കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എൽഡിഎഫിലെത്തുന്നതോടുകൂടി ഇടതു മുന്നണിയിലെ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ എണ്ണം നാലാകും.
നിലവിൽ കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം, ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന കേരള കോണ്‍ഗ്രസ് ബി, ഡോ.കെ.സി. ജോസഫ് ചെയർമാനായ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയാണ് ഇപ്പോൾ എൽഡിഎഫിലെ ഘടക കക്ഷികളായിട്ടുള്ളത്.
യുഡിഎഫിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും പ്രവർത്തിക്കുന്നു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ പി.സി. തോമസ് നേതൃത്വം നൽകുന്ന കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റും പ്രവർത്തിക്കുന്നു.
പാലായും കാഞ്ഞിരപ്പള്ളിയും ചർച്ചകളിൽ
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം വൈകുന്നതിന്റെ പ്രധാന കാരണം സീറ്റ് വിഭജനത്തിനെക്കുറിച്ചുള്ള ചർച്ചകളായിരുന്നു.
കേരള കോണ്‍ഗ്രസിന്റെ തറവാട് എന്നറിയപ്പെടുന്ന പാലാ, സിറ്റിംഗ് എം എൽഎ ഡോ.ജയരാജ് മത്സരിച്ച കാഞ്ഞിരപ്പള്ളി എന്നീ സിറ്റുകളെക്കുറിച്ചുള്ള തർക്കമാണ് മുന്നണി പ്രവേശനം വൈകാൻ കാരണമായത്.
ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തുന്പോൾ പാലായിലെ സിറ്റിംഗ് എംഎൽഎ മാണി സി. കാപ്പൻ തന്റെ സീറ്റ് ഒരു കാരണവശാലും വിട്ടു നൽകില്ലെന്നു പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്തു.
പാലാ സീറ്റ് തന്റെ ചങ്കാണെന്നും ഒരുകാരണവശാലും പാലാ സീറ്റ് മറ്റാർക്കും വിട്ടു നൽകില്ല എന്നും മാണി സി. കാപ്പൻ പ്രതികരിച്ചിരുന്നു. മണ്ഡലം എന്നതിനപ്പുറം കെ.എം.മാണി നൽകിയ ഒരു ഹൃദയ വികാരമാണ് പാലാ എന്നുമാണ് ജോസ് കെ മാണി പറഞ്ഞത്.
പാലാ സീറ്റ് ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു പ്രവേശനവും ജോസ് വിഭാഗം ആഗ്രഹിക്കുന്നില്ലെന്നും സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. സിപിഎം നേതൃത്വത്തിനും ഇക്കാര്യം ബോധ്യമായിട്ടുണ്ട്.
എൻസിപിയെ ഇക്കാര്യം അറിയിക്കുമെന്നും എൻസിപിക്കു മറ്റൊരു സീറ്റു നൽകുമെന്നുമാണ് സിപിഎമ്മിന്റെ സൂചന. ഇതോടെ പാലാ സീറ്റ് വരും ദിവസങ്ങളിലും തർക്ക വിഷയമായി തുടരും.
സിറ്റിംഗ് എംഎൽഎ ഡോ. ജയരാജ് മത്സരിച്ച കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ വർഷങ്ങളായി മത്സരിച്ചു വന്നിരുന്ന സീറ്റാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മണഡലംകൂടിയാണ് കാഞ്ഞിരപ്പള്ളി.
സിപിഐക്കു കാഞ്ഞിരപ്പള്ളി വിട്ടുകൊടുത്താൽ ജില്ലയിൽ മറ്റൊരു സീറ്റ് ലഭിക്കാനിടയില്ല. ഇതാണ് സിപിഐ നേതൃത്വത്തെ അസ്വസ്ഥരാക്കുന്നത്. കാഞ്ഞിരപ്പള്ളി വിട്ടുകൊടുത്താൻ കോട്ടയം, ഏറ്റുമാനൂർ സീറ്റ് വേണമെന്നാണ് സിപിഐ നേതൃത്വം ആവശ്യപ്പെടുന്നത്.
അല്ലെങ്കിൽ വിജയം ഉറപ്പുള്ള മറ്റൊരു സീറ്റായാൽ മതിയെന്നും സിപിഐ സംസ്ഥാന നേതൃത്വത്തിനു അഭിപ്രായമുണ്ട്.