റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് പിഎസ്‌സി നടത്തുന്ന പരീക്ഷയിലേക്ക് ഇന്നു രാത്രി 12 വരെ അപേക്ഷിക്കാം. രാത്രി 12 വരെ www.keralapsc.gov.in എന്ന പി എസ്‌സിയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. 12 മണിയാകുന്നതോടെ അപക്ഷ സ്വീകരിക്കുന്ന പിഎസ്‌സിയുടെ ലിങ്ക് അപ്രത്യക്ഷമാകും. അപേക്ഷാ തീയതി നീട്ടില്ലെന്ന് പിഎസ്‌സി അറിയിച്ചിട്ടുണ്ട്.
അതേസമയം വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആദ്യം ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തതിനുശേഷം അപേക്ഷിക്കണം. 18-36 വയസാണ് (1980 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവര്‍) പ്രായപരിധി. പ്രായപരിധിയില്‍ ഒബിസി വിഭാഗത്തിന് മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും വര്‍ഷം ഇളവ് ലഭിക്കും. പരീക്ഷാ തീയതി പിഎസ്‌സി കൃത്യമായി തീരുമാനിച്ചിട്ടില്ലെങ്കിലും ജൂണ്‍ അവസാനത്തോടെ പരീക്ഷ ആരംഭിച്ചേക്കും. 14 ജില്ലകളില്‍ നിന്നായി പതിനായിരത്തിലധികം പേര്‍ക്ക് നിയമനം ലഭിച്ചേക്കുമെന്നാണ് സൂചന.
അതേസമയം ഇതുവരെ അപേക്ഷിച്ച ഉദ്യോഗാര്‍ഥികളുടെ എണ്ണം 17 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷയ്ക്ക് തയാറെടുക്കുകയാണ് കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്‍. കഴിഞ്ഞ ഒക്ടോബര്‍ 22ന് കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷനിലെ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയായിരുന്നു ഇതുവരെ പിഎസ്‌സി നടത്തിയ പരീക്ഷകളില്‍ ഏറ്റവും വലുത്. 6,34,283 ഉദ്യോഗാര്‍ഥികളാ യിരുന്നു ഇതിനായി അപേക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തിക യിലേക്കു പിഎസ്‌സി നടത്തിയ പരീക്ഷയായിരുന്നു അതുവരെ ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത പരീക്ഷ.
ഇതിലേക്ക് 5,41,823 ഉദ്യോഗാര്‍ഥികളായിരുന്നു അപേക്ഷി ച്ചിരുന്നത്. പുതിയ എല്‍ഡി ക്ലാര്‍ക്ക് വിജ്ഞാപനത്തില്‍ 15 ലക്ഷത്തിനടുത്ത് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുമെ ന്നായിരുന്നു പിഎസ്‌സിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇന്നു അര്‍ധരാത്രിയാകുന്നതോടെ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥി കളുടെ എണ്ണം 18 ലക്ഷം കവിയുമെന്നാണ് കണക്കുകൂട്ടുന്നത്.
തിരുവനന്തപുരം ജില്ലയില്‍ അപേക്ഷിച്ച ഉദ്യോഗാര്‍ഥിക ളുടെ എണ്ണം മാത്രം രണ്ടു ലക്ഷം കവിഞ്ഞിട്ടുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്.
17,63,944 ഉദ്യോഗാര്‍ഥികളാണ് ഇന്നലെ വൈകുന്നേരം വരെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷയ്ക്കായി പിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ അപേക്ഷിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുമാണ് ഏറ്റവുമധികം അപേക്ഷകര്‍- 2,14501 പേര്‍. എറണാകുളം- 1,86171, കോട്ടയം- 1,60901, കൊല്ലം- 1,60082, തൃശൂര്‍- 1,58912, മലപ്പുറം-1,54012, പാലക്കാട്- 1,39476, കോഴിക്കോട് – 1,51608, കണ്ണൂര്‍- 1,14932, വയനാട് -53,970, കാസര്‍ഗോഡ്- 59,002, ഇടുക്കി- 70,420, പത്തനംതിട്ട- 75,150, ആലപ്പുഴ- 81,500 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം.
ഇത്രയും അധികം ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതുമ്പോള്‍ കോടിക്കണക്കിനു രൂപയാണു പിഎസ്‌സിക്കു പരീക്ഷാ നടത്തിപ്പിനായി ചെലവഴിക്കേണ്ടി വരിക. ഒരു ഉദ്യോഗാര്‍ഥിക്ക് പരീക്ഷ നടത്തുന്നതിനായി പിഎസ്‌സിക്ക് 150രൂപയോളം ചെലവാകുന്നുവെന്നാണ് കണക്ക്. എല്‍ഡിസിയുടെ പരീക്ഷാ നടത്തിപ്പിനായി 26 കോടിയിലധികം രൂപ പിഎസ്‌സിക്ക് ചെലവഴിക്കേണ്ടിവരും. ബിവറേജസ് കോര്‍പറേഷനിലെ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷാ നടത്തിപ്പി നായി പിഎസ്‌സിക്കു ചെലവായത് 10 കോടിയോളം രൂപയാണ്.
അപേക്ഷകര്‍ കൂടുതലുണ്ടെങ്കില്‍ പല ഘട്ടങ്ങളായി പരീക്ഷ നടത്തുകയാണ് പിഎസ്‌സിയുടെ രീതി. അതുകൊണ്ടു തന്നെ ഈ പരീക്ഷയും പല ഘട്ടങ്ങളായാകും നടത്തുക. അണ്‍ എയ്ഡഡ് സ്കൂളുകളടക്കമുള്ള 2608 കേന്ദ്രങ്ങളാണ് കഴിഞ്ഞ എല്‍ഡിസി പരീക്ഷാ നടത്തിപ്പിനായി പിഎസ്‌സി ഒരുക്കി യിരുന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 495 കേന്ദ്രങ്ങള്‍ ഒരുക്കി. പുതിയ എല്‍ഡി ക്ലര്‍ക്ക് പരീക്ഷയ്ക്കായി ആറായിര ത്തിലധികം കേന്ദ്രങ്ങള്‍ ഒരുക്കേണ്ടി വരും.