ന്യൂഡൽഹി: ഗ്രൂപ്പ് വടംവലിക്കൊടുവിൽ ലതിക സുഭാഷിനു നറുക്കുവീണു. പുതിയ മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതിക സുഭാഷിനെ തെരഞ്ഞെടുത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ലതിക സുഭാഷിനു ചുമതല നൽകിയത്. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ലതിക സുഭാഷ്.
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അഞ്ചു പേരിൽനിന്നാണ് ഐ ഗ്രൂപ്പിന്റെ ഭാഗമായ ലതികയെ അധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. ലതികയെക്കൂടാതെ അഡ്വ. ഫാത്തിമ റോഷൻ (മലപ്പുറം), എറണാകുളം ജില്ലപഞ്ചായത്ത് പ്രസിഡൻറ് ആശാ സനിൽ, എറണാകുളം ഡിസിസി സെക്രട്ടറി ദീപ്തി മേരി വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ (കോഴിക്കോട്) എന്നിവരെയാണ് അഭിമുഖത്തിനായി ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത്.
സാധാരണഗതിയിൽ സംസ്ഥാന മഹിളകോൺഗ്രസ് അധ്യക്ഷയെ നേതൃത്വവുമായി കൂടിയാലോചിച്ച് ദേശീയ മഹിള കോൺഗ്രസ് അധ്യക്ഷ പ്രഖ്യാപിക്കാറാണ് പതിവ്. എന്നാൽ എ, ഐ ഗ്രൂപ്പുകളുടെ വടംവലിക്കിടയിൽ ഗ്രൂപ്പടിസ്ഥാനത്തിൽ സംസ്ഥാന അധ്യക്ഷയെ തെരഞ്ഞെടുക്കുന്നതിലുള്ള പ്രയാസം വ്യക്തമാക്കി ദേശീയ മഹിള കോൺഗ്രസ് അധ്യക്ഷ സുസ്മിതദേവി സെൻ തീരുമാനം രാഹുൽ ഗാന്ധിക്ക് വിടുകയായിരുന്നു. തീരുമാനം പൂർണമായും രാഹുലിന് വിട്ടുകൊടുത്ത സുസ്മിത അഞ്ചു പേരുമായുള്ള അഭിമുഖത്തിലും പങ്കെടുത്തില്ല.