ചിരി ടെൻഷനു മരുന്നാണെന്നു ഗവേഷകർ. കൈകൾ ആകാശങ്ങളിലേക്കെറിഞ്ഞ് ചിരിച്ചുമറിഞ്ഞ് ടെൻഷനകറ്റുന്ന ചിരിക്ലബുകളും നമുക്കു പരിചിതം. വർത്തമാനകാലം കോവിഡ് ആസുരതയിൽ നടുങ്ങിനിൽക്കുന്പോൾ മനസു തുറന്ന ചിരിക്കു വലിയ വിലയുള്ള കാലം.
കൂട്ടുകാരെ നേരിൽക്കണ്ടു കളിപറഞ്ഞു ചിരിച്ചു പിരിയുന്നതൊക്കെ ബാല്യങ്ങൾക്കും ഓർമകൾ മാത്രമായ കാലം. അഞ്ചു പതിറ്റാണ്ടുകൾക്കിപ്പുറം ടാൻസാനിയയിൽ ഒരു പെണ്കുട്ടിയിൽ തുടങ്ങിയ ചിരി നിർത്താനാകാതെ നാടാകെ പടർന്ന കഥ കേട്ടാൽ നിഷ്കളങ്കമായ അനുഭവമെന്നൊക്കെ ആർക്കും അങ്ങനെ ചിരിച്ചുതള്ളാനാവില്ല. ചിരി മരുന്നല്ല അതു വ്യാധി (Laughing Epidemic) യുമായിരുന്നുവെന്ന് മാറ്റിപ്പറയേണ്ടിവരുന്നതു ടാംഗനിക്കയുടെ കഥ പറയുന്പോഴാണ്.
ഒരു വർഷം നീണ്ട ചിരി!
ടാൻസാനിയായിൽ ടാംഗനിക്കയെന്ന പള്ളിക്കൂടക്കാരിയിലായിരുന്നു ഈ ചിരിവ്യാധി യുടെ തുടക്കം. അവളുടെ ചിരി കണ്ടതോടെ അതു മതിയെന്ന മട്ടിൽ കൂട്ടുകാരികൾ ഒന്നാകെ അവൾക്കൊപ്പം ചിരിച്ചുതുടങ്ങി. പൊടുന്നനെ തുടങ്ങിയ ഒരു ചിരി പല ചിരികളായി. കൂട്ടച്ചിരിയായി. സ്കൂൾ ഒന്നാകെ ചിരിയിലായി.
നിർത്താനായില്ല
അതു വെറുംചിരിയല്ലെന്നു വൈകാതെ ആ നാടറിഞ്ഞു. പലർക്കും ആ ചിരി നിർത്താനായില്ല. ഇരുന്നും കിടന്നും പലരും ചിരിച്ചു. ചിലർ ചിരിച്ചുചിരിച്ചു വശം കെട്ടു. എന്നിട്ടും ആർക്കും ചിരി നിർത്താനാവുന്നില്ല.
നിർത്താതെ ചിരിച്ച കുട്ടികൾ വീട്ടിലും ചിരി പടർത്തി. വീട്ടുകാരും ചിരിച്ചുതുടങ്ങി. അയൽ വീടുകളും അതിൽ പങ്കുകൊണ്ടു. അവരും സ്വയമറിയാതെ നിരന്തരം ചിരിച്ചുകൊണ്ടേയിരുന്നു. ഗ്രാമമാകെ അതു പടർന്നു. അയൽഗ്രാമങ്ങളിലേക്കും ചിരിയെത്തി.
പ്രദേശത്തെ ആയിരത്തിലധികമാളുകൾ ചിരിച്ചുകൊണ്ടേയിരുന്നു. ഒരു വർഷത്തിലേറെ അതു നീണ്ടുനിന്നതായിട്ടാണു വാർത്തകൾ. ബെല്ലും ബ്രേക്കുമില്ലാതെ നാടൊന്നാകെ ചിരി തുടർന്നപ്പോൾ 14 സ്കൂളുകൾ അക്കൊല്ലം അടച്ചിട്ടുവത്രേ.
തികച്ചും സാധാരണമായ ഒരു ചിരി അനതിസാധാരണമായ ചിരിവ്യാധിയായി ചരിത്രത്തിലിടം നേടുകയായിരുന്നു. കെട്ടുകഥ പോലെ തോന്നാവുന്ന ചിരിവ്യാധിയുടെ കാരണ മെന്തെന്നു ശാസ്ത്ര ലോകം തല പുകച്ചു.
കെട്ടുകഥയല്ല
ഇതു വെറുമൊരു തമാശക്കഥയായി ആർക്കും തോന്നുന്നുണ്ടാവില്ലല്ലോ. സിനിമാക്കഥകളെ വെല്ലുന്ന കൊറോണയെന്ന പെരുംകഥ നടനമാടുന്പോൾ പ്രത്യേകിച്ചും. കേട്ടുകേൾവിയില്ലാത്തതു സംഭവിക്കുന്നതാണല്ലോ വർത്തമാനകാലത്തിന്റെ നേരറിവ്.
ഒരു നാൾ ഒരു നാട്ടിലെ ജനങ്ങൾക്കു പൊടുന്നനെ സംസാരശേഷി നഷ്ടമാകുന്നതിനെത്തുടർന്നുള്ള സംഭവങ്ങൾ പറയുന്ന ‘സംസാരം ആരോഗ്യത്തിനു ഹാനികര’മെന്ന സിനിമ നമുക്കു പരിചിതം. അത്തരം സിനിമാക്കഥകളെ വെല്ലുന്ന സത്യങ്ങൾക്കു ലോകം സാക്ഷിയാകുന്ന ഈ ദിനങ്ങളിൽ ടാൻസാനിക്കാരിയുടെ നിർത്താച്ചിരിയുടെ പിന്നാന്പുറങ്ങളിലേക്കു പോകാം.
ചിരിയുടെ പിന്നാന്പുറങ്ങളിൽ
നിരന്തര സംഘർഷങ്ങളിൽ ജീവിക്കേണ്ടിവരുന്ന ഒരു ജനത പലപ്പോഴും നിസംഗരും നിഷ്ക്രിയരായി മാറിയേക്കാം. ഒന്നും ചെയ്യാനാകാതെ നിസഹായരായി ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഒരവസ്ഥ. അപ്പോൾ അവരുടെ പെരുമാറ്റം ലോകത്തിനു വിചിത്രമായി തോന്നാം.
ടാൻസാനിയയിൽ അന്നു സംഭവിച്ചതും അതാണെന്ന് ടെക്സസ് എ ആൻഡ് എം സർവകലാശാലയിസെ ക്രിസ്റ്റ്യൻ ഹെംപെൽമാൻ പറയുന്നു. ബ്രിട്ടീഷ് സ്കൂൾ ടാംഗനിക്കയ്ക്കു നല്കിയ അപ്രതീക്ഷിത അനുഭവങ്ങൾ, അപരിചിത്വം നിറഞ്ഞ സ്കൂൾരീതികൾ.
പിന്നെ സ്വാതന്ത്രത്തിലേക്കു പിച്ചവയ്ക്കുന്ന രാജ്യം നല്കുന്ന അനിശ്ചിത്വങ്ങൾ, നാട്ടിൽ നടമാടുന്ന ദാരിദ്യം…അവളുടെ വ്യക്തിജീവിതത്തിലും വിദ്യാർഥിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇതെല്ലാം കരിനിഴലുകൾ പടർത്തിയിരുന്നു.
അതൊക്കെ ചാരം മൂടിയ കനലുകളായിരുന്നു. ഒരുനാൾ ഏതോ കാറ്റിൽ ചാരം തെളിഞ്ഞു. മാനസിക സമ്മർദങ്ങൾ ആളിക്കത്തി. അനിയന്ത്രിതമായ ചിരിയുടെ രൂപത്തിലും ഭാവത്തിലുമായിരുന്നു അതെന്നു മാത്രം. വാസ്തവത്തിൽ അത്തരം നിർവികാരാവസ്ഥ അവളിൽ മാത്രമായിരുന്നില്ല.
അവൾ അപ്രതീക്ഷിതവും അതിവിചിത്രവുമായ പ്രതികരണങ്ങൾക്കു രാസപ്രേരകമാവുകയായിരുന്നു. സമൂഹമൊന്നാകെ പടർന്ന അനിയന്ത്രിത ചിരിയായി അതു വ്യാധിരൂപം പ്രാപിക്കുകയായിരുന്നു.
ടാൻസാനിയയിൽ സംഭവിച്ചത്
സമൂഹ മനസിനെ ഒന്നടങ്കം ബാധിക്കുന്ന ഇത്തരം വിചിത്രവ്യാധികൾ വാസ്തവത്തിൽ ടാൻസാനിയയിടെ അതിരുകളിലൊതുങ്ങുന്നതല്ല. ചിരിക്കപ്പുറം മറ്റു രൂപങ്ങളിലും ഭാവങ്ങളിലും പരപ്പിലും അത്തരം സാമൂഹിക ക്ഷതങ്ങളുടെ നോവുവിളികൾ ലോകത്തെവിടെയും പ്രത്യക്ഷമായേക്കാം.
കൗമാരപ്പടി കയറുന്നവർ തൊട്ട് ആണ്പെണ് പ്രായഭേദങ്ങളില്ലാതെ ആരെയും അതു ബാധിച്ചേക്കാം. അത്തരം വിക്ഷോഭ പ്രതികരണങ്ങളുടെ തുടക്കം ഒരാളിലാവാം. പക്ഷേ, മാനസിക പിരിമുറുക്കങ്ങളുടെ കടന്നുപോകുന്ന സമാനദുഃഖിതർ അതനുകരിക്കാൻ ശ്രമിക്കും. അതാണു വാസ്തവത്തിൽ ടാൻസാനിയയിൽ സംഭവിച്ചത്.
നിർത്താച്ചിരി അത്തരം പ്രതികരണങ്ങളിലൊന്നു മാത്രം. വിധിക്കു നേരേ ആർത്തലച്ചു ചിരിച്ചുകൊണ്ടേയിരിക്കുന്ന ചിലർ അവിടെയുണ്ടായി. സോഷ്യോ ജെനിക് ഇൽനെസ് എന്നാണ് അതിന്റെ ശാസ്ത്രഭാഷ. ചിരി അതിലൊന്നു മാത്രം.
അത്ത രം വ്യാധികളായി മാറുന്ന പ്രതികരണങ്ങൾ പ ലതുണ്ട്. ശ്വസനപ്രശ്നങ്ങൾ, വിവിധതരം വേദനകൾ, ഛർദി, വിളർച്ച, ശരീരത്തിൽ പാടുകൾ…എന്നിങ്ങനെ. അവയ്ക്കു പിന്നിൽ എടുത്തുപറയാവുന്ന പരിചിതഘടകങ്ങളൊന്നുമില്ല.
എല്ലാം തികച്ചും മനഃശാസ്ത്രപരം മാത്രമെന്നു ഗവേഷകർ!