ചിരി ആരോഗ്യത്തിനു നല്ലതാണെന്ന് പറയാറില്ലേ. എന്നാൽ ഒരുപാട് ചിരിച്ചാൽ കുറേ കരയേണ്ടി വരുമെന്നും പറയാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഹൈദരാബാദിൽ നടന്നത്.
ശ്യാം എന്ന 53 -കാരൻ ടിവിയിൽ കോമഡി ഷോ കാണുകയായിരുന്നു. എന്നും ടിവിയിൽ കോമഡി പരിപാടി കാണുന്ന വ്യക്തിയാണ് ശ്യാം. പതിവുപോലെ അന്നും ടിവിയിൽ പരിപാടി കാണുകയായിരുന്നു. എന്നാൽ പരിപാടിയിലെ കോമഡികൾ കേട്ട് ചിരിച്ച് ഒരു വഴി ആയി ഇയാൾ.
ചിരിച്ചുകൊണ്ടിരുന്ന ശ്യാം പിന്നീട് കണ്ണു തുറന്നപ്പോൾ കണ്ടത് ആശുപത്രി വാർഡാണ്. കുറേ സമയം നിർത്താതെ ചിരിച്ച ഇയാൾക്ക് ബോധം മറയുകയായിരുന്നു. സംഭവത്തെ കുറിച്ച് അപ്പോളോ ഹോസ്പിറ്റലിലെ ശ്യാമിന്റെ ഡോക്ടറും ന്യൂറോളജിസ്റ്റുമായ ഡോ. സുധീർ കുമാർ എക്സിൽ പങ്കുവെച്ചു.
ചായ കുടിച്ചുകൊണ്ട് വീട്ടിൽ ടിവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു ശ്യാം. പെട്ടന്ന് ഇയാൾക്ക് ചായക്കപ്പിലുള്ള ബാലൻസ് തെറ്റിപ്പോവുകയും നിലത്തേക്ക് ബോധം കെട്ട് വീഴുകയും ചെയ്തു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. അപ്പോഴാണ് ചിരിയാണ് ബോധക്ഷയത്തിന് പിന്നിലെന്ന് മനസിലായതെന്ന് ഡോ. സുധീർ കുമാർ പറഞ്ഞു.