കോവിഡ് മഹാമാരി പടർന്നു പിടിച്ചതോടെ അധ്യയനം ഓണ്‍ലൈൻ ക്ലാസിലേക്ക് മാറി. തോട്ടം മേഖലയിലെ കുട്ടികളുടെ പഠനവും വീട്ടിലിരുന്നായി. എസ്റ്റേറ്റുകളിൽ മാതാപിതാക്കൾ ജോലിക്ക് പോകുന്പോൾ കുട്ടികളെ ആര് നോക്കും എന്ന പ്രശ്നം ഉണ്ടാകുന്നുണ്ട്.
പെണ്‍കുട്ടികളെ തനിയെ വീട്ടിലിരുത്തി പോകാൻ പല മാതാപിതാക്കൾക്കും ഭയമാണ്. സ്കൂൾ ഉണ്ടായിരുന്നപ്പോൾ മക്കളുടെ സുരക്ഷ ഇവർക്ക് പ്രശ്നമായിരുന്നില്ല. സ്റ്റഡി ലീവ് ആയാലും കുട്ടികൾ സ്കൂളിൽ വന്നോട്ടെയെന്ന് അധ്യാപകരോട് അമ്മമാർ വിളിച്ചു ചോദിക്കുമായിരുന്നുവെന്ന് അധ്യാപകനായ ഫൈസൽ മുഹമ്മദിന്റെ വാക്കുകൾ.
മദ്യപിച്ച് അസഭ്യം പറയുന്ന പല സംഭവങ്ങളും ഈയിടെ തോട്ടം മേഖലയിൽ ഉണ്ടായിട്ടുണ്ട്. മേഖലയിലെ എസ്റ്റേറ്റ് ലയത്തിൽ നിന്ന് ഫൈസൽ മുഹമ്മദ് അടക്കമുള്ള അധ്യാപകരെ പെണ്‍കുട്ടികളുടെ മാതാപിതാക്കൾ വിളിച്ച അവസ്ഥയും ഉണ്ടായിട്ടുണ്ട്.
സ്കൂൾ ഉണ്ടായിരുന്നെങ്കിൽ സമാധാനമായി പണിക്ക് പോകാമായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്.
ലയങ്ങളുടെ അവസ്ഥ കഷ്ടം തന്നെ
പശു തൊഴുത്തിനേക്കാൾ കഷ്ടമാണ് ചില ലയങ്ങളുടെ അവസ്ഥ. പേടിയോടെയാണ് പലരും ഇവിടെ കഴിയുന്നത്. ദിവ്യാംഗരായ ധാരാളം ആളുകൾ എസ്റ്റേറ്റ് മേഖലയിൽ ഉണ്ട്. ഇവരിൽ എസ്റ്റേറ്റിലെ ഒറ്റ മുറിക്കുള്ളിൽ ജീവിതം തള്ളി നീക്കുന്നവരുമുണ്ട്. ചില മേഖലകളിൽ സ്പെഷൽ സ്കൂളുകൾ ഉള്ളത് ഇവർക്ക് ആശ്വാസമാണ്.
എന്നാൽ കോവിഡ് കാലത്ത് സ്പെഷൽ സ്കൂളുകൾ തുറക്കാത്തത് ഭിന്നശേഷിക്കാരായ പ്രത്യേകിച്ച് സെറിബ്രൽ പാഴ്സി, ഓട്ടിസം തുടങ്ങിയവ ബാധിച്ചവർക്ക് പ്രയാസം ഉണ്ടാക്കുന്നു.
ദിവ്യാംഗരായവർക്കുള്ള പ്രത്യേക സൗകര്യങ്ങൾ തോട്ടം മേഖലയിൽ കുറവാണ്. സ്പെഷൽ സ്കൂളുകളിലേക്കോ മറ്റോ പോകുന്പോഴാണ് അവർ ലോകം എന്തെന്ന് അറിയുക. ആ ലോകവും കോവിഡ് വന്നതോടെ നഷ്ടമായവർ ഉണ്ട്.
ചില എസ്റ്റേറ്റ് മേഖലയിൽ കന്പനിയുടെ നേതൃത്വത്തിൽ തന്നെ സ്പെഷൽ സ്കൂളുകൾ, ഡെയർ സ്കൂളുകൾ എന്നിവ നടത്തുന്നുണ്ട്. ഇങ്ങനെ സ്കൂളുകൾ ഉള്ള സ്ഥലങ്ങളിലെ മാതാപിതാക്കൾക്ക് സമാധാനത്തോടെ രാവിലെ തോട്ടങ്ങളിൽ പണിക്ക് പോകാം.
പക്ഷേ ഇപ്പോഴത്തെ സ്ഥിതി അതല്ല. സ്പെഷൽ സ്കൂളുകൾ ആരംഭിച്ചു വരുന്നതേയുള്ളൂ. മക്കളെ വീട്ടിൽ തനിച്ചാക്കി പണിക്ക് പോകാനോ, പോയാൽ തന്നെ സമാധാനമായി പണി ചെയ്യാനോ അമ്മമാർക്ക് സാധിക്കാറില്ല. പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് വേണ്ട സംവിധാനങ്ങൾ എസ്റ്റേറ്റ് മേഖലയിൽ ഉടനീളം ആവശ്യമാണ്.
ഗതാഗതം പ്രായോഗികമല്ലാത്ത, കല്ലും, മണ്ണും, കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ താണ്ടി വേണം പീരുമേട്, ഏലപ്പാറ തുടങ്ങിയ മേഖലകളിലെ എസ്റ്റേറ്റുകളിലേക്ക് എത്തിപ്പെടാൻ. എല്ലാം ഒന്നിനോട് ഒന്നായ് ബന്ധപ്പെട്ട പ്രശ്നങ്ങൾ.
അറിവാണ് പരിഹാര മാർഗം
അന്പത്തിയെട്ടു വയസു കഴിഞ്ഞാൽ അഭയാർത്ഥികളെ പോലെ പടിയിറങ്ങേണ്ടവരാണ് തൊഴിലാളികൾ. അന്നിവർക്ക് ലയത്തിലെ ദുരിതത്തിൽ നിന്ന് മോചനം നേടാം.
പക്ഷേ തലമുറയായി പണിയെടുക്കുന്നവർക്ക് കൈയിൽ ഒരു തുണ്ട് ഭൂമിയുണ്ടാകില്ല. അടുത്ത തലമുറ തോട്ടത്തിൽ പണിക്കിറങ്ങുന്നു. അങ്ങനെ ലയത്തിൽ വീണ്ടും താമസിക്കാം, കഥയില്ലാത്ത ജീവിതം പോലെ.
ലയങ്ങളിലെ പ്രശ്നങ്ങൾക്ക് തലമുറകളുടെ പഴക്കമുണ്ട്. പ്രളയം വരുന്പോഴും, കോവിഡ് പോലുള്ള മഹാമാരികൾ വരുന്പോഴും ഇവ കൂടുതൽ പ്രത്യക്ഷമാകുന്നു. സർക്കാരിന്റെ പ്രത്യേക പാക്കേജുകൾ തോട്ടം മേഖലയിൽ വേണ്ടതാണ്. പ്രത്യേകിച്ച് ഉടമകൾ ഉപേക്ഷിച്ച എസ്റ്റേറ്റുകളിൽ.
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനും, പുതിയ റേഷൻ കാർഡ് എടുക്കാനുമെല്ലാം സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ അതെങ്ങനെ ചെയ്യണം എന്നൊന്നും ആർക്കും അറിയില്ല.
ആശ പ്രവർത്തകർ, എസ് സി പ്രൊമോട്ടർമാർ എന്നിവരുടെയടക്കം സേവനങ്ങൾ തോട്ടം മേഖലയിൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്നും പത്താം ക്ലാസിൽ പഠനം അവസാനിപ്പിക്കുന്നവർ തോട്ടം മേഖലയിൽ ഉണ്ട്.
പിഎസ്സി, എസ്എസ്സി പോലുള്ള പരീക്ഷകൾ, ഉന്നത സർവകലാശാലകൾ, തുടർ പഠന കോഴ്സുകൾ ഇവയെക്കുറിച്ച് കാര്യമായ അറിവുകൾ തോട്ടം മേഖലയിൽ ജീവിക്കുന്ന കുട്ടികൾക്ക് ഇല്ല.
പ്രത്യേക കരിയർ ഗൈഡൻസ്, പിഎസ്സി പോലുള്ള പരീക്ഷകൾക്കുള്ള ക്ലാസുകളെങ്കിലും സൗജന്യമായി ആരംഭിക്കേണ്ടതുണ്ട്. തോട്ടം മേഖലയിൽ നിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവരുടെ സഹായവും ഇതിനായി തേടാം.
തലമുറ കൈമാറി വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വിദ്യാഭ്യാസത്തിലൂടെ കഴിയും.
തേയില തോട്ടങ്ങളിൽ മഞ്ഞിറങ്ങുന്നത് കാണാൻ നല്ല രസമാണെന്ന് ഏലപ്പാറയിലെയും, പീരുമേടിലെയും, വാഗമണ്ണിലെയുമൊക്കെ തേയില തോട്ടങ്ങളിൽ സഞ്ചരിക്കുന്പോൾ മനസിൽ തോന്നാം. പക്ഷേ മൂടൽ മഞ്ഞ് നിറഞ്ഞ ജീവിതത്തെ വകഞ്ഞു മാറ്റി പുതു ജീവിതം തേടുകയാണവർ. ഈ കോവിഡ് കാലത്ത്, മഹാമാരിയെക്കാൾ ഉപരി ദാരിദ്ര്യവും, പല വിധ ബുദ്ധിമുട്ടുകളും വരിഞ്ഞ് മുറുകു ന്പോഴും ലയങ്ങളിലെ നാല് ചുവരുകൾക്കുള്ളിൽ സ്വപ്നങ്ങൾ ഇവരുടെ കൂട്ടിനുണ്ട്. ആ സ്വപ്നങ്ങളാണ് ഇവരുടെ പ്രതീക്ഷ.
(അവസാനിച്ചു)
തയാറാക്കിയത്: ജോമോൾ ജോസ്