തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാർഥികാളാരെന്ന് ഈ മാസം പകുതിയോടെ വ്യക്തമാകും. ഈ മാസം 10,11,12 തിയതികളിലായി ചേരുന്ന സിപിഎമ്മിന്റെയും സിപിഐയുടേയുംയോഗങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങൾ ചർച്ചയാകും. 11,12 തീയതികളില്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. 10,11 തീയതികളില്‍ ആണ് സിപിഐ സംസ്ഥാന,നേതൃയോഗങ്ങളും ചേരുന്നുണ്ട്.
മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങളും ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കുമെന്നറിയുന്നു. കൊല്ലത്ത് ഇരവിപുരം എംഎല്‍എ എ. നൗഷാദ്, മുകേഷ്, ചിന്ത ജെറോ എന്നിവർ പരിഗണനയിലുണ്ട്. ആറ്റിങ്ങലില്‍ കടകംപള്ളി സുരേന്ദ്രനാണ് സാധ്യതയെന്ന് സൂചന.
ആലപ്പുഴയില്‍ സിറ്റിങ് എം.പിയായ ആരിഫിന് തന്നെയാണ് പ്രധാന പരിഗണന. ഇവിടെ ജില്ലാ കമ്മിറ്റിക്ക് തോമസ് ഐസക്കിനെ മത്സരിപ്പിക്കണമെന്ന് താൽപ്പര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂരിൽ വി.എസ്.സുനിൽകുമാറിന് തന്നെയാണ് സാധ്യത. കെ.കെ.ഷൈലജ വടകരയിലോ കണ്ണൂരോ മത്സരിക്കാനാണ് സാധ്യത. പാലക്കാട്ട് സ്വരാജിനെ പരിഗണിച്ചേക്കും.
പത്തനംതിട്ടയില്‍ തോമസ് ഐസക്,രാജു എബ്രഹാം എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നു. എറണാകുളത്ത് പൊതുസ്വതന്ത്രൻ വന്നേക്കുമെന്നാണ് അറിയുന്നത്. ഇടുക്കിയില്‍ മുന്‍ എം.പി ജോയ്സ് ജോർജിന്റെ പേര് സജീവമാണ്.