റെജി ജോസഫ്
മേലാളൻമാരുടെ കഠിനശിക്ഷയിൽ പുളഞ്ഞകാലങ്ങളിൽ തൊഴിലാളികൾ ഒളിച്ചോടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. അടച്ചു പൂട്ടിയ തോട്ടങ്ങളുടെ വാതിലിനു മുന്നിൽ കാവൽക്കാർ അവരെ തടഞ്ഞു വെച്ച് തല്ലി ലയങ്ങളിലേക്ക് തിരികെയെത്തിച്ചതാണ് പൂർവികരുടെ അനുഭവം.
എക്കാലവും തോട്ടങ്ങൾ വിവേചനങ്ങളുടെ തൊഴിലിടമാണ്. കറുത്ത കോട്ടിട്ട കങ്കാണിക്കും അയ്യാ എന്ന കണക്കപ്പിള്ളക്കും മുന്നിൽ തൊഴിലാളി ചെരിപ്പിട്ട് നടക്കാൻ പാടില്ലെന്നതായിരുന്നു നാലു പതിറ്റാണ്ടു മുന്പുവരെ പല തോട്ടങ്ങളിലെയും അലിഖിത നിയമം.
വീഴ്ച വരുത്തിയാൽ കുറുവടിയും ചാട്ടവാറും കൊണ്ട് മേലാളൻമാർ പണിയാളൻമാരുടെ മുട്ടുകാലിനു താഴെ പൊതിരെ തല്ലിയിരുന്നു.
ഓരോ തോട്ടത്തിലും സംഘടിത തൊഴിലാളി യൂണിയനുകളുടെ കൊടിയടയാളവും പോസ്റ്ററുകളും നിറയെ കാണാനുണ്ടെങ്കിലും തൊഴിലാളികളുടെ ജീവിതം എക്കാലവും നരകതുല്യം. ഇപ്പോൾ ജോലി ചെയ്യുന്നതാവട്ടെ തമിഴരുടെ ആറാം തലമുറയാണ്.
ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല
എൻഡോസൾഫാനു സമാനമായ കീടനാശിനികളാണ് തേയിലയിൽ ഈച്ചയും പ്രാണിയും കീടങ്ങളും ആക്രമിക്കാതിരിക്കാൻ പ്രയോഗിക്കുന്നത്.
കിളിന്ത് നുള്ളുന്ന സ്ത്രീകളും ലായങ്ങളിൽ പാർക്കുന്നവരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല. കാൻസർ ഉൾപ്പെടെ രോഗങ്ങളും ജനിതക വൈകല്യങ്ങളും തോട്ടം മേഖലയിൽ വർഷവും വർധിക്കുന്നു.
കഷ്ടമാണ് സ്ത്രീകളുടെ കാര്യം
വൈകുന്നേരം പണിയിടത്തിൽ നിന്നു മടങ്ങി വരുന്പോഴും തീരുന്നതല്ല സ്ത്രീകളുടെ അധ്വാനം. ഞെരുങ്ങിപ്പാർക്കുന്ന എട്ടും പത്തും അംഗങ്ങൾക്ക് അത്താഴം മാത്രമല്ല പിറ്റേന്നു പ്രഭാതത്തിലേക്കുള്ള ഭക്ഷണം തയാറാക്കണം. നവജാതർ മുതൽ വയോധികർ വരെയാണ് ഇവരുടെ സംരക്ഷണത്തിൽ കഴിയുന്നത്. വെള്ളം ശേഖരിക്കണം, വീടു വൃത്തിയാക്കണം, തുണി അലക്കണം.
തരി മണ്ണോ ഒരു മുറി വീടോ സ്വന്തം പേരിൽ ഇല്ലാത്ത ഏക സമൂഹമാണ് തോട്ടം തൊഴിലാളികൾ. 2019 നവംബറിൽ തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞത് 32,591 തോട്ടം തൊഴിലാളികൾക്ക് കേരളത്തിൽ വീടും ഭൂമിയുമില്ലെന്നാണ്.
കുടുസുമുറി ജീവിതം
വെള്ളയും പച്ചയും മഞ്ഞയും ചായം പൂശിയ കുടുസുമുറികളെല്ലാം ജയിലറകൾക്കു സമാനം. ഇവരുടെ ക്ഷേമ ചുമതല ഉടമകളുടേതായതിനാൽ സർക്കാരുകൾ ഇടപെടലുകൾ നടത്താറില്ല.
20 വർഷം മുൻപ് കന്പനികൾ ഉപേക്ഷിച്ചുപോയ ചീന്തലാർ, ലോണ്ട്രി ബോണാമി, കോട്ടമല എസ്റ്റേറ്റുകൾ. ഇവിടങ്ങളിൽ തേയില ഫാക്ടറികൾ അസ്ഥിപഞ്ചരം പോലെ ദ്രവിച്ചു വീഴുന്ന കാഴ്ച.
തോട്ടങ്ങളിലെ തൊഴിലാളികൾ പുറത്തുപോയി കൂലിപ്പണിയെടുത്തു കുടുംബം പോറ്റുന്നു. ചിലരൊക്കെ തമിഴ്നാട്ടിലേക്കു മടങ്ങി.
പദ്ധതികളുണ്ട്, പക്ഷേ…
മൈത്രി, ഇ.എം.എസ്, ലൈഫ്, പി.എം.എ.വൈ, ഇന്ദിര ആവാസ് യോജന തുടങ്ങി ഭവന നിർമാണ പദ്ധതികൾ പലതുണ്ടെങ്കിലും ഇവർ നൽകുന്ന അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ പിൻതള്ളപ്പെടുന്നു. തൊഴിലാളികളിൽ മൂന്നു ശതമാനത്തിനു മാത്രമാണ് പാർപ്പിട പദ്ധതികളുടെ നേട്ടം ഇന്നേവരെ കിട്ടിയിട്ടുള്ളത്.
വിവിധ കന്പനികൾ തേയിലയും കാപ്പിയും റബറും കിഴക്കൻമലകളിൽ നട്ടുവളർത്തിയ കാലത്തും ബാക്കി കിടന്ന സർക്കാർ ഭൂമി അതേ പോലെ സംരക്ഷിച്ചവരാണ് തൊഴിലാളികൾ.
ഒരു കൂര പണിയാനുള്ള ഭൂമിപോലും കൈയേറുകയോ വന്യജീവികളെ വേട്ടയാടുകയോ ഇവരാരും ചെയ്തില്ല. പിൽക്കാലത്ത് ഭൂമാഫിയ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിൽ കൈയേറി ഭൂമി കെട്ടിയടച്ച് റിസോർട്ടുകൾ പണിതീർക്കുകയും ചെയ്തു.
58 തികഞ്ഞാൽ
58 വയസ് തികഞ്ഞാൽ തൊഴിലാളി ലായങ്ങളുടെ പടിയിറങ്ങണമെന്നാണ് നിയമം. ഭാര്യ തോട്ടത്തിലെ തൊഴിലാളിയാണെങ്കിൽ ഇവരുടെ പേരിലേക്ക് ലായം മാറും.
ഭാര്യ പിരിയുന്പോൾ മക്കൾ ജോലിയിലുണ്ടെങ്കിൽ പാർപ്പു തുടരാം. അതിനാൽ മക്കളെ തോട്ടം പണിയിൽ തൊഴിലാളികളാക്കുകയല്ലാതെ ഇവർക്കു മാർഗമില്ല. ഇത്തരത്തിൽ മോചനം അന്യമായ അടിമജീവിതമാണ് ഇവരുടേത്.
അതി കഠിനമാണ് ജോലി. തളിരെടുക്കുന്നതിൽ മഴയും മഞ്ഞും വെയിലും തടസമാകുന്നില്ല. പുലരും മുൻപ് കിലോമീറ്ററുകൾ ഓടി കങ്കാണിമാർ അതിരു നിശ്ചയിക്കുന്ന പണിയിടത്തിലെത്തണം.
വൈകാരിക ബന്ധനം!
അച്ഛനമ്മമാരിൽ നിന്ന് മക്കളിലേക്ക് തുടരുന്ന തൊഴിലായതിനാൽ ജനനവും ജീവിതവും മരണവുമൊക്കെ ഒരേ മുറിയിൽതന്നെ. മരിക്കുന്പോൾ മറവു ചെയ്യുന്നതും ഇതേ തോട്ടത്തിലെ അതിരുകളിൽതന്നെ.
പൂർവികരെ അടക്കം ചെയ്ത മണ്ണായതിനാൽ വരുംതലമുറകൾക്ക് ഇവിടം വിട്ടുപോകാനും വൈകാരികമായ ബുദ്ധിമുട്ടുകളുണ്ട്.
എസ്റ്റേറ്റുകളിൽ തൊഴിലാളി സംഘടനകൾക്കും പാർട്ടിക്കൊടികൾക്കും കുറവൊന്നുമില്ല.
ഇവിടങ്ങളിൽനിന്ന് നിരവധി നേതാക്കളും എംഎൽഎമാരുമൊക്കെയുണ്ടായിട്ടുണ്ട്. തൊഴിലാളികളെ മുതലെടുത്തു നേതാക്കളായവരൊക്കെ പിൽക്കാലത്ത് തോട്ടവും ലായങ്ങളും വിട്ട് നഗരങ്ങളിൽ ബംഗ്ളാവ് പണിയിച്ച് പ്രമാണിമാരായ അനുഭവങ്ങളാണ് തൊഴിലാളികൾക്കു പറയാനുള്ളത്.
(തുടരും)