സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങാന്‍ സിപിഎം നേതാവിന്റെ വീട്ടിലെത്തണം! പെന്‍ഷന്റെ ഒരു പങ്ക് പാര്‍ട്ടിക്ക് നല്കണമെന്ന് നേതാവ്, മൂക്കിനു താഴെ നടന്ന സംഭവത്തില്‍ പ്രതികരിക്കാതെ സിപിഎം

ldfതലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിന് കീഴെ സിപിഎം ലോക്കല്‍കമ്മിറ്റി നേതാവിന്റെ തോന്ന്യവാസം. മംഗലപുരം പഞ്ചായത്തിന്റെ ക്ഷേമ പെന്‍ഷനുകള്‍ സിപിഎം നേതാവിന്റെ വീട്ടില്‍ വിതരണം നടത്തിയതാണ് വിവാദമായിരിക്കുന്നത്. പെന്‍ഷനില്‍ ഒരു വിഹിതം പാര്‍ട്ടി ഫണ്ട് നല്‍കണമെന്നാവശ്യത്തെ തുടര്‍ന്ന് നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് പെന്‍ഷന്‍ വിതരണം തടഞ്ഞു. അര്‍ഹതപ്പെട്ട ക്ഷേമ പെന്‍ഷനുകള്‍ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വന്നു വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാര്‍.

പെന്‍ഷന്‍ വിതരണം നടത്തുന്നതിനായി തോന്നക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരെയാണ് പഞ്ചായത്ത് ചുമതലപ്പെടുത്തിയത്. സി പി എമ്മിന്റെ ഭരണത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ബാങ്കിലെ കളക്ഷന്‍ ഏജന്റുമാര്‍ വീടുകള്‍ കണ്ടുപിടിച്ചു പെന്‍ഷന്‍ എത്തിക്കണമെന്നായിരുന്നു പഞ്ചായത്ത് തീരുമാനം. എന്നാല്‍ ഈ തീരുമാനത്തെ മാറി കടന്ന് 14, 15. 16 വാര്‍ഡുകളിലെ ആള്‍ക്കാര്‍ക്കുള്ള പെന്‍ഷന്‍ വിതരണം ഇന്നലെ വൈകുന്നേരത്തോടെ മുരുക്കുംപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ നടത്തിയത്.

ഇതു ഈ വാര്‍ഡിലെ മെമ്പര്‍മാര്‍ അറിയാതെ ആണ് നടത്തിയത്. ലോക്കല്‍ കമ്മിറ്റി നല്‍കിയ ലിസ്റ്റിന്‍ പ്രകാരമുള്ളവര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. നാട്ടുകാരുടെയും കോണ്‍ഗ്രസ്പ്രവര്‍ത്തകരുടേയും ശക്താമായ പ്രതിക്ഷേധത്തെ തുടര്‍ന്നു പെന്‍ഷന്‍ വിതരണം നിര്‍ത്തിവച്ചു. തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്ക് വീട്ടില്‍ എത്തിക്കാമെന്ന ഉറപ്പിന്മേല്‍ നാട്ടുകാര്‍ പ്രതിക്ഷേധം അവസാനിപ്പിച്ചു.

Related posts