ആലപ്പുഴ :- സമരക്കാരെ നേരിടുമ്പോൾ മതിയായ സംയമനം പാലിക്കണമെന്ന് ജില്ലയിലെ പോലീസുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയത്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസുദ്യോഗസ്ഥർ നിഷ്ഠൂരമായി പെരുമാറിയെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മീഷൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2020 സെപ്റ്റംബർ 18 നാണ് സംഭവം നടന്നത്. പോലീസ് നിയമപരമായി മതിയായ ബലപ്രയോഗത്തിലൂടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
80 ഓളം വരുന്ന പോലീസ് സംഘമാണ് സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. ബലപ്രയോഗം നടന്നതായുള്ള ആക്ഷേപം തെറ്റാണെന്നും റിപ്പോർട്ടിലുണ്ട്..
എന്നാൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള സമരക്കാരെ പോലീസ് നിഷ്ഠൂരമായി നേരിട്ടതായി പരാതിക്കാരൻ ആക്ഷേപം സമർപ്പിച്ചു.
പോലീസിന്റെ ഭാഗത്ത് നിന്ന് ബലപ്രയോഗമുണ്ടായതായി കമ്മീഷൻ നിരീക്ഷിച്ചു. എന്നാൽ കോവിഡ് മഹാമാരിയുടെ സമയത്ത് ഇത്തരം ഒരു ബലപ്രയോഗമുണ്ടായെങ്കിൽ അത് സ്വഭാവികമാണെന്ന് കമ്മീഷൻ വിലയിരുത്തി.
എന്നിരുന്നാലും മേലിൽ ഇത്തരം സന്ദർഭങ്ങളിൽ പോലീസ് സംയമനം പാലിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ജോൺസൻ ഏബ്രഹാം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.