കൊല്ലങ്കോട്: ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെ വീടും എരിഞ്ഞമർന്നത് വീട്ടുകാർക്കും നാട്ടുകാർക്കും നൊന്പരക്കടലായി. എലവഞ്ചേരി കുന്പളക്കോട് ലതികയുടെ ഭർത്താവ് മോഹനനാണ് ഇക്കഴിഞ്ഞദിവസം ജീവനൊടുക്കിയത്.
ലതികയും പന്ത്രണ്ടുകാരനായ മകൻ മിഥുനും മോഹനന്റെ വേർപാട് ഉൾകൊള്ളാനാവാതെ വിഷമഘട്ടത്തിൽ നില്ക്കുന്പോഴാണ് ഇടിത്തീപോലെ വീടും കത്തിനശിച്ചത്. ഓലപ്പുരയിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും രേഖകളും പൂർണമായി കത്തിനശിച്ചു.
സംഭവസമയത്തു ലതികയും മകനും മോഹനന്റെ സഹോദരന്റെ വീട്ടിലായിരുന്നതിനാൽ അനിഷ്ടസംഭവങ്ങളൊഴിവായി. ഭർത്താവും വീടും അടുത്തടുത്തദിവസങ്ങളിൽ ഇല്ലാതായ സംഭവം സ്ഥലവാസികളെയും കണ്ണീരിലാക്കിയിരിക്കുകയാണ്.