ഇന്ത്യൻ ക്ലബ് ഫുട്ബോളിലെ ഒരു വന്പൻ ലയനം വരും മാസങ്ങളിൽ നടക്കും. ഐ ലീഗ് ചാന്പ്യന്മാരായ മോഹൻ ബഗാനും ഐഎസ്എൽ ചാന്പ്യന്മാരായ എടികെയുമാണ് ലയിക്കുക. 130 വർഷം പഴക്കമുള്ള കോൽക്കത്തൻ ക്ലബ്ബാണ് മോഹൻ ബഗാൻ.
ഐഎസ്എൽ തുടങ്ങിയ 2014ൽ അത്ലറ്റിക്കോ ഡി കോൽക്കത്തയായിരുന്ന്, പിന്നീട് എടികെയായി മാറിയ ക്ലബ്ബിന്റെ ആസ്ഥാനവും കോൽക്കത്ത തന്നെ.
ഈ ലയനം ഇരു ടീമുകളും ഈ സീസണിലെ ചാന്പ്യന്മാരാകുന്നതിനു മുന്പുതന്നെ പ്രഖ്യാപിച്ചതാണ്. വരും വർഷങ്ങളിൽ ഐ ലീഗും ഐഎസ്എലും ഒന്നിച്ചാകുമെന്നും ഐഎസ്എൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗാകുമെന്നും നേരത്തേ ധാരണയായിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന കോൽക്കത്തയുടെ ഹൃദയതാളത്തിനൊപ്പം കഴിഞ്ഞ 130 വർഷം ചേർന്നുനിന്ന മോഹൻ ബഗാൻ 2019-20 സീസണ് ഐ ലീഗ് കിരീടത്തോടെ ചരിത്ര താളുകളിലേക്ക് മറയും. അതുപോലെ ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും അധികം തവണ കിരീടം നേടിയ (മൂന്ന്) റിക്കാർഡുമായാണ് എടികെയും ലയിക്കുക.
രണ്ട് ക്ലബ്ബുകളും കൂടി ലയിച്ച് പുതിയ ക്ലബ്ബാകുന്പോൾ എടികെയുടെ ഉടമസ്ഥരായ ആർ.പി. സഞ്ജീവ് ഗോയങ്കെ (ആർപിഎസ്ജി) ഗ്രൂപ്പിന് ഇതിൽ 80 ശതമാനം ഓഹരിയും മോഹൻ ബഗാന് 20 ശതമാനവുമാണ് ഉണ്ടാകുക. 2020-21 സീസണിലെ ഐഎസ്എ എടികെ മോഹൻ ബഗാൻ എഫ്സി എന്ന പുതിയ ടീമാണ് കളത്തിലുണ്ടാകുക.
അടുത്ത സീസണിനു മുന്നോടിയായി രണ്ട് താരങ്ങളെ ഇതിനോടകം എടികെ സ്വന്തമാക്കിയിട്ടുമുണ്ട്. ഐഎസ്എൽ പോയിന്റ് ടേബിളിൽ ഇത്തവണ ഒന്നാമത് ഫിനിഷ് ചെയ്ത എഫ്.സി. ഗോവയുടെ മുന്നേറ്റതാരം മൻവീർ സിംഗിനെയും മുംബൈ സിറ്റിയുടെ പ്രതിരോധതാരം സുഭാശിഷ് ബോസിനേയുമാണ് കോൽക്കത്ത ക്ലബ് റാഞ്ചിയത്.
‘തുടരാൻ ആഗ്രഹം’
ഐഎസ്എലിൽ രണ്ട് കിരീടം നേടിയ ഏക പരിശീലകനാണ് സ്പാനിഷുകാരനായ അന്റോണിയോ ലോപ്പസ് ഹബാസ്. 2014ൽ ഐഎസ്എലിന്റെ ഉദ്ഘാടന സീസണിൽ അത്ലറ്റിക്കോ ഡി കോൽക്കത്തയുടെയും ഇത്തവണ എടികെയുടെയും പരിശീലകനായാണ് ഹബസ് ഈ നേട്ടം സ്വന്തമാക്കിയത്.
ഡി കോൽക്കത്ത പേര് മാറി എടികെ ആയപ്പോഴും കിരീട വഴിയിൽ ഹബാസിന്റെ തന്ത്രമാണ് ഫലം കണ്ടത്. ഐ ലീഗ് ചാന്പ്യന്മാരായ മോഹൻ ബഗാനും ഐഎസ്എൽ ചാന്പ്യന്മാരായ എടികെയും ലയിക്കുന്പോൾ ഹബാസിന് ഒരു ആഗ്രഹമുണ്ട്, ലയനശേഷവും ക്ലബ്ബിന്റെ പരിശീലകനായി തുടരുക എന്നത്. ലയിച്ചു കഴിഞ്ഞും പരിശീലകനായി തുടരാനാണ് ആഗ്രഹം. കരാർ നീട്ടിക്കിട്ടുമെന്നാണ് വിശ്വാസം- ഹബാസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് സീസണിൽ പ്ലേ ഓഫിൽ എത്താൻ എടികെയ്ക്ക് കഴിയാതെവന്നതോടെയാണ് 2016ൽ ക്ലബ് വിട്ട ഹബാസിനെ തിരികെ കൊണ്ടുവന്നത്. തിരിച്ചുവരവ് കിരീടത്തിലൂടെയാണ് ഹബാസ് സാധൂകരിച്ചത്. മോഹൻ ബഗാന് ഐ ലീഗ് കിരീടം നേടിക്കൊടുത്തതും ഒരു സ്പാനിഷ് പരിശീലകനാണെന്നതും ശ്രദ്ധേയം. കിബു വിക്കുനയായിരുന്നു ഈ സീസണിൽ ബഗാന്റെ പരിശീലകൻ.
എടികെയിലേക്കുള്ള മടങ്ങിവരവിൽ ഹബാസ് ഒരു കാര്യംമാത്രമാണ് ആവശ്യപ്പെട്ടത്, ടീം തെരഞ്ഞെടുപ്പിൽ പൂർണ സ്വാതന്ത്ര്യം. അത് ലഭിച്ചതോടെ ആദ്യ ചെയ്തത് ഓസ്ട്രേലിയൻ എ ലീഗിൽ കഴിഞ്ഞ സീസണിൽ വെല്ലിംഗ്ടണ് ഫോണിക്സിന്റെ മുന്നേറ്റ സഖ്യമായിരുന്ന റോയ് കൃഷ്ണയെയും ഡേവിഡ് വില്യംസിനെയും കോൽക്കത്തയിലെത്തിച്ചു.
എ ലീഗിൽ റോയ് 19 ഗോളും വില്യംസ് 11 ഗോളും നേടിയിരുന്നു. എ ലീഗിൽ നിർത്തിയിടത്തുനിന്ന് ഐഎസ്എലിൽ ഇരുവരും തുടങ്ങി. റോയ് 15 ഗോളും വില്യംസ് ഏഴു ഗോളും നേടി. ഗോൾഡൻ ബൂട്ടിന് അർഹനായതും റോയ് ആണ് .