കടുത്തുരുത്തി: ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നു കെപിസിസി ജനറൽ സെക്രട്ടറി ലതികാ സുഭാഷ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിക്ഷേധിച്ചു ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെറ്റിഎഫ്) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
മോഹന വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്നീട് പാവപെട്ട ജനങ്ങളെ മറക്കുകയായിരുന്നുവെന്ന് ലതികാ സുഭാഷ് പറഞ്ഞു. മാർക്കറ്റ് ജംഗ്ഷനിലെ ഓപ്പണ്‍ സ്റ്റേജിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി. ജ്ഞാനസുന്ദരം അധ്യക്ഷത വഹിച്ചു.
നിർത്തിവച്ചിരിക്കുന്ന വിവിധ ക്ഷേമപെൻഷനുകളുടെ കുടിശിക കൊടുത്തു തീർക്കുക, മുൻസർക്കാരിന്റെ ക്ഷേമപെൻഷനുകൾ തുടരുക, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയുക, റേഷൻസംവിധാനം പൂർവസ്ഥിതിയിലാക്കുക, ഭക്ഷ്യ സബ്സിഡിയുടെ മുൻഗണനാക്രമം കുറ്റമറ്റതാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.