ഏറ്റുമാനൂർ: ഒരു മുന്നണികളുടെയും പിന്തുണയില്ലാതെ മത്സരിക്കുന്ന ലതികാ സുഭാഷ് വിജയ പ്രതീക്ഷയിലാണ്. സീറ്റ് വിഭജനത്തിനൊടുവിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ മുടിമുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച് കോണ്ഗ്രസ് വിട്ട മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് പ്രചാരണ രംഗത്ത് മൂന്നു മുന്നണികൾക്കും ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.
ഹൃദയമുള്ള മനുഷ്യർ എല്ലാ മുന്നണിയിലുമുണ്ട്. അവരെന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണങ്ങളെല്ലാം ഇലക്ഷൻ സമയത്തുള്ളതാണെന്നും ലതിക ആരോപിച്ചു.
ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉൾപ്പെടെ ഏറ്റുമാനൂരിന്റെ വികസനത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കും. പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കും.
അതിരന്പുഴയേയും പടിഞ്ഞാറൻ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് ടൂറിസം പദ്ധതികൾ വികസിപ്പിക്കും.മുന്പ് പല മുന്നണികളുടെയും ഭരണകാലത്ത് തുടങ്ങിവെച്ചതും മുടങ്ങികിടക്കുന്നതുമായ പദ്ധതികൾ പൂർത്തിയാക്കാനുള്ള ശ്രമമായിരിക്കും ആദ്യം നടത്തുക.
ഇങ്ങനെ നീളുന്നു ലതികയുടെ വാഗ്ദാനങ്ങൾ. മുന്നണി സ്ഥാനാർഥികളെയെല്ലാം പരാജയപ്പെടുത്തി ഏറ്റുമാനൂരിലെ ചരിത്രത്തിൽ ഇടംപിടിച്ച ജോർജ് ജോസഫ് പൊടിപാറയുടെ പിൻഗാമിയായി ലതിക മാറുമോയെന്നാണ് ഇനി കണ്ടറിയേ ണ്ടത്.