കോട്ടയം: മഹിളാ കോണ്‍ഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പിൽ 20 ശതമാനം സീറ്റുകൾ നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്. കോണ്‍ഗ്രസ് സംസ്ഥാനത്ത് 70 സീറ്റുകളിൽ മത്സരിച്ചാൽ 15 സീറ്റുകൾ വനിതകൾക്ക് വേണം. അതായത് ഒരു ജില്ലയിൽ ശരാശരി ഒരു സീറ്റ് വനിതയ്ക്ക്.
മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഏറ്റുമാനൂരിൽ മത്സരിക്കാനാണ് സാധ്യത. ഇക്കുറി കോണ്‍ഗ്രസ് വനിതാ സ്ഥാനാർഥി ലിസ്റ്റിൽ ഒന്നാമത് പരിഗണന ലഭിക്കാവുന്ന നേതാവാണ് ഏറ്റുമാനൂർക്കാരിയായ ലതിക.
2011ൽ മലന്പുഴയിലെ ഇടതുകോട്ടയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിക്കാൻ കോണ്‍ഗ്രസ് നിയോഗിച്ചപ്പോൾ തോൽക്കുമെന്ന ഉറപ്പോടെ വെല്ലുവിളി ഏറ്റെടുത്തയാളാണ് ലതിക. സിപിഎമ്മിന് എക്കാലവും ആധിപത്യമുള്ള മലന്പുഴയിൽ വിഎസ് 77,752 വോട്ടു പിടിച്ചപ്പോൾ കോട്ടയത്തുനിന്നു പാലക്കാട്ടെത്തിയ ലതിക 54,312 വോട്ടുകൾ നേടി.
വിഎസിന്റെ വിജയം 23,440 വോട്ടുകൾക്കായിരുന്നെങ്കിലും നിരാശപ്പെടാതെ ലതിക സംസ്ഥാന തലത്തിൽ പാർട്ടിയുടെ നേതൃനിരയിൽ സജീവമായി.
ഏറ്റുമാനൂരിൽ ലതിക
ജില്ലയിൽ കോണ്‍ഗ്രസ് കണ്ടുവെച്ചിരിക്കുന്ന ഏറ്റുമാനൂർ സീറ്റിൽ ഒന്നാം പരിഗണനയാണ് ലതികയ്ക്ക്. മൂന്നു തവണ ഏറ്റുമാനൂരിൽനിന്ന് ജില്ലാ പഞ്ചായത്തംഗവും ഒരു തവണ പ്രസിഡന്റുമായിരുന്നു.
അതേസമയം കാൽ നൂറ്റാണ്ടിലേറെയായി കേരള കോണ്‍ഗ്രസ്- എം മത്സരിക്കുന്ന ഏറ്റുമാനൂർ കോണ്‍ഗ്രസിനു കൈമാറുന്ന സാഹചര്യമില്ലെന്ന ഉറച്ചനിലപാടിലാണു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.
യുഡിഎഫ് മുന്നണി സംവിധാനത്തിൽ മുൻപ് കേരള കോണ്‍ഗ്രസ് കാലങ്ങളായി മത്സരിച്ചുപോരുന്ന നിയമസഭാ സീറ്റുകളിൽ ഒന്നും വിട്ടുകൊടുക്കാനാവില്ലെന്നതാണ് ജോസഫ് വിഭാഗം സ്വീകരിച്ചിരിക്കുന്ന നിലപാട്.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും സിപിഎമ്മിലെ സുരേഷ് കുറുപ്പ് വിജയിച്ച ഏറ്റുമാനൂരിൽ തുടർന്നും സിപിഎം മത്സരിക്കും. സുരേഷ് കുറുപ്പിനു പകരം വി.എൻ. വാസവൻ ഏറ്റുമാനൂരിൽ സ്ഥാനാർഥിയാകുമെന്നും സുരേഷ് കുറുപ്പ് കോട്ടയത്തേക്കു മാറുമെന്നും രാഷ്്ട്രീയ വർത്തമാനമുണ്ട്.
പി.ആർ സോനയും കളത്തിൽജില്ലയിൽ വനിതകൾ മത്സരിക്കുന്ന സീറ്റാണ് വൈക്കത്തെ സംവരണ സീറ്റ്. സിറ്റിംഗ് എംഎൽഎ സിപിഐയിലെ സി.കെ. ആശയും കോണ്‍ഗ്രസിൽ ഡോ. പി.ആർ. സോനയും കളത്തിലെത്താനാണ് സാധ്യത തെളിയുന്നത്.
2016ൽ സി.കെ. ആശ വൈക്കത്ത് കോണ്‍ഗ്രസിലെ സനീഷ്കുമാറിനെ 24,584 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. മുൻ കോട്ടയം നഗരസഭാധ്യക്ഷയും നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമാണ് പി.ആർ. സോന.
വൈക്കം സീറ്റിൽ യുഡിഎഫിലെ ഒന്നാം പരിഗണന കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിയായ സോനയ്ക്കു തന്നെയാണ്. നിലവിൽ എ ഗ്രൂപ്പിന്റെ കൈവശമിരിക്കുന്ന സീറ്റാണ് വൈക്കം. സീറ്റ് ഐ ഗ്രൂപ്പിനു കൈമാറിയാൽ മാത്രമേ സോനയുടെ സ്ഥാനാർഥിത്വം ഉറപ്പിക്കാനാകൂവെന്ന് പറയുന്നവരുമുണ്ട്.