റേഡിയോ തരംഗങ്ങള്‍ക്കു പകരം ലേസര്‍ രശ്മികള്‍! നിര്‍ണായക നേട്ടം കൈവരിക്കാനൊരുങ്ങി നാസ; എല്‍സിആര്‍ഡിയെക്കുറിച്ചറിയാം

Innovative-Laser-Beams-Data-from-NASA-Moon-Orbiter-to-Earth-at-Great-Speed-396518-2

10 വര്‍ഷത്തിനകം ചൊവ്വയിലേക്കു വരെ മനുഷ്യരെ അയക്കാനൊരുങ്ങുകയാണ് ലോകം. പക്ഷേ ആസമയത്ത് ബഹിരാകാശത്ത് ഒരു പ്രശ്‌നമുണ്ടായി ഭൂമിയിലേക്ക് വിവരമറിയിച്ചാല്‍ ഇവിടെ കിട്ടാന്‍ വൈകിയോലോ? നിലവില്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി(ആര്‍എഫ്) കമ്യൂണിക്കേഷന്റെ പരിമിതികളെ മറികടക്കാനായി പുതുവഴി കണ്ടെത്തിയിരിക്കുകയാണു നാസ. ലേസര്‍ രശ്മികള്‍ വഴിയുള്ള ഡേറ്റ കൈമാറ്റമാണു ലക്ഷ്യം.

റേഡിയോ തരംഗങ്ങളെക്കാള്‍ 10 മുതല്‍ 100 മടങ്ങു വേഗതയുണ്ടാകും ഇതുവഴിയുള്ള കൈമാറ്റത്തിന്. ഭൂമിയും രാജ്യാന്തര ബഹിരാകാശ കേന്ദ്രവും തമ്മിലുള്ള ഡേറ്റാകൈമാറ്റത്തിന് ഉപയോഗപ്പെടുത്താവുന്ന നൂതന കമ്യൂണിക്കേഷന്‍ വിദ്യയാണിത്. വിവിധ പേടകങ്ങള്‍ ശേഖരിക്കുന്ന ഡേറ്റയും ഹൈക്വാളിറ്റി വിഡിയോ ദൃശ്യങ്ങളും വരെ ലേസര്‍ രശ്മികളുപയോഗിച്ച് ഭൂമിയിലേക്ക് വളരെ പെട്ടെന്നയക്കാമെന്നതാണ് ഇതിന്റെ ഗുണം. ബഹിരാകാശത്തു നിന്ന് തയാറാക്കുന്ന ലേസര്‍ രശ്മികള്‍ ഭൂമിയില്‍ ഇതിനായി തയാറാക്കിയിരിക്കുന്ന പ്രത്യേക റിസീവറുകളിലേക്കയക്കും.

ഭൂമിയില്‍ നിന്നുള്ള ഡേറ്റയും ലേസര്‍ രശ്മിയില്‍ എന്‍കോഡ് ചെയ്താണ് തിരികെ അയക്കുക. മുകളില്‍ അവ ഡീകോഡ് ചെയ്ത് സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടാകും. രണ്ടു മുതല്‍ അഞ്ചു വര്‍ഷത്തിനകം പദ്ധതി ആരംഭിക്കാനാണു നാസയുടെ നീക്കം. നാസയുടെ ഗോദര്‍ദ് സ്‌പേസ് ഫ്‌ലൈറ്റ് സെന്ററില്‍ നിന്നായിരിക്കും പദ്ധതിയുടെ ലോഞ്ചിങ്. രണ്ടു വര്‍ഷത്തെ പരീക്ഷണം കഴിഞ്ഞ് 2019ന് എല്‍സിആര്‍ഡി വിക്ഷേപിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. എല്‍സിആര്‍ഡി പദ്ധതി വിജയിച്ചാല്‍ ബഹിരാകാശ യാത്രകളിലും ഗവേഷണത്തിലും നിര്‍ണായക വഴിത്തിരിവായിരിക്കും നാസയുടെ ലേസര്‍ വിദ്യ. ഏതായാലും കാത്തിരുന്നു കാണാം.

Related posts