വാഷിംഗ്ടൺ: കുട്ടിക്കാലത്തെ അലസത പിന്നീട് യുവത്വ കാലത്ത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വരെ കാരണമായേക്കാമെന്ന് പഠനം. ഇഎസ്സി കോൺഗ്രസ് 2023ൽ അവതരിപ്പിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
നിഷ്ക്രിയരും അലസരുമായി ബാല്യകാലം ജീവിക്കുന്നത് പിന്നീട് ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ അപകടത്തിൽ എത്തിച്ചേക്കും
. അമിതഭാരമൊന്നുമില്ലാത്ത കുട്ടികളാണെങ്കിലും പോലും കുട്ടിക്കാലം മുതൽ യൗവനം വരെയുള്ള കാലഘട്ടത്തിൽ ശരീരികമായി സജീവമല്ലെങ്കിൽ ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി.
പഠനത്തിനായി നിരീക്ഷിച്ച കുട്ടികൾ ദിവസത്തിൽ ആറ് മണിക്കൂറിലധികം ഉദാസീനരായിരുന്നു. യൗവനകാലം എത്തിയപ്പോഴേക്കും ഈ സമയം ഏകദേശം മൂന്ന് മണിക്കൂർ വർധിച്ചെന്ന് പഠനം പറയുന്നു.
കുട്ടികൾ സമൂഹമാധ്യമങ്ങളിലും വീഡിയോ ഗെയിമുകളിലും ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്ന് ഈസ്റ്റേൺ ഫിൻലാൻഡ് സർവകലാശാലയിലെ ഡോ. ആൻഡ്രൂ അഗ്ബജെ പറയുന്നു.
ടിവി, മൊബൈൽ തുടങ്ങിയ സ്ക്രീനുകൾക്ക് മുന്നിൽ മണിക്കൂറുകൾ കുത്തിയിരിക്കുന്ന പ്രവണത പിന്നീട് ഹൃദയാഘാതത്തിനും പക്ഷാഘതത്തിനും സാധ്യത വർധിപ്പിക്കുന്നു. ഈ ശീലം മാറ്റിയെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.