കോട്ടയം: ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുമെന്ന് സർക്കാർ പ്രഖ്യാപിച്ച സഹായ ഹസ്തം വായ്പാ പദ്ധതി മാനദണ്ഡങ്ങൾ ലഘൂകരിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല തെളിച്ചു.
ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് കുടുംബശ്രീ വഴി 2000 കോടി രൂപാ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയിൽ കർശനമായ വായ്പാ വ്യവസ്ഥകളും നിബന്ധനകളും ഉൾപ്പെടുത്തിയതിനാൽ എത്ര പേർക്ക് ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ലതികാ സുഭാഷ് ആവശ്യപ്പെട്ടു.
സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് വായ്പ ലഭ്യമാക്കുന്നതിന് പദ്ധതിയിലെ നിബന്ധനകളും വ്യവസ്ഥകളും ലഘൂകരിക്കുന്നതിന് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ലതികാ സുഭാഷ് ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മഹിളാ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ഭവനങ്ങളിൽ ദീപം തെളിച്ചാണ് പ്രതിഷേധിച്ചത്.
സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ സുധാ കുര്യൻ, ആശാ സനൽ, രാജലക്ഷമി, ട്രഷറർ ലീലമ്മ ജോസ്, ജനറൽ സെക്രട്ടറിമാരായ അഡ്വ. യു.വഹീദ, ശ്രീകുമാരി രാമചന്ദ്രൻ , മാലിനി കുപ്പ്, ലാലി ജോണ്‍, ബീന രവിശങ്കർ തുടങ്ങിയവരെ കൂടാതെ ജില്ലാ പ്രസിഡന്റുമാരും മറ്റു നേതാക്കളും അവരവരുടെ ഭവനങ്ങളിൽ ജാല തെളിയിച്ച് പ്രതിഷേധിച്ചു.