പറവൂർ: വീടിനുള്ളിൽനിന്നു മക്കളെ പുറത്തിറക്കാതെ പത്തുവർഷത്തോളമായി പൂട്ടിയിട്ട് വളർത്തിയിരുന്ന മാതാപിതാക്കൾക്കെതിരേ പോലീസ് കേസെടുക്കും. ഇവർക്കെതിരേ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായി ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറി എ.എം. ബഷീർ വ്യക്തമാക്കി.
സ്വീകരിക്കേണ്ട കൂടുതൽ നിയമനടപടികളെക്കുറിച്ച് ജില്ലാ കളക്ടറുമായി ആലോചിക്കുമെന്നും കുടുംബനാഥന് മാനസികരോഗം ഉണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിലാണു കുട്ടികളെ ഇവർ വളർത്തിയിരുന്നത്. കുട്ടികൾക്കു ഭക്ഷണം കൊടുക്കുമെങ്കിലും വീടിനു പുറത്ത് ഇറക്കുമായിരുന്നില്ല.
തത്തപ്പിള്ളി പ്ലാച്ചോട്ടിൽ അബ്ദുൾ ലത്തീഫ് (47), ഭാര്യ രേഖ (40) എന്നിവരാണു 12, ഒൻപത്, ആറ് വയസായ മൂന്നു മക്കളെ വീടിനുള്ളിൽ പാർപ്പിച്ചിരുന്നത്. ഇവർ രാത്രിയിൽപോലും വീടിനുള്ളിൽ ലൈറ്റ് തെളിച്ചിരുന്നില്ല. ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവർക്കെതിരേ അയൽവാസികളാണ് ചൈൽഡ് ലൈൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് ലീഗൽ അതോറിട്ടിക്കും ജില്ലാ ശിശു സംരക്ഷണ യൂണീറ്റിനും പരാതികൊടുത്തത്.
ഇതേത്തുടർന്ന് അതോറിട്ടി അധികൃതരും പോലീസും ശിശുസംരക്ഷണ അതോറിട്ടിയും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീട് തുറക്കാൻ ഇവർ തയ്യാറായിരുന്നില്ല. തുടർന്നു വാതിൽപൂട്ട് പൊളിക്കുമെന്നു പറഞ്ഞപ്പോഴാണു ലത്തീഫ് പുറത്തുവന്നത്.
മൂന്ന് ആണ് കുട്ടികളും ഭാര്യയും ഒരുമിച്ചാണു താമസിച്ചിരുന്നത്. കുട്ടികൾക്കു പുറത്തിറങ്ങുന്നതിനു വിലക്കുണ്ടായിരുന്നു. മാതാപിതാക്കൾ പുറത്തിറങ്ങുന്പോൾ വാതിൽ പൂട്ടിയായിരുന്നു പോയിരുന്നത്. മൂന്നു കുട്ടികളെയും സ്കൂളിൽ അയച്ചിരുന്നില്ല.
മറ്റ് കുട്ടികളുമായി സന്പർക്കംവന്നാൽ തങ്ങളുടെ മക്കൾ മോശമാകുമെന്നാണു ലത്തീഫിന്റെ നിഗമനം. തനിക്കു ദിവ്യത്വം ലഭിച്ചിട്ടുണ്ടെന്നും മക്ക സന്ദർശിക്കുന്നതിനു പകരം തങ്ങളുടെ വീട്ടിൽ വന്നാൽ മതിയെന്നുമാണു ലത്തീഫ് പറയുന്നത്.
വീടിന്റെ മുകളിൽ പി.എം. മുഹമദാലി ഫൗണ്ടേഷൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് ആന്റ് സോഷ്യൽ ജസ്റ്റിസ് എന്ന ബോർഡ് വച്ചിട്ടുണ്ട്. ഏതാനുംനാൾമുന്പ് പോലീസെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ സമ്മതിച്ചിരുന്നില്ല. ഇതേത്തുടർന്നാണു ലീഗൽ അതോറിറ്റി സംഭവം റിപ്പോർട്ട് ചെയ്തു പരിശോധനയ്ക്കെത്തിയത്.