മാഡ്രിഡ്: അഗ്നിപർവതസ്ഫോടനത്തിൽ ലാവയൊഴുക്കു തുടരുന്ന സ്പെയിനിലെ ലാ പാമ ദ്വീപിന്റെ വിസ്തൃതി വർധിക്കുന്നു. ദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് അറ്റ്്ലാന്റിക് സമുദ്രത്തിലേക്കാണ് ലാവ ഒഴുകിവീഴുന്നത്.
ലാവ ഉറച്ച് 835 ഏക്കർ വിസ്തൃതിയിൽ പാറ രൂപംകൊണ്ടതായി ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നതായി യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ഭൗമനിരീക്ഷണ പദ്ധതി അധികൃതർ അറിയിച്ചു.
കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാമയിലെ കുംബ്രെ വിയ്യ അഗ്നിപർവതം കഴിഞ്ഞമാസം 19നാണ് പൊട്ടിത്തെറിച്ചത്. ലാവയൊഴുക്ക് നിലച്ചിട്ടില്ല.
വരും ദിവസങ്ങളിൽ കാറ്റിന്റെ ഗതി മാറിയേക്കുമെന്ന ആശങ്കയുണ്ട്. ഹൈഡ്രോക്ലോറിക് ആസിഡ് അടങ്ങിയ പുക ചർമത്തിലും കണ്ണിലും ചൊറിച്ചിലിനിടയാക്കും.
അഗ്നിപർവതം മുതൽ കടൽ വരെയുള്ള 30 കിലോമീറ്റർപ്രദേശത്തെ 855 കെട്ടിടങ്ങളടക്കം നശിച്ചു. ആറായിരം പേരെ ഒഴിപ്പിച്ചുമാറ്റി. ദ്വീപിൽ 85,000 നിവാസികളുണ്ട്.