റെജി ജോസഫ്
ആസാമിലെ ഡെറാംഗ് ജില്ലയിൽനിന്നുമാത്രം ആറായിരം തൊഴിലാളികൾ ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ തോട്ടങ്ങളിലേക്കു കുടിയേറിയിട്ടുണ്ട്. ഇവർക്ക് നിശ്ചിത വേതനം ഒരു തോട്ടത്തിലുമില്ല. വിളവെടുക്കുന്ന കൊളുന്തിന്റെയും കാപ്പിക്കുരുവിന്റെയും ഏലക്കായുടെയും അളവനുസരിച്ചാണ് കൂലി.
എത്ര അധ്വാനിച്ചാലും ദിവസം 350 രൂപയിൽ താഴെ മാത്രമേ വേതനം ലഭിക്കൂ. ഇടിഞ്ഞു വീഴാറായ പാർപ്പിടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ ആസ്ബറ്റോസ് മേൽക്കൂരകളും അതിനുള്ളിൽ എലിമാളങ്ങളും മാത്രമെ കാണാനുള്ളു.
ഒരു കുടുസുമുറിയും ചെറിയൊരു അടുക്കളയുമാണ് ഓരോ കുടുംബത്തിനും ലഭിച്ചിരിക്കുന്നത്. അരകല്ലോ ഉരലോ ഇല്ലാത്തതിനാൽ കല്ലിൽ ചതച്ചാണ് പലവ്യഞ്ജനങ്ങൾ ഭക്ഷണത്തിന് പാകപ്പെടുത്തുന്നത്.
എല്ലാം സഹിച്ച്
കിടക്കാൻ കിടക്കയും കട്ടിലുമില്ല. ഇരുൾ മൂടിയ മണ്തറയിലാണ് കുടുംബമൊന്നാകെ ഉറക്കം. തൊഴിലാളികൾ ജോലിക്ക് പോകുന്പോൾ കൊച്ചുകുട്ടികളെ നോക്കാൻ പിള്ളപ്പുര സംവിധാനം ഉണ്ടെങ്കിലും ആസാം കുടുംബങ്ങൾക്ക് ഇതു നിഷേധിച്ചിരിക്കുന്നു.
പലപ്പോഴും മുതിർന്ന ഒരംഗമാണ് കുട്ടികളെ പകൽ നോക്കുക. റേഷൻ കാർഡും ആധാർ കാർഡും ഉള്ളവരല്ലാത്തതിനാൽ ക്ഷേമപദ്ധതികളെല്ലാം നിഷേധിക്കപ്പെടുന്നു. രോഗം വന്നാൽ സർക്കാർ ആശുപത്രികൾ മാത്രമാണ് ആശ്രയം. അവധിക്ക് ആസാമിലെ വീടുകളിലെത്താൻ ഇവർക്ക് നാലു ദിവസത്തെ തുടർച്ചയായ യാത്ര ചെയ്യേണ്ടതുണ്ട്.
തോട്ടങ്ങളിൽ മെഡിക്കൽ ക്യാന്പോ പ്രതിരോധമരുന്നു വിതരണമോ നടക്കാറില്ല. ഹെൽത്ത് കാർഡുള്ളവർ വിരലെണ്ണാൻ മാത്രം.പോളിയോ തുള്ളിമരുന്നു വിതരണം പോലും ഇവിടത്തെ തൊഴിലാളികൾ അറിയാറില്ല.
ഇക്കാര്യങ്ങളിൽ അതിഥിത്തൊഴിലാളികൾ ബോധവാന്മാരുമല്ല. ആസാം തൊഴിലാളിയുടെ കുഞ്ഞ് തണുപ്പു സഹിക്കാനാവാതെ ഏലപ്പാറയിലെ തോട്ടത്തിലെ ലയത്തിൽ തറയിൽ കിടന്നു മരിച്ചതും അടുത്ത കാലത്താണ്.
നിയമങ്ങളുണ്ട്, പക്ഷേ…
പ്ലാന്റേഷൻ ലേബർ നിയമമനുസരിച്ച് തൊഴിലാളികൾക്ക് വൃത്തിയുള്ള ശൗചാലയവും കുടിവെള്ളവും സുരക്ഷിതമായ പാർപ്പിടവും നിർമിച്ചു നൽകണം. തൊഴിലാളികളുടെ എണ്ണമനുസരിച്ച് ഓരോ തോട്ടത്തിലും ഗാർഡൻ ഹോസ്പിറ്റൽ, ഗ്രൂപ്പ് ഹോസ്പിറ്റൽ, ഡിസ്പെൻസറികൾ എന്നിവ ഏർപ്പെടുത്തണം.
2015ലെ ഭേദഗതിയനുസരിച്ച് സ്കാനിംഗ്, ആൻജിയോഗ്രാം തുടങ്ങിയ ആധുനിക ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തണം. ഈ സൗകര്യം ഇല്ലാത്ത തോട്ടങ്ങളിൽ പുറത്തുള്ള ആശുപത്രികളിൽ ഇതിനു സൗകര്യം ഉടമകൾ ചെയ്തുകൊടുക്കണം. പക്ഷേ, അതിഥിത്തൊഴിലാളികൾക്ക് ഇത്തരത്തിലുള്ള ആനുകൂല്യങ്ങളൊന്നുമില്ല.
സ്കൂളിന്റെ പടിവാതിൽ കാണാതെ
റേഷൻകാർഡില്ലാത്തതിനാൽ സർക്കാർതലത്തിൽ ഒരു ആനുകൂല്യത്തിനും ഇവർ യോഗ്യരല്ല. അരി, മണ്ണെണ്ണ, മരുന്ന് തുടങ്ങിയവയെല്ലാം ഇവർ ഞായറാഴ്ചകളിൽ ഏലപ്പാറയിലെത്തി വാങ്ങുകയാണെന്നു വാഗമണിൽ ആസാമിലെ പാൻമാരി ഗ്രാമത്തിൽനിന്നെത്തിയ തൊഴിലാളികൾ പറഞ്ഞു.
ചെറിയ കുട്ടികളെ മുതിർന്നവരെ ഏൽപ്പിച്ചശേഷം ജോലിക്ക് പോകേണ്ട അവസ്ഥയാണ് എല്ലായിടത്തും. ഈ സാഹചര്യത്തിൽ മുതിർന്നവരും പ്രായം കുറഞ്ഞവരും സ്കൂളിന്റെ പടിവാതിൽ കാണുന്നതേയില്ല. കഴിഞ്ഞ വർഷം ഏലപ്പാറയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആറുമാസം പ്രായമുള്ള കുട്ടി മരിച്ചു.
മുതിർന്ന കുട്ടിയെ ഏൽപിച്ച് ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മണ്തറയിൽ കുട്ടിയെ കിടത്തിയതിനാൽ ശക്തമായ തണുപ്പ് ഏറ്റതാണ് മരണത്തിന് കാരണമായതെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
അസംഘടിതരുടെ വേദനകൾ
തേയിലത്തോട്ടങ്ങളിൽ മരുന്ന് തളിക്കുന്നതിന് പ്രദേശവാസികളായ തൊഴിലാളികൾക്ക് രാവിലെ എട്ടു മുതൽ 12 വരെയാണ് സമയം ഏർപ്പെടുത്തിയത്.
എന്നാൽ അസംഘടിതരായ ഈ തൊഴിലാളികൾക്ക് രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ജോലി.ട്രേഡ് യൂണിയനിലോ രാഷ്ട്രീയ പാർട്ടികളിലോ അംഗമല്ലാത്തതിനാൽ ഇതരസംസ്ഥാനത്തൊഴിലാളികൾക്കുവേണ്ടി ശബ്ദിക്കാൻ ആളില്ലെന്നതും ഇവരുടെ മേൽ ജോലി ഭാരം കൂടുതൽ ചുമത്താൻ കാരണമാകുന്നു.
ഇവർക്കിടയിലാണ് ജീവിതത്തിൽ ഒരു സാധ്യതയും സാഹചര്യവുമില്ലാതെ കുട്ടികളുടെ ജീവിതം. പല തോട്ടങ്ങൾക്കും എട്ടും പത്തും കിലോമിറ്റർ അകലെയാണ് പ്രൈമറി സ്കൂളുകളുള്ളത്.
ഭയത്തിൽ ഓരോ ദിനവും…
തൊഴിൽ മന്ത്രി അധ്യക്ഷനായി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി യൂണിയനുകളും തോട്ടം ഉടമകളും ഉൾപ്പെട്ട കേരള പ്ലാന്റേഷൻ ഹൗസിംഗ് അഡ്വൈസറി ബോർഡ് നിലവിലുണ്ട്.
തൊഴിലാളികൾക്ക് രണ്ടു മുറിയും ഹാളും അടുക്കളയും കക്കൂസും കുളിമുറിയും ഉൾപ്പെട്ട വീടുകൾ നിർമിച്ചു നൽകാനും ഇതിനുള്ള ഭൂമി തോട്ടങ്ങളിൽ തന്നെ കണ്ടെത്താനും 2017ൽ തീരുമാനമെടുത്തിരുന്നു. ഗ്രാറ്റുവിറ്റി വാങ്ങി നിരവധി തൊഴിലാളികൾ പിരിഞ്ഞു പോയതിനാൽ ലയങ്ങളിലെ രണ്ട് മുറികൾ ഒരു കുടുംബത്തിന് അനുവദിക്കുമെന്ന തീരുമാനം ഉടമകൾ തന്നെയാണ് മുന്നോട്ടുവച്ചത്.
ഇതു നടപ്പാക്കാൻ തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തിയെങ്കിലും ഇന്നും നടപടിയുണ്ടായിട്ടില്ല. ഇപ്പോൾ മഴക്കാലമാകുന്നതോടെ മരണഭയം ഈ തൊഴിലാളി കുടുംബങ്ങളെ വേട്ടയാടുന്നു. 2018 ൽ വയനാട് കുറിച്യർ മലയിലും 2019 ൽ വയനാട്ടിലെ പുത്തുമലയിലും 2020 ൽ ഇടുക്കിയിലെ പെട്ടിമുടിയിലും ഉരുൾപൊട്ടിയത് തേയിലത്തോട്ടങ്ങളിലായിരുന്നു.
അവരും ഓഹരിയുടമകൾ!
പല തോട്ടങ്ങളും തൊഴിലാളികളുടേതു കൂടിയാണെന്നാണ് രേഖ. തൊഴിലാളികളും ഓഹരിയുടമകളാണത്രെ. തോട്ടങ്ങൾ നടത്താനാവില്ലെന്നു വന്നതോടെ കുത്തക മുതലാളി തൊഴിലാളികൾക്ക് നടത്തിപ്പവകാശം വിട്ടുനൽകി.
പ്ലാന്റേഷൻ ലേബർ ആക്ട് അനുസരിച്ച് തൊഴിലാളികൾക്ക് സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല തോട്ടം ഉടമകൾക്കാണ്. അതേ സമയം മുതലാളിയെന്നു മുദ്രയുള്ള തൊഴിലാളികൾ ലയങ്ങളിലെ കുടുസുമുറികളിൽ തന്നെ ജീവിതം ഹോമിക്കുന്നു.
സ്വന്തം ഭൂമിയിൽ അഭയാർഥികളാകേണ്ടി വന്നവരും ദുരിതങ്ങളിൽ എരിയാൻ വിധിക്കപ്പെട്ടവരും സ്വന്തമെന്ന് പറയാൻ ഒരു മുറി പോലുമില്ലാത്തവരാണ് തോട്ടം തൊഴിലാളികൾ. തോട്ടങ്ങളിൽ മേയുന്ന പശുക്കൾക്കുള്ള അവകാശം പോലും തോട്ടം തൊഴിലാളികൾക്കില്ല എന്നതാണ് ഇവരുടെ ജീവിതം ഓർമിപ്പിക്കുന്നത്.
(അവസാനിച്ചു)