ചെങ്ങന്നൂർ: ബിഡിജെഎസ്, എസ്എൻഡിപി നേതൃത്വവുമായി എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ രഹസ്യ ചർച്ച നടത്തി. ചർച്ച നടന്നത് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയോട് സഹകരിക്കാതെ അതൃപ്തി പ്രകടിപ്പിക്കാമെന്ന തീരുമാനം എടുത്ത നിയോജക മണ്ഡലം യോഗത്തിന് പിന്നാലെ. ഇന്നലെ രാത്രി ഗവ.ഐ.ടി.ഐ ജംഗ്ഷന് സമീപമുള്ള ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്.
ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജി.ഗോപകുമാർ, സുഭാഷ് വാസു, സംസ്ഥാന കൗണ്‍സിൽ അംഗം സിനിൽ മുണ്ടപ്പള്ളി, എസ്എൻഡിപി ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ.പി.ശ്രീരംഗം, കണ്‍വീനർ സുനിൽവള്ളിയിൽ, വൈസ് ചെയർമാൻ വിജീഷ് മേടയിൽ എന്നിവരുമായാണ് സജി ചെറിയാൻ ചർച്ച നടത്തിയത്.
ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളിൽ തീരുമാനമായതായാണ് സൂചന. ഇന്നലെ ചെങ്ങന്നൂർ എസ്എൻഎൻഡിപി യൂണിയൻ ഓഫീസിൽ സംസ്ഥാന ഭാരവാഹികൾ അടക്കം പങ്കെടുത്ത ബിഡിജെഎസ് നിയോജക മണ്ഡലം യോഗം നടന്നിരുന്നു. നേരത്തെ ചെങ്ങന്നൂരിലെ എസ്എൻഡിപി-ബിഡിജെഎസ് ഭാരവാഹികൾ സജി ചെറിയാനുമായി ചർച്ച നടത്തിയിരുന്നത് വിവാദമായിരുന്നു.