ്റ്ററന്റിലായിരുന്നു ആ വിരുന്ന്. വിഖ്യാത നായകൻ രാജ് കപൂറും അന്നവിടെയുണ്ട്. എത്തിയപാടെ അദ്ദേഹം പ്രഖ്യാപിച്ചു- ഷാംപെയ്ൻ പൊട്ടിക്കൂ!
ഉടനെ ഷാംപെയ്ൻ കുപ്പികൾ തുറക്കപ്പെട്ടു. എല്ലാവർക്കും ഓരോ ചഷകം നീട്ടി. ലത വളരെയേറെ അസ്വസ്ഥയായി. രാജ് കപൂർ അതു മനസിലാക്കുകയും ചെയ്തു.
അമേരിക്കയിൽ താമസിക്കുന്ന ഒരു കൂട്ടുകാരിയും ലതയ്ക്കൊപ്പം വിരുന്നിനുണ്ടായിരുന്നു. നീ വേണമെങ്കിൽ കുടിച്ചോളൂ, എനിക്കുവേണ്ട എന്നായി ലത.
അവരും വല്ലാത്ത ആശങ്കയിലായി. അയ്യോ വേണ്ട, വേണ്ട എന്ന് അവരും പറഞ്ഞു. ഉടനെ രാജ് കപൂർ ഇടപെട്ട് പറഞ്ഞു- എല്ലാവരും ലതയെ പേടിച്ച് ഇരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇനി ആരും ഷാംപെയ്ൻ കുടിക്കുന്നില്ല!!
എനിക്ക് ഉള്ളിൽ ചിരിവന്നു, പക്ഷേ ഒരക്ഷരം മിണ്ടിയില്ല- ലത ഓർമിക്കുന്നു.
സംഗീതമേ ജീവിതം എന്നുറപ്പിച്ച അവർക്ക് അതല്ലാതെ വേറെന്തു ലഹരി! എന്താഘോഷം!!
ഹരിപ്രസാദ്