എബോള പോലെതന്നെ ഉപദ്രവകാരിയാണ് ലാസാ ഫീവർ. കൂടുതലായി കാണപ്പെടുന്നത് പടിഞ്ഞാറൻ ആഫ്രിക്കയിലാണ്. 1959ൽ നൈജീരിയയിലാണ് ആദ്യമായി ലാസാ ഫീവർ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പൊതുവായി ആഫ്രിക്കയിൽ കണ്ടുവരുന്ന മാസ്റ്റോമിസ് എന്ന ഇനത്തിൽപ്പെട്ട എലിയാണ് ലാസാ ഫീവർ പടർത്തുന്നത്. പനി, ഛർദിൽ, മനംപിരട്ടൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങളെങ്കിലും പലപ്പോഴും ഇതു ലക്ഷണങ്ങളില്ലാതെയാണ് വരുന്നത്.
അതായതു രോഗബാധിതരായ പത്തു പേരെയെടുത്താൽ അതിൽ ഏഴുപേരും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കില്ല. അതുതന്നെ സമയത്തു ചികിത്സ കിട്ടാതിരിക്കാൻ കാരണമാകും. ചില കേസുകളിൽ വായ, മൂക്ക്, കുടൽ തുടങ്ങിയ ഭാഗങ്ങളിൽ രക്തസ്രാവവും മുഖത്തു നീരും കണ്ടുവരാം. ചിലരിൽ കേൾവിക്കുറവും കണ്ടുവരുന്നുണ്ട്.
കരൾ, വൃക്ക
കരൾ, വൃക്ക, സ്പ്ലീൻ തുടങ്ങിയ അവയവങ്ങളെ ലാസാ ഫീവർ വൈറസുകൾ ബാധിക്കും. രോഗവാഹകനായ എലിയുടെ മൂത്രം, കാഷ്ഠം എന്നിവയിലൂടെയാണ് വൈറസ് മനുഷ്യശരീരത്തിലേക്കു പ്രവേശിക്കുന്നത്. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷംപേരെ വരെ ലാസാ ഫീവർ ബാധിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.
രോഗബാധിതനായ വ്യക്തിയെ സ്പർശിക്കുന്നതും ശുശ്രൂഷിക്കുന്നതും വഴി രോഗം മറ്റുള്ളവരിലേക്കു പടരാം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം മരണസാധ്യത ഒരു ശതമാനം മാത്രമാണ്. 2020ൽ ലൈബീരിയയിൽ പടർന്നുപിടിച്ച ലാസാ ഫീവർ ഒൻപതു പേരുടെ ജീവൻ കവർന്നു.
മെർസും സാർസും
മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം) എന്ന രോഗത്തിനു കാരണമാകുന്നതു കൊറോണ വിഭാഗത്തിൽപ്പെട്ട MERS-CoV എന്ന വൈറസ് ആണ് . കോവിഡിനോടു സമാനമായ ലക്ഷണങ്ങളാണ് മെർസിനും ഉള്ളത്.പനി, ചുമ മുതലായ ലക്ഷണങ്ങളിൽ തുടങ്ങി ശ്വാസതടസത്തിലേക്ക് എത്തുന്ന മെർസ് രോഗിയെ പതുക്കെ മരണത്തിലേക്കു തള്ളി വിടുന്നു.
രോഗബാധിതരുമായി അടുത്ത് ഇടപഴകുക, സന്പർക്കം പുലർത്തുക തുടങ്ങിയ സാഹചര്യങ്ങൾ രോഗവ്യാപന സാധ്യത കൂട്ടുന്നു. സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട മെർസ് വവ്വാലുകളിലൂടെയും ഒട്ടകങ്ങളിലൂടെയുമാണ് മനുഷ്യരിലേക്കു പടരുന്നത് എന്നു പറയുന്നു.
കൊറോണ വൈറസ് തന്നെയാണ് സാർസ് (SARS-CoV-2) എന്ന രോഗത്തിനും കാരണക്കാരൻ. ഒരു ഇഴ മാത്രമുള്ള ആർഎൻഎ ആണ് സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം) വൈറസിന്റെ പ്രത്യേകത. 2002 മുതൽ 2004 വരെയുള്ള കാലയളവിനുള്ളിൽ 774ൽ പേരാണ് സാർസ് മൂലം മരിച്ചത്.
(അവസാനിച്ചു)