പയ്യോളി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലിൽ വിദേശത്തുള്ള പയ്യോളി സ്വദേശിയുടെ ജയിൽ മോചനത്തിന് വഴി തെളിയുന്നു. കീഴൂർ നെയ്യറാണിക്കൽ അബ്ദുൾ ലത്തീഫ് (45) ന്റെ മോചനത്തിന് വേണ്ടിയാണ് ബന്ധുക്കൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സഹായം തേടിയത്.
കഴിഞ്ഞ ദിവസം ആലുവ ഗസ്റ്റ് ഹൗസിൽ വച്ചാണ് ലത്തീഫിന്റെ ഭാര്യാ പിതാവ് പയ്യോളി മൂന്നുകുണ്ടം ചാലിൽ മൊയ്തുവും മറ്റു ബന്ധുക്കളും മന്ത്രിയെ കണ്ടത്. മോചനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു തരാമെന്ന് മന്ത്രി പറഞ്ഞതായി ഇവർ അറിയിച്ചു.
സാമ്പത്തിക കുറ്റംചുമത്തി ഒന്നര വർഷത്തോളമായി ബഹറിനിലെ ജയിലിൽ കഴിയുകയാണ് ലത്തീഫ്. ഓരോ കേസുകളും പരിഹരിച്ച് വരുമ്പോഴേക്കും പുതിയ കേസുകൾ ഉണ്ടാവുന്നതാണ് മോചനത്തിനു തടസ്സമാകുന്നത്. പ്രാദേശിക ബിജെപി നേതാക്കൾ വീട്ടിലെത്തി മൊയ്തുവുമായി സംസാരിച്ചു.
ബിജെപി നേതാക്കളായ കെ.പി.റാണാപ്രതാപ്, നഗരസഭാ സെക്രട്ടറി വിപി സതീശന് , യൂണിറ്റ് പ്രസിഡന്റ് ടി.പി. വൈശാഖ്, വി.വിനായക്, ടി.പി. ശ്രീജിത്ത് എന്നിവരാണ് സന്ദർശനം നടത്തിയത്.