റെജി ജോസഫ്
പണിയെടുക്കത് നാങ്കള്, കൊള്ളയടിപ്പതു നീങ്കള്
തേയിലക്കൊട്ട ഞാങ്കള്ക്ക്, പണകൊട്ട നീങ്കൾക്ക്
പൊട്ട ലായങ്ങൾ ഞാങ്കള്ക്ക്, എസി ബംഗ്ലാവ് നീങ്കൾക്ക്
കുപ്പത്തൊട്ടി ഞങ്ങള്ക്ക്, കൊട്ടും സൂട്ടും നീങ്കൾക്ക്
കാടി കഞ്ഞി ഞാങ്കള്ക്ക്, ചിക്കൻ ദോശ നീങ്കൾക്ക്
ചൂഷണവും അനീതിയും അടിവരയിടുന്ന മുദ്രാവാക്യങ്ങളിലൂടെ മൂന്നാറിലെ പെണ്പിളൈ ഒരുമൈ തീജ്വാലപോലെ കത്തിക്കയറി.ഒരു രാഷ്ട്രീയ പാർട്ടിയുടെയും സമുദായ സംഘടനയുടെയും പ്രകടമായ സാന്നിധ്യമില്ലാതെ അതിവേഗം കത്തിപ്പടർന്ന പ്രക്ഷോഭം.
ഗോമതി അഗസ്റ്റിൻ, ലിസി സണ്ണി, ഇന്ദ്രാണി മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ രോഷവും രോദനവും അണപൊട്ടി ഒഴുകിയപ്പോൾ, കേരളം കണ്ടിട്ടില്ലാത്ത അതിജീവന പ്രക്ഷോഭം രൂപം കൊള്ളുകയായിരുന്നു.
ഗോമതിയുടെ വാക്ക് കടമെടുത്താൽ തോട്ടത്തിലെ ഓരോ സ്ത്രീയും ഈ സമരത്തിലൂടെ നേതൃത്വത്തിലേക്ക് ഉയരുകയായിരുന്നു.പത്രത്തലക്കെട്ടിലും ചാനലുകളിലും മാത്രമല്ല വിദേശ മാധ്യമങ്ങളിലും മൂന്നാർ സ്ത്രീസമരം മുന്തിയ പ്രാധാന്യത്തോടെ ഇടം പിടിച്ചു.
വാർഷിക ബോണസ് യാതൊരു നീതീകരണവുമില്ലാതെ വെട്ടിക്കുറച്ച സാഹചര്യത്തിലും തൊഴിലാളി യൂണിയനുകൾ പുലർത്തിയ ബോധപൂർമായ മൗനത്തിലും അമർഷം അടക്കാനാകാതെയാണ് 2015 സെപ്റ്റംബർ ആദ്യം പെന്പിളൈ ഒരുമൈ സമരം പൊട്ടിപ്പുറപ്പെട്ടത്.
വർഷങ്ങളായി നെഞ്ചിൽ നീറിക്കിടന്ന അമർഷം കൊടുങ്കാറ്റും കാട്ടുതീയുമായി മാറാൻ ഇതു കാരണമായെന്നു മാത്രം.
തുടക്കം ഇങ്ങനെ…
യൂണിയൻ നേതാക്കളുടെ രഹസ്യ കമ്മിറ്റിയിലേക്ക് കടന്നുചെന്ന് ലിസിയും ഗോമതിയും ഉൾപ്പെടെ ഏതാനും പേർ ബോണസ് വെട്ടിക്കുറച്ചതിൽ കാണിച്ച നിസംഗതയിൽ വിശദീകരണം ചോദിച്ചു.
പിറ്റേന്നിവർ കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്റെ ജനറൽ സ്റ്റോറിനു മുന്നിൽ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി ഇരിപ്പുസമരം തുടങ്ങി. പകുതിയാക്കിയ ബോണസ് പുനഃസ്ഥാപിക്കുക, കൂലി വർധിപ്പിക്കുക തുടങ്ങി ഒരു നിര ആവശ്യങ്ങൾ.
ദിവസവും അന്പതും നൂറും സ്ത്രീകൾ ജോലിക്ക് കയറാതെ ഇവർക്കൊപ്പം സമരത്തിനെത്തി. ഒരാഴ്ചയ്ക്കുള്ളിൽ അയ്യായിരത്തോളം സ്ത്രീകൾ മൂന്നാറിൽ സംഘടിച്ചതോടെ പെന്പിളൈ ഒരുമൈ പ്രക്ഷോഭമായി കേരളത്തെയും ലോകത്തെത്തന്നെയും ഞെട്ടിച്ചു.
മുൻപ് കൈെവിരലുകൾ ഉപയോഗിച്ച് കൊളുന്തെടുത്തിരുന്നപ്പോൾ കൃത്യമായും രണ്ടിലയും കൂന്പും മാത്രമാണ് എടുത്തിരുന്നത്. എന്നാൽ, ഇക്കാലത്ത് കത്രിക ഉപയോഗിക്കുന്നതിനാൽ മൂപ്പുകൂടിയ തേയില ഇല വരുന്നുവെന്ന കാരണത്താൽ വേസ്റ്റ് എന്ന പേരിൽ പത്തു ശതമാനം തൂക്കം കുറയ്ക്കുന്നതിനെ സ്ത്രീകൾ ചോദ്യം ചെയ്തു. ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ലായങ്ങൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തി.
നേതാക്കളെ ആട്ടിയോടിച്ചു
ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മുതലെടുക്കാനും എത്തിയ വിവിധ നേതാക്കളെ സ്ത്രീകൾ അടുപ്പിച്ചില്ലെന്നു മാത്രമല്ല ആട്ടിയോടിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തൊഴിൽ മന്ത്രി ഷിബു ബേബി ജോണും ഇടപെട്ട് ബോണസ് പുനഃസ്ഥാപിക്കപ്പെടുകയും മിനിമം കൂലി നിശ്ചയിക്കുകയും ചെയ്തതോടെ രണ്ടാഴ്ചത്തെ സമരം ഒത്തുതീർപ്പാക്കി.
പിൽക്കാലത്ത് ഈ ആനുകൂല്യങ്ങളിൽ പലതും റദ്ദാക്കപ്പെട്ടതായി ഗോമതി പറയുന്നു.കേരളത്തിൽ ഹർത്താൽ പതിവാണെങ്കിലും തേയിലത്തോട്ടങ്ങളിൽ ഒരിക്കലും പണിമുടക്കമില്ല. പാകമാകുന്ന ഇളം കൊളുന്തുകൾ അതാത് ദിവസം ശേഖരിച്ചേ പറ്റൂ.
ഫാക്ടറികൾ ഒരു ദിവസം പോലും അടഞ്ഞു കിടക്കാനാവില്ല. ഒന്നര മാസത്തെ കോവിഡ് ലോക്ക് ഡൗണ്കാലത്തും തോട്ടങ്ങളിൽ മുടക്കമുണ്ടായില്ല.
ആരും കാണാതെ പോകുന്നു…
ചെങ്കുത്തായ കുന്നുകളിലൂടെ മുതുകുവളഞ്ഞു കിളുന്തു ചുമന്നു സാഹസികമായി പാഞ്ഞുപോകുന്ന സ്ത്രീകളുടെ വിയർപ്പും കണ്ണീരും ആരും കാണുന്നില്ല.
പഴകിക്കീറിയ മേൽക്കുപ്പായവും തലയിലൊരു തലപ്പുമിട്ട് ആൾപ്പൊക്കമുള്ള കുട്ട തലയിൽ കൊളുത്തിയിട്ട് കിളുന്തു നുള്ളി കുട്ടയിലേക്ക് വലിച്ചെറിയുന്നവർ. കുട്ട നിറച്ചു കൊളുന്തെടുത്താലും കൂര പുകയാനുള്ള തുക കിട്ടാറില്ല. നാലു കാശു മിച്ചം വയ്ക്കാനും ഇവർക്കാകുന്നില്ല.
ദിവസം 300 രൂപ വരുമാനത്തിൽ മൂന്നും നാലും തലമുറകളിൽപ്പെട്ട ആറും ഏഴും പേർ പാർക്കുന്ന ഒരു വീട് എങ്ങനെ പോറ്റാനാകും.വളഞ്ഞു പുളഞ്ഞ ചെരുവുകളിലെ മണ്പാതകളിലൂടെ തെന്നിയും തെറിച്ചും ചുമടേന്തി പോകുന്ന സ്ത്രീജൻമങ്ങൾ.
1897-ൽ രൂപം കൊണ്ട കന്പനി തോട്ടങ്ങൾക്കു കീഴിൽ മലയാളികളും തമിഴരുമായി എത്രയോ ആയിരക്കണക്കിനു തൊഴിലാളികൾ സഹനജീവിതം തള്ളിനീക്കിയിരിക്കുന്നു. പൂർവികരുടെ പരിതാപകരമായ അവസ്ഥ ആറാം തലമുറയിലും ആവർത്തിച്ചുപോരുന്നു.
തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളേറെയും നടപ്പായിട്ടില്ല. പൂട്ടിപ്പോയ പത്തിലേറെ തോട്ടങ്ങൾ തുറക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും പ്രായോഗികമായില്ല.
(തുടരും)