സാവൊ പോളോ: കാൽപ്പന്തുകളിയുടെ ചാരുതയിലൂടെ ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ലാറ്റിനമേരിക്കൻ പോരാട്ടത്തിന് നാളെ തുടക്കം. ലാറ്റിനമേരിക്കൻ ഫുട്ബോൾ വസന്തമായ കോപ്പ അമേരിക്കയ്ക്ക് ഇന്ത്യൻ സമയം നാളെ രാവിലെ ആറ് മണിക്ക് കിക്കോഫ്. 46-ാമത് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വമരുളുന്നത് പുൽത്തകിടിയിലെ രാജാക്കന്മാരായ ബ്രസീൽ ആണ്. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബ്രസീൽ ബൊളീവിയയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ വെനസ്വേല, പെറു എന്നിവയാണ് ഇവർക്കൊപ്പമുള്ള മറ്റു ടീമുകൾ.
ചരിത്രത്തിൽ ആതിഥേയർ
സൗത്ത് അമേരിക്കൻ ചാന്പ്യൻഷിപ്പ് എന്ന പേരിൽ 1916ലാണ് ടൂർണമെന്റ് ആരംഭിച്ചത്. 2016ൽ അമേരിക്കയിൽവച്ച് നൂറാം വാർഷിക ചാന്പ്യൻഷിപ്പ് നടത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ലാറ്റിനമേരിക്കയ്ക്ക് പുറത്തുള്ള ഒരു രാജ്യം ആതിഥേയത്വം വഹിച്ചത്. 2015ൽ ചിലിയിൽ നടത്തിയതിനുശേഷമായിരുന്നു 2016ൽ സെന്റിനറി കോപ്പ അമേരിക്ക അരങ്ങേറിയത്. രണ്ടിലും ജേതാക്കളായത് ചിലി, ഫൈനലിൽ പരാജയപ്പെട്ടത് അർജന്റീനയും. 1975 മുതലാണ് കോപ്പ അമേരിക്ക എന്ന പേരിൽ ചാന്പ്യൻഷിപ്പ് പരിഷ്കരിക്കപ്പെട്ടത്. 15 തവണ ജേതാക്കളായ ഉറുഗ്വെയാണ് കിരീട നേട്ടത്തിൽ ഒന്നാമത്. അർജന്റീന (14), ബ്രസീൽ (എട്ട്) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ബ്രസീൽ, കൊളംബിയ, ഉറുഗ്വെ എന്നിവ ആതിഥേയരായപ്പോൾ കിരീടവും അവർതന്നെ സ്വന്തമാക്കിയതാണ് ചരിത്രം. ഇത്തവണ അതിനു മാറ്റമുണ്ടാകുമോയെന്നതിനാണ് ഫുട്ബോൾ ലോകത്തിന്റെ കാത്തിരിപ്പ്. ജൂലൈ ഏഴിനാണ് ഫൈനൽ.
മെസി, നെയ്മർ…
നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. പരിക്കിനെത്തുടർന്നാണ് താരം ടീമിനു പുറത്തായത്. എന്നാൽ, ലയണൽ മെസിയുടെ കരുത്തിലാണ് അർജന്റീനയുടെ വരവ്. കഴിഞ്ഞ രണ്ട് കോപ്പ ഫൈനലിലും പരാജയപ്പെട്ടതിന്റെ ക്ഷീണമകറ്റുകയാണ് അർജന്റീനയുടെ ലക്ഷ്യം. ഗ്രൂപ്പ് ബിയിൽ കൊളംബിയ, പരാഗ്വെ, ഖത്തർ എന്നിവയ്ക്കൊപ്പമാണ് അർജന്റീന. അർജന്റീനയുടെ ആദ്യ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 3.30ന് കൊളംബിയയ്ക്കെതിരേയാണ്.
ഖത്തർ, ജപ്പാൻ…
കോപ്പ അമേരിക്കയിൽ ചരിത്രത്തിലാദ്യമായി കോണ്‍കാകാഫ് (വടക്കേ അമേരിക്ക) പ്രതിനിധികളില്ലെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. 1993 മുതൽ എല്ലാ ടൂർണമെന്റിലും പങ്കെടുത്ത മെക്സിക്കോയുടെ അഭാവം ശ്രദ്ധേയം. ഇത്തവണ കോണ്കാകാഫിൽനിന്നും എഎഫ്സിയിൽനിന്നും (ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ) മൂന്ന് ടീമുകളെ വീതം പങ്കെടുപ്പിക്കാനായിരുന്നു ആദ്യ തീരുമാനം.
എന്നാൽ, പിന്നീടത് എഎഫ്സിയിൽനിന്നുമാത്രമായി ചുരുക്കി. അതോടെ എഎഫ്സി ജേതാക്കളും 2022 ലോകകപ്പ് ആതിഥേയരുമായ ഖത്തറിനും ഏഷ്യൻ ശക്തിയായ ജപ്പാനും നറുക്കുവീണു. കോപ്പയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അറബ് രാജ്യം പങ്കെടുക്കുന്നത്. ജപ്പാൻ കോപ്പയ്ക്കെത്തുന്നത് രണ്ടാം തവണയും (1999ൽ ആദ്യമായി പങ്കെടുത്തു).