കോട്ടയം: നാലു പതിറ്റാണ്ടായി കോണ്‍ഗ്രസിനുവേണ്ടി അധ്വാനിക്കുന്നു. പാർട്ടിക്കുവേണ്ടി നടത്തിയ ഓട്ടത്തിൽ അരക്കോടി രൂപയോളം കടബാധ്യതയുണ്ട്.
ജീവിതത്തിൽ അപമാനിതയായതല്ലാതെ നേട്ടങ്ങളുണ്ടായിട്ടില്ല. സ്ത്രീ എന്ന നിലയിൽ ആഡംബരമോ ആർഭാടമോ ഇല്ലാത്ത ജീവിതമായിരുന്നു.
നല്ല ഒരു സാരി പോലും ഉടക്കാനില്ലാതെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ അധ്വാനിച്ചു.
മലന്പുഴയിൽ ആരും മത്സരിക്കാനില്ലാതെ വന്നപ്പോൾ അവിടെ മത്സരിക്കാനും തയാറായി അപമാനം കേൾക്കാൻ വിധിക്കപ്പെട്ടു.
എന്നോടു ചെയ്ത നീതികേടിൽ വേദനയുണ്ട്-രാജിവച്ച മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഇന്നലെ പ്രതികരിച്ചു.
എന്റെ പ്രസ്ഥാനത്തോട് ഇഷ്ടമില്ലാത്തതുകൊണ്ടല്ല. ശരീരത്തിൽ പഴുത്ത വ്രണം ഞെക്കിക്കളയുന്പോൾ വേദനയുണ്ടാകും പക്ഷേ അത് പുറത്തുപോയില്ലെങ്കിൽ അതീവ ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കും.
ഒരു സ്ത്രീക്ക് പൊതുരംഗത്ത് പ്രവർത്തിക്കാൻ പുരുഷനേക്കാൾ ബുദ്ധിമുട്ടാണെന്നും ലതിക പറഞ്ഞു.
ഏറ്റുമാനൂരിലെ ജനങ്ങൾ കൈ അടയാളത്തിൽ വോട്ട് ചെയ്യാൻ വേണ്ടി കൊതിക്കുകയാണെന്നു പറഞ്ഞ ലതിക 1987ൽ ജോർജ് ജോസഫ് പൊടിപാറ സ്വതന്ത്രനായി മത്സരിച്ച സംഭവവും ഓർമിപ്പിച്ചു.
ജോർജ് ജോസഫ് പൊടിപാറ കൈ അടയാളത്തിൽ മത്സരിക്കാൻ ആഗ്രഹിച്ചിട്ടും സീറ്റ് ലഭിച്ചില്ല. ഒടുവിൽ അദ്ദേഹം സ്വതന്ത്രനായി ഉദയസൂര്യന്റെ ചിഹ്നത്തിൽ മത്സരിച്ചു.
യുഡിഎഫിന്റെ ഒൗദ്യോഗിക സ്ഥാനാർഥിയെ കെട്ടിവെച്ച കാശുപോലും നഷ്ടപ്പെടുത്തിക്കൊണ്ടു തോൽപിച്ച് അദ്ദേഹം വിജയശ്രീലാളിതനായെ ന്ന ചരിത്രം ഏറ്റുമാനൂർ നിയോജകമണ്ഡലത്തിനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഏറ്റുമാനൂർ സീറ്റ് ആഗ്രഹിക്കുന്നതായി എ.കെ. ആന്റണി ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നുവെന്നും ഇല്ലങ്കിൽ തല മുണ്ഡനം ചെയ്യുമെന്ന് വനിതാദിനം വഞ്ചനാദിനമായി ആചരിച്ച മാർച്ച് എട്ടിനുതന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ലതിക പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും എഐസിസി അംഗത്വവും രാജിവച്ചതായും ലതിക ഇന്നലെ പ്രഖ്യാപിച്ചു.
മൂന്നുപതിറ്റാണ്ടിലേറെയായി ഏറ്റുമാനൂരിൽ പൊതുപ്രവർത്തനം നടത്തിയ താൻ കഴിഞ്ഞ കാലങ്ങളിൽനിന്നു വ്യത്യസ്തമായി സമ്മിശ്ര വികാരങ്ങളോടെയാണ് ഇത്തവണ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതെന്നും ലതിക പറഞ്ഞു.