കണ്ണൂർ: എസ്എൻസി ലാവ്ലിൻ കേസ് അട്ടിമറിച്ചതിനു പിന്നിൽ കോൺഗ്രസിന്റെ ഉന്നതനായ നേതാവ് എ.കെ. ആന്റണി ഉൾപ്പെടെയുള്ള നേതാക്കളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒന്നാം യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ സെക്രട്ടറിയായ ടി.കെ. നായരും എ.കെ. ആന്റണിയും ലാവ്ലിൻ കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തി.
ദുരൂഹമായ പല കാര്യങ്ങളും നടന്നിട്ടുണ്ട്. സിബിഐ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയിട്ടില്ല. സംസ്ഥാനത്ത് വർധിച്ചുവരുന്ന അഴിമതിരാജിന് പ്രധാനകാരണം എസ്എൻസി ലാവ്ലിൻ കേസ് വിചാരണ കൂടാതെ വിട്ടയച്ചതാണ്.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഖജനാവ് കൊള്ളയാണ് എസ്എൻസി ലാവ്ലിൻകേസ്. ഇത് നീതിപൂർവകമായി നടന്നിട്ടില്ല. പിണറായി വിജയനെ രക്ഷിക്കാൻ ആസൂത്രിത നീക്കം നടന്നിട്ടുണ്ട്. 374 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടായിട്ടുള്ളത്.
മറ്റു സംസ്ഥാനങ്ങളിൽ അഴിമതിക്കാരെ ജയിലിലേക്ക് പറഞ്ഞയക്കുന്പോൾ സംസ്ഥാനത്ത് അഡ്ജസ്റ്റുമെന്റ് നടത്തുകയാണ്. പ്രമാദമായ പല കേസുകളും വിചാരണചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല.
യുഡിഎഫും എൽഡിഎഫും പരസ്പരം കേസുകളിൽ ഒത്തുതീർപ്പ് നടത്തുകയാണ്. എസ്എൻസി ലാവ്ലിൻ കേസ് അട്ടിമറിയാണ് കേരളത്തിൽ അഴിമതി നടത്താൻ പ്രചോദനമായത്.
സാർവത്രിക അഴിമതി നടന്ന ഉമ്മൻചാണ്ടി സർക്കാരുമായി പിണറായി വിജയൻ സർക്കാർ അഴിമതി നടത്താൻ മത്സരിക്കുകയാണ്. എൽഡിഎഫ് സർക്കാർ ഒപ്പിടുന്ന കരാറുകൾക്ക് പാർട്ടിക്കും നേതാക്കൾക്കും കമ്മീഷൻ കിഴിച്ചിട്ടുള്ള തുകയിലാണ് കരാർ ഉറപ്പിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കമ്മീഷനില്ലാതെ ഒരു ഇടപാടും നടക്കുന്നില്ല. ബാർ കോഴക്കേസ്, സോളാർ കേസുകൾ തുടങ്ങിയവ പിണറായി സർക്കാർ അട്ടിമറിച്ചു. യുഡിഎഫിന്റെ പാലാരിവട്ടം, റേഷൻ അഴിമതി എന്നിവയുടെ അന്വേഷണംപോലും ഇപ്പോൾ നടക്കുന്നില്ല.
എല്ലാ അഴിമതി കേസുകളും പരസ്പരം അട്ടിമറിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ പല പദ്ധതികളും സ്വന്തം പേരിലാക്കി മേനി നടിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജനറൽ സെക്രട്ടറി കെ.കെ. വിനോദ്കുമാർ, ബിജു ഏളംകുഴി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.