ഏലപ്പാറയിലെ എസ്റ്റേറ്റ് ലയങ്ങളിലേക്കുള്ള യാത്രയിൽ, താഴെ ഏലപ്പാറ ടൗണും അവിടെ നിരനിരയായുള്ള ചായം പൂശിയ ചെറിയ വീടുകളും കാണാം.
എസ്റ്റേറ്റിൽ മുന്പ് ജോലി ചെയ്തിരുന്നവരുടേതാണ് ഇപ്പോൾ ആ ചായം പൂശിയ വീടുകളിൽ ഏറെയും. അതായത് ലയത്തിലെ ദുരിതത്തിൽ നിന്ന് രക്ഷപ്പെട്ടവരുടേത്. ആ വീടുകൾ കാണുന്പോൾ അതു പോലെ ചായം പൂശിയ വീടുകൾ തങ്ങൾക്കും ഒരുനാൾ സ്വന്തമാകും എന്ന് വിശ്വസിക്കുകയാണ് എസ്റ്റേറ്റിലെ പാവപ്പെട്ട തൊഴിലാളികൾ.
നാല് ചുവരുകൾക്കുള്ളിലെ സ്വപ്നങ്ങൾ
ടാർപോളിൻ ഷീറ്റുകൾ മേൽക്കൂരയിൽ വലിച്ചു കെട്ടിയിരിക്കുന്നു. എന്നിട്ടും ഉൗർന്നിറങ്ങുന്ന മഴത്തുള്ളികളെ തടുക്കാൻ വീടിനുള്ളിൽ നിരത്തിയ പാത്രങ്ങൾ, പൊട്ടി പൊളിഞ്ഞ ഷീറ്റുകൾ, ജീർണിച്ച വാതിലുകൾ.
ഇതാണ് മിക്ക തൊഴിലാളി ലയങ്ങളുടെയും അവസ്ഥ. ലയത്തിലെ ഒന്നോ രണ്ടോ കുടുസ്സു മുറിയിലും, അടുക്കളയിലും അന്തിയുറങ്ങുന്നവരുടെ എണ്ണം ചിലപ്പോൾ പത്തോ പന്ത്രണ്ടോ വരെയാകാം.
കൊളുന്ത് നുള്ളുക, കഞ്ഞി കുടിക്കുക, ഉറങ്ങുക, അതിനിടയിൽ ഇപ്പോഴത്തെ ദുരിത ജീവിതം മാറുമെന്ന് സ്വപ്നം കാണുക… ഇതാണ് ലയങ്ങളിലെ ജീവിതം. ഇത്തരം സ്വപ്നങ്ങളാണ് നാലു ചുവരുകൾക്കുള്ളിലെ ജീവിതത്തിലും ഇവരെ സന്തോഷിപ്പിക്കുന്നതും, പ്രതീക്ഷയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും.
കേരളത്തിൽ ഇടുക്കി, വയനാട്, തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കൊല്ലം, മലപ്പുറം എന്നീ ജില്ലകളിലാണ് തേയില കൃഷിയുള്ളത്. ഏറ്റവും കൂടുതൽ തേയില കൃഷി ചെയ്യുന്നത് ഇടുക്കിയിലാണ്.
മൂന്നാർ, പീരുമേട്, ഏലപ്പാറ, ഉപ്പുതറ, വാഗമണ് എന്നിവടങ്ങളിൽ ചെറുതും, വലുതും, പൂട്ടി പോയതുമായ നിരവധി എസ്റ്റേറ്റുകളുണ്ട്. എസ്റ്റേറ്റുകൾ ഏതാണെങ്കിലും ലയങ്ങളുടെ അവസ്ഥ പരിതാപകരമാണ്.
പതിനായിരക്കണക്കിന് തൊഴിലാളികൾ ഈ മേഖലയിലുണ്ട്. ലയങ്ങളിലെ നാലു ചുവരുകൾക്കുള്ളിൽ കുട്ടികളും, സ്ത്രീകളും, ദിവ്യാംഗരായവരും നേരിടുന്ന പ്രയാസങ്ങൾ ഉൗഹിക്കാവുന്നതിലേറെയാണ്.
തേയില തോട്ടം മേഖലയിലെ ജീവിതം ഇത്രത്തോളം കടുപ്പമേറിയതാണെന്ന്, കടുപ്പമുള്ള ചായ ഉൗറി കുടിക്കുന്പോഴും ആർക്കും അറിയില്ല. എത്ര ഉൗതിയാലും തണുക്കാത്ത ചൂടേറിയ പ്രയാസങ്ങളാണ് അവയൊക്കെയുമെന്ന്. ഈ കോവിഡ് മഹാമാരി കാലത്തും തോട്ടം മേഖലയിൽ സ്ഥിതി മറ്റൊന്നായിരുന്നില്ല.
അഞ്ചു കിലോ അരിക്കായി എട്ടു കിലോമീറ്റർ നടന്ന്
‘സാറേ വീട്ടിൽ അരി തീർന്നു. എങ്ങനെയെങ്കിലും സഹായിക്കാമോ’? ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂൾ അധ്യാപകൻ ഫൈസൽ മുഹമ്മദിന് കോവിഡ് ലോക്ഡൗണ് സമയത്ത് വന്ന ഫോണ് കോളാണിത്.
ഏലപ്പാറയിൽ എസ്റ്റേറ്റ് മേഖലയിൽ താമസിക്കുന്ന സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു വിളിച്ചത്. സർക്കാരിന്റെ സൗജന്യ റേഷനായിരുന്നു കോവിഡ് കാലത്ത് അവർക്ക് ആശ്രയം.
പക്ഷേ വീട്ടിൽ പത്തോളം അംഗങ്ങൾ ഉള്ളതു കൊണ്ട് കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായി. അതാണ് അധ്യാപകനെ വിളിക്കാനുണ്ടായ കാരണം.
വിവിധ തോട്ടം മേഖലയിൽ നിന്നുള്ള കുട്ടികൾ ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂളിൽ പഠിക്കുന്നുണ്ട്. അവരിൽ ചിലരുടെ അവസ്ഥ ദയനീയമായിരുന്നു.
ലയങ്ങളിലെ പ്രശ്നങ്ങൾ അറിയാവുന്ന അധ്യാപകർ സൗജന്യ ഭക്ഷ്യ കിറ്റുകൾ, പുസ്തകങ്ങൾ, ഓണ്ലൈൻ വിദ്യാഭ്യാസത്തിന് ടെലിവിഷൻ എന്നിവ എസ്റ്റേറ്റ് മേഖലയിൽ വിതരണം ചെയ്തു.
ഫോണിൽ വിളിച്ച കുട്ടിയുടെ വാക്കുകളിലെ ദൈന്യത കൂടുതൽ മനസ്സിലായത് കിറ്റ് വിതരണത്തിന്റെ സമയത്താണ്. അഞ്ച് കിലോ അരി വാങ്ങാൻ എട്ട് കിലോമീറ്റർ നടന്ന് വന്ന സ്ത്രീയും,
ജനിച്ചിട്ട് ഇന്നേ വരെ രണ്ടേ രണ്ടു പ്രാവശ്യം മാത്രം ബിസ്കറ്റ് തിന്നിട്ടുള്ള കുട്ടിയും നമ്മുടെ ലയത്തിലുണ്ട് ഭക്ഷ്യ കിറ്റ് വിതരണത്തിനിടയിൽ കണ്ട മുഖങ്ങളെ ഫൈസൽ മുഹമ്മദെന്ന അധ്യാപകൻ ഇങ്ങനെയാണ് വിവരിച്ചത്.
(തുടരും)
തയാറാക്കിയത്: ജോമോൾ ജോസ്