തിരുവനന്തപുരം: താൻ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ പോലും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടാക്കിയില്ലെന്ന് രാജിവച്ച മഹിള കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്.
കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും കോൺഗ്രസ് ഇനി സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നും ലതിക സുഭാഷ് മാധ്യമങ്ങളോടു പറഞ്ഞു. തനിക്ക് സീറ്റ് നിഷേധിച്ചത് ആരാണെന്ന് അറിയില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.
ഏറ്റുമാനൂർ സീറ്റ് തനിക്ക് നൽകുമെന്ന് പ്രതീക്ഷിരുന്നുവെന്ന് ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ ലഭിച്ചില്ലെങ്കിൽ വൈപ്പിനിൽ മത്സരിക്കാനും തയ്യാറായിരുന്നു. ആരുടെ പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരിൽ സ്വതന്ത്രയായി വിജയിക്കാൻ കഴിയുമെന്നും മുൻപും ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു.