തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ലതിക സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിലെ തർക്കങ്ങൾ ഒഴിവാക്കാനാണ് ഏറ്റുമാനൂർ മണ്ഡലം കേരള കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ട് ഇതു സംബന്ധിച്ച് പ്രഖ്യാപമുണ്ടായേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി അഭിപ്രായ സ്വരൂപീകരണത്തിന് തന്നോട് അടുപ്പമുള്ള പാർട്ടി പ്രവർത്തകരുടെ യോഗം ലതിക വിളിച്ചിട്ടുണ്ട്.
നേരത്തെ, സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലതിക സുഭാഷ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് സീറ്റ് ലഭിക്കാതിരിക്കാൻ ആരോ പിന്നിൽ നിന്ന് കളിച്ചുവെന്നതുൾപ്പെടെയുള്ള കടുത്ത ആരോപണങ്ങളാണ് ലതിക ഉന്നയിച്ചത്.
ഇതിനൊപ്പം കെപിസിസി ആസ്ഥാനത്തിന് മുന്നിൽ വച്ച് തല മുണ്ഡനം ചെയ്ത് അവർ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.