വലന്‍സിയ: ബാഴ്സലോണയുടെ വിജയക്കുതിപ്പ്് അപ്രതീക്ഷിതമായി അവസാനിച്ചു. ലാ ലിഗയില്‍ എവേ മത്സരത്തില്‍ 3-1ന് ലെവന്റെയാണ് ബാഴ്സലോണയുടെ വിജയക്കുതിപ്പിന് വിരാമമിട്ടത്. ലീഡ് നേടിയശേഷമാണ് ബാഴ്സലോണ തോറ്റത്. രണ്ടാം പകുതിയില്‍ ഏഴു മിനിറ്റിന്റെ ഇടയിലാണ് ലെവന്റെയുടെ മൂന്നു ഗോളുകളെത്തിയത്.
38-ാം മിനിറ്റില്‍ പെനല്‍റ്റി വലയിലാക്കി ലയണല്‍ മെസി ബാഴ്സലോണയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ലെവന്റെ വലയിലേക്കു തൊടുത്ത മൂന്നു ഷോട്ടുകളും ഗോളാകുകയായിരുന്നു. ഹൊസെ കാംപന 61-ാം മിനിറ്റില്‍ സമനില നേടി. ബാഴ്സലോണയുടെ പകുതിയില്‍നിന്നു പന്തുമായുള്ള കുതിപ്പാണ് ഗോളായത്. 63-ാം മിനിറ്റില്‍ ബോര്‍ഹ മയോറല്‍ ബോക്സിനു പുറത്തുനിന്നെടുത്ത ഷോട്ട് വലയില്‍ കയറിയിറങ്ങി. 67-ാം മിനിറ്റില്‍ നെമാന്‍ജ റഡോജ ലെവന്റെയുടെ ജയം ഉറപ്പിക്കുകയും ചെയ്തു.
ബാഴ്സലോണതന്നെയാണ് പോയിന്റ് നിലയില്‍ മുന്നില്‍.11 കളിയില്‍ 22 പോയിന്റാണ്. ഇത്രതന്നെ പോയിന്റുമായി റയല്‍ മാഡ്രിഡ് പിന്നിലുണ്ട്. എന്നാല്‍ ഗോള്‍ വ്യത്യാസമാണ് ബാഴ്സയെ മുന്നിലെത്തിച്ചത്.
ബാഴ്സലോണ തോറ്റതോടെ ഒന്നാം സ്ഥാനത്തെത്താന്‍ റയല്‍ മാഡ്രിഡിനും അത്ലറ്റിക്കോ മാഡ്രിഡും നഷ്ടമാക്കി. ബാഴ്സലോണയുടെ മത്സരം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു ഇവരുടെ മത്സരം.
അത്ലറ്റിക്കോ മാഡ്രിഡ്- സെവിയ്യയുമായി 1-1ന് പിരിഞ്ഞു. സ്വന്തം ഗ്രൗണ്ടില്‍ റയല്‍ മാഡ്രിഡിന് റയല്‍ ബെറ്റിസുമായി ഗോള്‍രഹിത സമനിലയില്‍ പിരിയേണ്ടിവന്നു.