പെട്രോൾ പമ്പ് ജീവനക്കാരന്റെ എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തെ പോലീസ് പിടികൂടിയത് സംഭവം നടന്നു രണ്ടാഴ്ചക്കകം.
വേറിട്ട അന്വേഷണ മികവാണ് കണ്ണൂർ ജില്ലയിലെ കണ്ണവം പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പെട്രോൾ പമ്പിലെ മുൻ ജീവനക്കാരൻ ഉൾപ്പെടെയുള്ള പ്രതികളെ വലയിലാക്കിയത്.
സംഭവം ഇങ്ങനെ
2021 ജൂൺ 23ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. കണ്ണൂരിലെ ചെറുവാഞ്ചേരിയിലെ വെൽകെയർ ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിലെ മാനേജർ കണ്ണവം സ്വദേശി സ്വരാജി(26)ൽ നിന്നുമാണ് രണ്ടംഗസംഘം പണം തട്ടിപ്പറിച്ചത്. കേരള ഗ്രാമീൺ ബാങ്കിൽ അടയ്ക്കാനായി 7,90,000 രൂപയുമായി ബാങ്കിന്റെ സ്റ്റെപ്പുകൾ കയറുന്നതിനിടെയായിരുന്നു സ്വരാജിനു നേരെ ആക്രമണം നടന്നത്.
ലുങ്കിയും ഹെൽമറ്റും മാസ്കും റെയിൻ കോട്ടും ധരിച്ചെത്തിയ ആൾ സ്വരാജിന്റെ മുഖത്തു മുളക് പൊടി വിതറി. തുടർന്നു കത്തികൊണ്ട് ആക്രമിച്ചു ചുമലിലൂടെ ഇട്ടിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഒാടുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ റോഡിൽ സ്കൂട്ടറിൽ കാത്തുനിന്ന മറ്റൊരാളോടൊപ്പം കൂത്തുപറമ്പ് ഭാഗത്തേക്കു കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവസ്ഥലത്തുനിന്നു ക്വാറി ഉടമയായ പെട്രോൾ പമ്പ് ഉടമയ്ക്കെതിരെയുള്ള ഒരു ഭീഷണിക്കത്തും ലഭിച്ചു.
കത്തിനു പിന്നിലെ തന്ത്രം
സംഭവം നടന്ന ഉടൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ, പോലീസ് ഇൻസ്പെക്ടർ കെ.സുധീർ, എസ്ഐ അനീഷ് വടക്കേടത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
പിറ്റേന്നു ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു തെളിവെടുത്തു. സംഭവ സ്ഥലത്തുനിന്നു പോലീസ് കണ്ടെത്തിയ ഭീഷണിക്കത്ത് അന്വേഷണത്തെ വഴിതിരിച്ചുവിടാനാണെന്നു പോലീസ് ആദ്യമേ കണക്കുകൂട്ടിയിരുന്നു.
പമ്പ് ഉടമയ്ക്കു സ്വന്തമായി ക്വാറികൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഭവത്തിനു കാരണമെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ക്വാറി തൊഴിലാളികളുടേതിനു സമാനമായി വസ്ത്രധാരണം ചെയ്തെത്തിയ പ്രതികളുടെ ശ്രമമെന്നും പോലീസ് വിലയിരുത്തി. ഇതിൽനിന്നു പ്രാദേശികമായി നല്ല ബന്ധങ്ങളുള്ളവരാണ് പ്രതികളെന്നും പോലീസ് മനസിലാക്കി. ഇതിന്റെ ചുവടു പിടിച്ചായിരുന്നു അന്വേഷണം.
ദൃശ്യങ്ങളിൽ കണ്ടത്
കവർച്ച നടന്നതിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണോയെന്നു പോലീസ് പരിശോധിച്ചു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി കാമറയിൽനിന്നു കവർച്ചാ സംഘം സ്കൂട്ടറിൽ രക്ഷപ്പെടുന്ന ദൃശ്യം കണ്ടെത്തി.
തുടർന്നു കവർച്ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സ്കൂട്ടറിൽ പതിച്ച ഹോണ്ട എന്ന സ്റ്റിക്കർ പ്രതികൾ മറച്ചിരുന്നതായി കണ്ടെത്തി.
ഇതു പോലീസിന്റെ ശ്രദ്ധയിൽ പെട്ടതോടെ ഈ വാഹനം കേന്ദ്രീകരിച്ചായി അന്വേഷണം. തുടർന്നു ദിവസങ്ങൾക്കകം ഈ സ്കൂട്ടർ കണ്ടെത്തി.
(തുടരും).