തൃശൂർ: ജനദ്രോഹ ഭരണം തുടരുന്ന സംസ്ഥാനത്തെ സിപിഎമ്മിനെയും കേന്ദ്രത്തിലെ ബിജെപിയെയും പുറത്താക്കുകയാവണം യുഡിഎഫിന്റെ ലക്ഷ്യമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് തൃശൂർ ലോക്സഭാ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടുകൂട്ടരും ജനദ്രോഹത്തിന്റെ കാര്യത്തിൽ മത്സരിക്കുകയാണ്. പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ തൊഴിലില്ലായ്മ ഏറുന്നു. അഞ്ചു ലക്ഷംപേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞു. എന്നാൽ രണ്ടേകാൽ വർഷംകൊണ്ട് എത്രപേർക്കു തൊഴിൽ നൽകിയെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു.
ക്ഷേമപെൻഷനിൽനിന്നു പാവങ്ങളെ ഒഴിവാക്കി. തങ്ങൾ ജീവിച്ചിരിക്കുന്നുണ്ടെന്ന് വ്യക്തമാക്കാൻ പ്രകടനം നടത്തേണ്ട അവസ്ഥയാണ് ഇപ്പോൾ ജനങ്ങൾക്ക്. പുതിയ പെൻഷന് അപേക്ഷിക്കാൻ കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തന രഹിതമാണ്.
പ്രളയമുണ്ടായപ്പോൾ അഞ്ചു ദിവസം സർക്കാർ അനങ്ങിയില്ല. അതാണ് നൂറുകണക്കിന് ആളുകൾ മരിക്കാൻ കാരണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്ററിൽ പോയത് അപകടസമയത്ത് ഐക്യത്തിന്റെ സന്ദേശം നല്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ്.
പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി വന്നപ്പോൾ ചർച്ചചെയ്യാനും പോയത് സഹകരണത്തിന്റെ ഭാഗമാണ്. പ്രതിപക്ഷം സഹകരിച്ചു. പക്ഷേ, സർക്കാർ അവരുടെ കടമ നിർവഹിച്ചില്ല. വേണ്ടസമയത്ത് വേണ്ടതു ചെയ്തില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ഡാമുകൾ തുറന്നതിൽ ജുഡീഷൽ അന്വേഷണം വേണമെന്ന പ്രതിപക്ഷാവശ്യം പാലിക്കപ്പെട്ടില്ല. ഒരു മന്ത്രി ഒരു പെണ്ണിനെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചവർ അഞ്ഞൂറോളം പേർ മരിച്ചതിൽ ജുഡീഷൽ അന്വേഷണം എന്തുകൊണ്ട് നടത്തുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. യുഡിഎഫ് സംസ്ഥാന കണ്വീനർ ബെന്നി ബഹനാൻ പ്രസംഗിച്ചു.