റെജി ജോസഫ്
ഒരിക്കലും മോചനമില്ലാത്ത തടവറപോലെയാണ് തോട്ടം തൊഴിലാളികളുടെ ജീവിതം. ദുരിതങ്ങൾ മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട തലമുറകൾ.
കേരളത്തിലെ തേയില, റബർ, കാപ്പി, ഏലം തോട്ടങ്ങളിൽ കഠിനാധ്വാനം ചെയ്തു കുടുംബം പോറ്റുന്ന സ്ത്രീകൾ ഉൾപ്പെടെ തൊഴിലാളികൾക്ക് പറയാനുള്ളത് ഇല്ലായ്മകളുടെയും കഷ്ടതകളുടെയും അനുഭവങ്ങൾ മാത്രം.
കണ്ണെത്താ ദൂരം വിസ്തൃതമായ തോട്ടങ്ങളിലെ കാലഹരണപ്പെട്ട ലയങ്ങളിൽ ജീവിതം ഹോമിച്ചുതീർക്കുന്ന ഇവർക്ക് സ്വന്തമായി മണ്ണില്ല, വീടില്ല, പ്രതീക്ഷകളുമില്ല.
ബ്രിട്ടീഷുകാരുടെയും പിൽക്കാലത്ത് കോർപറേറ്റ് കന്പനികളുടെയും നുകത്തിനു കീഴിൽ അടിമകളെപ്പോലെ ഇവർ കഴിയുന്നു. എക്കാലത്തും ഒരേ ജോലി, ഒരേ ജീവിതം.
അറിയുന്നില്ല ഈ ദുരവസ്ഥ
പെണ്പിളൈ ഒരുമൈ പ്രക്ഷോഭത്തിനും പെട്ടിമുടി ഉരുൾദുരന്തത്തിനും സാക്ഷ്യം വഹിച്ച കേരളസമൂഹം അറിയുന്നില്ല തോട്ടം തൊഴിലാളികളുടെ ജീവിത ദുരവസ്ഥ. കേരളത്തിൽ ഇത്രയേറെ അധ്വാനവും പരിമിതമായ കൂലിയും നാമമാത്ര ആനുകൂല്യങ്ങളുമുള്ള തൊഴിൽ സമൂഹം വേറെയുണ്ടാവില്ല.
പെട്ടിമുടി കണ്ണൻ ദേവൻ തോട്ടത്തിലെ ലയങ്ങളെ ഉരുൾ വിഴുങ്ങി 70 തൊഴിലാളികളാണ് മണ്ണിനടിയിൽ ശ്വാസംമുട്ടി മരിച്ചത്. ഒന്നോ രണ്ടോ കുടുസുമുറികളിൽ മൂന്നു നാലു തലമുറകൾ ഒരുമിച്ചു പാർത്തുപോന്ന ലയങ്ങളെ ചെളിമണ്ണും മലവെള്ളവും വിഴുങ്ങിയതിൽ ഇനിയും കണ്ടെടുക്കാനുണ്ട് നാലു മൃതദേഹങ്ങൾക്കൂടി.
തേയിലത്തോട്ടത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ താമസിച്ചിരുന്ന 80 മുറികളുള്ള നാലു ലയങ്ങളാണ് ഉരുൾപൊട്ടലിൽ നാമാവശേഷമായത്.
ദുരന്തം ആവർത്തിച്ചേക്കാം
കാലപ്പഴക്കം ചെന്ന നൂറുകണക്കിനു ലയങ്ങളിൽ സമാനമായ ദുരന്തം ആവർത്തിച്ചേക്കാമെന്ന് പെട്ടിമുടി അടയാളപ്പെടുത്തുന്നു. തേയില, കാപ്പി, റബർ തോട്ടങ്ങളിൽ പണിക്കു കൊണ്ടുവന്നവരെ പാർപ്പിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടാക്കിയതാണ് തീവണ്ടിബോഗിപോലെയുള്ള നിർമിതികൾ.
ഒരിക്കൽപ്പോലും അറ്റകുറ്റപ്പണിയില്ലാത്ത ഇരുൾ മുറികൾ. ഒരേ ഘടനയിൽ ബ്രിട്ടീഷുകാരും കോർപറേറ്റ് കന്പനികളും പണിതിരിക്കുന്ന എണ്ണമറ്റ ലയങ്ങളിൽ മൂന്നു ലക്ഷത്തിലെറെപ്പേരാണ് പാർക്കുന്നത്. തമിഴ്നാട്ടിലും കർണാടകത്തിലും നിന്നുകൊണ്ടുവന്ന ദളിത് പിന്നോക്ക വിഭാഗങ്ങളാണ് ഇവരേറെയും.
ബിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയിൽനിന്ന് വൻകിട കന്പനികൾ തോട്ടങ്ങൾ ഏറ്റെടുത്തിട്ടും ഈ ദിവസവേതനക്കാർക്ക് ജീവിതം ജീവപര്യന്തമാണ്. തോട്ടങ്ങളുടെ ഉടമസ്ഥതയെയും സേവന വേതനങ്ങളെയും ചൊല്ലി വ്യവഹാരങ്ങൾ തുടരുന്നതിനാൽ ലയങ്ങളുടെ അറ്റകുറ്റപ്പണികൾ മുടങ്ങിയിരിക്കുന്നു. 125 വർഷം വരെ പഴക്കമുള്ളവയാണ് ഈ പാർപ്പിടങ്ങൾ.
ദുരിതത്തിന് അറുതിയായില്ല
അഞ്ചു വർഷം മുൻപത്തെ പെണ്പിളൈ ഒരുമൈ തൊഴിൽ സമരം. മുല്ലപ്ലൂ വിപ്ലവമെന്നും കൊളുന്തുവിപ്ലവമെന്നും അറിയപ്പെട്ട സ്ത്രീ മുന്നേറ്റം ദുരിതങ്ങൾക്കും ചൂഷണത്തിനും പരിഹാരം തേടിയും മിനിമം വേതനം ഉറപ്പാക്കാനുമായിരുന്നു.
232 രൂപയായിരുന്ന ദിവസക്കൂലി 301 രൂപയായി വർധിപ്പിച്ചതല്ലാതെ ദുരിതങ്ങൾക്കു മാറ്റം വന്നില്ല. ജോലിയിൽ നിന്നു പിരിഞ്ഞു 15 വർഷമായിട്ടും ആനുകൂല്യങ്ങൾ ലഭിക്കാത്തവരുമുണ്ട്- പെണ്പിളൈ ഒരുമൈ നേതാക്കളായ ലിസിയും ഗോമതിയും പറഞ്ഞു.
തൊഴുത്തുകളെക്കാൾ ദയനീയമായ വാസസ്ഥലങ്ങൾ. ഒന്നോ രണ്ടോ മുറികളും അടുക്കളയും ചേർന്ന പാടികളിലാണ് അഞ്ചും ആറും പേരുടെ പാർപ്പ്.
മൂന്നാർ മേഖലയിൽ മാത്രം നിലംപൊത്താറായ 335 ലയങ്ങൾ ഉണ്ടെന്നാണ് സാമുഹ്യക്ഷേമ വകുപ്പിന്റെ കണക്ക്. കടുത്ത തണുപ്പും വേനൽ ചൂടും പ്രതിരോധിക്കാത്ത മറപ്പുരകൾ മാത്രമാണിവ. വൃത്തിഹീനമായ അന്തരീക്ഷത്തിൽ മനുഷ്യരും നായകളും കാലികളും ഇതിൽ ഒരുമിച്ചു പാർക്കുന്നു.
എത്ര തലമുറകൾ ഒരേ ലായത്തിൽ പാർത്താലും ഒരു ലായവും തൊഴിലാളിക്ക് അവകാശമായി എഴുതി കിട്ടില്ല. തമിഴരും മലയാളികളും ആസാമിലും ജാർഖണ്ഡിലും ബംഗാളിലും നിന്നുള്ളവരൊക്കെയാണ് ഇക്കാലത്ത് അഭയാർഥികളെപ്പോലെ പാർപ്പുകാർ.
കേരളത്തിന്റെ കാഷ്മീർ
കേരളത്തിന്റെ കാഷ്മീരെന്നാണ് മൂന്നാറിന് അപരനാമം. പച്ചമെത്ത പോലെ തേയിലക്കാടുകളും വർണവസന്തം വിരിയിക്കുന്ന പൂന്തോട്ടങ്ങളും മഞ്ഞുപുതച്ച മലനിരകളും വെള്ളിക്കല പോലെ ചോലകളും ഒഴുകുന്ന മനോഹരപ്രദേശം.
വാഗമണും പീരുമേടും പെരിയാറും പൊൻമുടിയും വയനാടും തെൻമലയുമൊക്കെ സഞ്ചാരികളുടെ പറുദീസ തന്നെ. നീലഗിരിയും ഉൗട്ടിയുംപോലെ ഇവിടങ്ങളെയും വശ്യമാക്കുന്നത് പച്ചപ്പു പുതച്ച തോട്ടങ്ങൾതന്നെ.
വിനോദസഞ്ചാരത്തിലും ജൈവവൈവിധ്യത്തിലും സന്പന്നമായ മലയോര തോട്ടങ്ങളിലെ പിന്നോക്കവിഭാഗങ്ങളുടെ ദുരിതങ്ങൾ പുറംലോകം അറിയുന്നില്ല. ഇവിടത്തെ ടൂറിസം ഖജനാവിലേക്ക് കോടികൾ എത്തിക്കുന്പോഴും പട്ടിണിയും പരിമിതികളുമായി കഴിയുന്ന പണിക്കാരുടെ ദുരിതം കൂടുന്നതേയുള്ളു.
കിളിന്തെടുക്കലും തേയില നിർമാണവുമൊക്കെ സഞ്ചാരികൾക്ക് രസക്കാഴ്ചകളാണ്. ഓരോ കവിൾ ചായ നുണയുന്പോഴും അറിയുന്നില്ല ഈ രുചിരസം ഇവരുടെ വിയർപ്പിന്റെയും സഹനത്തിന്റെയും ചേരുവയാണെന്ന്.
(തുടരും)