വടകര: വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയില്‍ കഴിയുന്ന യുവാവിനെ വടകര എസ്ഐ മര്‍ദിച്ചതായി പരാതി. മണിയൂര്‍ മന്തരത്തൂര്‍ മവ്വയില് താഴക്കുനി ലത്തീഫാണ് (38) എസ്ഐ ഷറഫുദീനെതിരെ റൂറല്‍ എസ്പിക്കു പരാതി നല്‍കിയിരിക്കുന്നത്.
എസ്ഐ ആവശ്യപ്പെട്ടതു പ്രകാരം പോലീസ് സ്റ്റേഷനില്‍ എത്തിയ ലത്തീഫിനെ തിങ്കളാഴ്ച രാവിലെ 11 മുതല്‍ രാത്രി 10 വരെ തടങ്കലില്‍ വെക്കുകയും കുടിവെള്ളം പോലും നല്‍കാതിരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഗുളിക കഴിക്കാനനുവദിക്കാതെ എസ്ഐ മര്‍ദ്ദിക്കുകയും ചെയ്തു.
മൊബൈല്‍ ഫോണ്‍ എസ്ഐ പിടിച്ചുവെച്ചിരിക്കുകയാണ്. പശുവിനെ വിറ്റ വകയിലുള്ള കാശ് ലഭിച്ചില്ലെന്ന വെള്ളൂക്കര സ്വദേശിയുടെ പരാതിയിലാണ് ലത്തീഫിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വെള്ളൂക്കരക്കാരനും കുറുന്തോടി സ്വദേശിയും തമ്മിലുള്ള പശുക്കച്ചവടത്തില്‍ ലത്തീഫാണ് ഇടനിലക്കാരനായി നിന്നത്.
മര്‍ദിക്കരുതെന്നും വൃക്കരോഗിയാണെന്നും അറിയിച്ചിട്ടും എസ്ഐ പിന്മാറിയില്ലെന്നു പറയുന്നു. തെറി വിളിക്കുകയും മുടി കൂട്ടിപ്പിടിച്ച് കുനിച്ച് നിര്‍ത്തി പുറത്തടിക്കുകയും ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു. ചൊവാഴ്ച രാവിലെ ഉറങ്ങി എഴുന്നേല്ക്കാന് കഴിയാത്തതിനാല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് എസ്പിക്കു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.