കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷാ സോമന് തെറ്റയില്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ റിബലായി മത്സരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ട ലതിക സുഭാഷാണ് ഇന്ന് വിമതയായി മത്സരിക്കുന്നതെന്ന് നിഷാ സോമന് പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് നിഷ വിമര്‍ശനമുന്നയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹിളാ കോണ്‍ഗ്രസിന്റെ ലിസ്റ്റില്‍ തന്റെ പേരുണ്ടാകണമെന്ന് പറഞ്ഞ പലരോടും, “എനിക്ക് എന്റെ സീറ്റാണ് പ്രധാനം’ എന്ന് ലതിക പറഞ്ഞതായി നിഷ കുറിച്ചു.
കൂടാതെ ചങ്ങനാശേരി മണ്ഡലത്തില്‍ തന്റെ പേര് വന്നപ്പോള്‍ കോട്ടയം ജില്ലയില്‍ മറ്റൊരു വനിത വന്നാല്‍ തന്റെ അവസരം നഷ്ടപ്പെടുമെന്ന് ലതികാ സുഭാഷ് പറഞ്ഞതായും നിഷ കൂട്ടിച്ചേര്‍ത്തു.
സൈബർ ലോകത്ത് ഉറങ്ങാതിരുന്ന് യുദ്ധത്തിലേർപ്പെടുന്ന, ഒരിക്കലും കണ്ടിട്ടില്ലാത്ത നേതാക്കൻമാർക്ക് വേണ്ടി സംസാരിക്കുന്ന സൈബർ പോരാളികളുണ്ട്.
അവരൊന്നും ഇതുവരെ ഒരു ബൂത്ത് പ്രസിഡന്റ് പോലുമായിട്ടില്ല എന്ന് നമ്മളോർക്കുകയെന്നും നിഷ കുറിച്ചു.
വളരെ നിർണായകമായ ഘട്ടത്തിൽ കോൺഗ്രസ് മുക്ത ഭാരതത്തിന്റെ വാദികൾക്കൊപ്പം നിന്ന് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ ലതികാജിയെ ഒരു സ്ഥാനമാനവുമാഗ്രഹിക്കാത്ത കോടികണക്കിന് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചേർന്ന് തള്ളിക്കളയുന്നുവെന്നും നിഷ വ്യക്തമാക്കി.
ഒന്നുമല്ലാതിരുന്ന ലതികാജിയെ രാജ്യമറിയുന്ന നേതാവായി മാറ്റിയ പ്രസ്ഥാനത്തെ ഒരു നിമിഷം കോണ്ട് തള്ളിക്കളയാമെങ്കിൽ ഒന്നുമാകാത്ത പ്രവർത്തകർക്ക് ചേച്ചിയെ തള്ളിക്കളയാൻ ഒരു സെക്കൻഡ് പോലും വേണ്ടെന്നും നിഷ ഓർമിപ്പിച്ചു.
മഹിളാ കോൺഗ്രസുകാർക്ക് വേണ്ടിയല്ല ലതിക തല മുണ്ഡനം ചെയ്തതെന്നും അധികാരത്തോടുള്ള അവരുടെ അടങ്ങാത്ത ആഗ്രഹത്തിന് വേണ്ടി മാത്രമാണെന്നും നിഷ കുറ്റപ്പെടുത്തി.
തലയിൽ അൽപ്പം മാത്രം മുടിയുള്ള ലതികാജിയുടെ മുടി ഒറ്റ മാസം കൊണ്ട് വളരും. പക്ഷെ കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിലേറ്റ മുറിവ് കരിയാൻ പതിറ്റാണ്ടുകളെടുക്കുമെന്നും പറഞ്ഞാണ് നിഷ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പറയാതെ വയ്യ… ലതികാ ജി.
ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പിൻ വലിക്കേണ്ട ദിവസമായിരുന്നു നവം.23. നവം.22-ാംതീയതി പി.ജെ. ജോസഫ് സാറിന്റെ മകന്റെ സംസ്കാര ചടങ്ങുകൾ നടന്ന ദിവസം .
ഈ ചടങ്ങിന് വന്ന ബഹു. ലതികാ സുഭാഷ് രാവിലെ 10 മണിക്ക് അപ്രതീക്ഷിതമായി എന്റെ വീട്ടിലേക്ക് കടന്നു വന്നു.
കോവിഡ് കാലമായതുകൊണ്ട് അകത്തേക്ക് കയറിയില്ല. വന്നയുടൻ തന്നെ എന്നോട് പറഞ്ഞു . “മോളേ കോൺഗ്രസ് ടിക്കറ്റ് ലഭിക്കാതെ വന്നാൽ റിബലായി മൽസരിക്കരുത്’.
46 വർഷത്തെ പാരമ്പര്യമൊന്നുമില്ലായെങ്കിലും ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകയായ എനിക്ക് കോൺഗ്രസിനെ വഞ്ചിക്കാനാവില്ല.
കണ്ണ് നിറഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു ഒരിക്കലുമില്ല ചേച്ചി. ഞാൻ വാക്ക് പാലിച്ചു. പക്ഷെ അതേ ലതിക സുഭാഷ് ഇന്ന് വിമതയായി മൽസരിക്കുന്നു. നഗരസഭയിൽ എനിക്ക് മൽസരിക്കാനാവില്ല എന്ന് ചേച്ചിക്ക് നേരത്തെ അറിയാമായിരുന്നു. അല്ലെങ്കിൽ ചേച്ചി അതിന് ആഗ്രഹിച്ചിരുന്നു.
ഞാൻ മൽസരിക്കാതിരിക്കാനുള്ള നീക്കങ്ങൾ ചേച്ചി നടത്തിയിരുന്നു എന്ന് പിന്നീടറിയാൻ കഴിഞ്ഞു. എനിക്ക് അവരോട് ദേഷ്യം തോന്നിയതേയില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന് മഹിളാ കോൺഗ്രസിന്റെ ലിസ്റ്റിൽ നിഷ സോമന്റെ പേര് ഉണ്ടാകണമെന്ന് പറഞ്ഞ പലരോടും ചേച്ചി പറഞ്ഞു.
“സാധിക്കില്ല, എനിക്ക് എന്റെ സീറ്റാണ് പ്രധാനം’.
ഘടകകക്ഷിക്ക് നൽകുന്നതിന് മുൻപ് ചങ്ങനാശേരി മണ്ഡലത്തിൽ എന്റെ പേര് ചർച്ചയിൽ വന്നപ്പോൾ ചേച്ചി പറഞ്ഞു ” കോട്ടയം ജില്ലയിൽ മറ്റൊരു വനിത വന്നാൽ എന്റെ അവസരം നഷ്ടപ്പെടും.നടക്കില്ല’.
സോഷ്യൽ മീഡിയയിൽ ഞാൻ നടത്തുന്ന ഇടപെടലിനെ കുറിച്ച് ചേച്ചി പലപ്പോഴും അസ്വസ്ഥയായിരുന്നു. പലരോടും അതവർ ഷെയർ ചെയ്തു.
ഒരിക്കലും എനിക്കവരോട് പരിഭവം ഉണ്ടായിട്ടില്ല. എന്നിട്ടും ലതികാജീക്ക് സീറ്റ് നിക്ഷേധിക്കപ്പെട്ടപ്പോൾ.
സംസ്ഥാന അധ്യക്ഷ എന്ന നിലയിൽ കമ്മറ്റിയംഗമായ ഞാൻ അവരോടൊപ്പം നിന്നു. സംസ്ഥാന അധ്യക്ഷയോട് ചെയ്തത് തെറ്റാണെന്ന് പറഞ്ഞു.
ഇടുക്കിയുടെ സമുന്നതനായ നേതാവാണ് ലതിക സുഭാഷിനേക്കാൾ സീനിയറായ റോയി കെ.പൗലോസ്.
സ്ഥാനാർത്ഥിത്വ പട്ടികയിൽ നിന്നും ഇക്കാലമത്രയും പാർട്ടി അദ്ദേഹത്തെ പരിഗണിച്ചിട്ടേയില്ല .പക്ഷെ അദ്ദേഹം പാർട്ടിയെ തള്ളി പറഞ്ഞില്ല.
സംഘടനാ കാര്യ ചുമതലയുള്ള ജന. സെക്രട്ടറി K. P അനിൽകുമാറിന് മൽസരിക്കാനായില്ല. എത്ര പക്വമായാണ് ഇവരുടെ പ്രതികരണങ്ങൾ. കണ്ടു പഠിക്കണ്ടെ ഇവരെയൊക്കെ.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ പരിഗണനാ ലിസ്റ്റിൽ ഞാനുണ്ടായിരുന്നു. എനിക്കും മൽസരിക്കാനായില്ല. അങ്ങനെയെത്രയോ പേർ. സൈബർ ലോകത്ത് ഉറങ്ങാതിരുന്ന് യുദ്ധത്തിലേർപ്പെടുന്ന, ഒരിക്കലും കണ്ടിട്ടില്ലാത്ത നേതാക്കൻമാർക്ക് വേണ്ടി സംസാരിക്കുന്ന സൈബർ പോരാളികളുണ്ട് ഇവിടെ.
അവരൊന്നും ഇതുവരെ ഒരു ബൂത്ത് പ്രസിഡന്റ് പോലുമായിട്ടില്ല എന്ന് നമ്മളോർക്കുക.
കോൺഗ്രസിന്റെ സംസ്ഥാന തല പ്രവർത്തനങ്ങളിൽ എനിക്ക് ഇടം തന്ന ആളാണ് ലതികാ ജി. ആ നന്ദിയും കടപ്പാടും എന്നുമുണ്ടാകും.
വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ വളരെ നിർണായകമായ ഘട്ടത്തിൽ കോൺഗ്രസ് മുക്ത ഭാരതത്തിന്റെ വാദികൾക്കൊപ്പം നിന്ന് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ ലതികാജിയെ ഒരു സ്ഥാനമാനവുമാഗ്രഹിക്കാത്ത കോടികണക്കിന് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചേർന്ന് തള്ളികളയുന്നു.
ഒന്നുമല്ലാതിരുന്ന ലതികാ ജിയെ രാജ്യമറിയുന്ന നേതാവായി മാറ്റിയ പ്രസ്ഥാനത്തെ ഒരു നിമിഷം കോണ്ട് ചേച്ചിക്ക് തള്ളികളയാമെങ്കിൽ ഒന്നുമാകാത്ത പ്രവർത്തകർക്ക് ചേച്ചിയെ തള്ളിക്കളയാൻ ഒരു സെക്കന്റ് പോലും വേണ്ട എന്നോർക്കുക.
മഹിളാ കോൺഗ്രസുകാർക്ക് വേണ്ടിയല്ല ചേച്ചി തല മുണ്ഡനം ചെയ്തത്. ചേച്ചിയുടെ അധികാരത്തോടുള്ള അടങ്ങാത്ത ആഗ്രഹത്തിന് വേണ്ടി മാത്രമാണ്.
തലയിൽ അൽപ്പം മാത്രം മുടിയുള്ള ലതികാജിയുടെ മുടി ഒറ്റ മാസം കൊണ്ട് വളരും . പക്ഷെ കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിലേറ്റ മുറിവ് കരിയാൻ പതിറ്റാണ്ടുകളെടുക്കും.
ഭാരതത്തിന് വേണ്ടത് കോൺഗ്രസിനെയാണ്.