കോട്ടയം: മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നിട്ടും പ്രതീക്ഷ വെച്ചിരുന്ന ഏറ്റുമാനൂരിൽ സാധ്യത മങ്ങിയതോടെ ലതികാ സുഭാഷിനു സീറ്റ് എവിടെ എന്ന ചോദ്യം ശക്തമാകുന്നു.
വീതംവെപ്പും വെട്ടിനിരത്തലും കഴിഞ്ഞപ്പോൾ ലതികാ സുഭാഷിന്റെ കാര്യം കോണ്ഗ്രസ് നേതൃത്വം തിരസ്കരിച്ചതിൽ പ്രതിഷേധം.
ഏറ്റുമാനൂർ നഷ്ടപ്പെട്ടെങ്കിലും കാഞ്ഞിരപ്പള്ളിയിലോ ചെങ്ങന്നൂരിലോ പരിഗണിച്ചേക്കുമെന്നു ചർച്ചയുണ്ടായെങ്കിലും സ്ഥിരീകരണമില്ല.
മഹിളാ കോണ്ഗ്രസ് അധ്യക്ഷയെന്ന നിലയിൽ വിജയസാധ്യതയുള്ള സീറ്റ് ലതികയ്ക്ക് നൽകണമെന്ന് പൊതുതാൽപര്യം മുൻനിറുത്തി നേതൃത്വം പുതിയ സാധ്യതകൾ തേടുന്നുണ്ട്.
ഏറ്റുമാനൂർ നൽകണമെന്ന താൽപര്യവുമായി ഇന്നലെ ലതിക കെപിസിസി നേതൃത്വത്തെ സമീപിച്ചു. സംസ്ഥാനത്ത് 20 ശതമാനം സീറ്റുകളാണ് വനിതകൾക്കുവേണ്ടി മഹിളാ കോണ്ഗ്രസ് ആവശ്യപ്പെട്ടിരുന്നത്.
ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, പി.കെ. ജയലക്ഷ്മി, ഡോ. പി.ആർ. സോന ഉൾപ്പെടെ 21 പേരുകൾക്ക് പുറമേ വ്യത്യസ്ത മേഖലയിലുള്ള 27 പേരടങ്ങുന്ന രണ്ടാം പട്ടികയും മഹിളാ കോണ്ഗ്രസ് കെപിസിസിക്കു നൽകിയിരുന്നു.
വിജയ സാധ്യതയുള്ള മഹിളാ കോണ്ഗ്രസ് പ്രസിഡന്റിന് പോലും സീറ്റു നൽകാത്ത വീതംവയ്പ്പാണ് കോണ്ഗ്രസ് നേതൃത്വം നടത്തുന്നതെന്നും ആക്ഷേപം ഉയർന്നു കഴിഞ്ഞു.
മുന്പ് 2011-ൽ മലന്പുഴയിൽ വി.എസ്. അച്യുതാനന്ദനു എതിരെ ലതിക മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.