ജോണ്സണ് വേങ്ങത്തടം
കൊച്ചി: ഇന്നു നടക്കുന്ന എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ എന്‍സിപി നാലു സീറ്റുകള്ചോദിക്കും. പാലാ സീറ്റ് നഷ്ടപ്പെട്ടുവെങ്കിലും കഴിഞ്ഞ പ്രാവശ്യം മത്സരിച്ച നാലു സീറ്റുകള്‍ അവകാശപ്പെടാനാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്.
എല്‍ഡിഎഫ് നാലു സീറ്റുകളും നല്‍കുമെന്നാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്ററിന്റെ അഭിപ്രായം. ഇതുവരെ പാലാ സീറ്റ് നല്‍കില്ലെന്നു പറഞ്ഞിട്ടില്ലെന്നും അദേഹം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ പാലായില്‍ ജോസ് കെ. മാണിയും മാണി സി. കാപ്പനും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
മാണി സി. കാപ്പന് പോയതോടെ നാലു സീറ്റുകള്‍ എന്ന കാര്യത്തില്‍ സിപിഎം കടുത്ത നിലപാട് സ്വീകരിക്കും. ചെറുഘടകകക്ഷികളില്നിന്നും സീറ്റുകള്‍ പരാമവധി എടുക്കാനുള്ള നീക്കമാണ് സിപിഎം സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
എന്‍സിപിക്കു നിലവില്‍ കൈയിലുള്ള മൂന്നു സീറ്റുകളാണ്. പാലാ നഷ്ടപ്പെട്ടതിനു പിന്നാലെ കുട്ടനാട്, എലത്തൂര്‍, കോട്ടയ്ക്കല്‍ സീറ്റുകള്‍ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് എന്‍സിപി. പാലാ സീറ്റിനു പകരം സീറ്റ് എന്ന ആവശ്യം എന്‍സിപി മുന്നോട്ടു വയ്ക്കും.
എന്നാല്‍ എ.കെ. ശശീന്ദ്രന് മത്സരിച്ചു ജയിച്ച എലത്തൂര്‍ സീറ്റ് പോലും എന്‍സിപിക്ക് ഇപ്പോള്‍ ഉറപ്പില്ല. എലത്തൂരിനു പകരം കണ്ണൂരിലെ ഒരു സീറ്റ് എന്ന നിര്‍ദേശമാണ് എന്‍സിപിക്കു മുന്നില്‍ സിപിഎം വയ്ക്കുന്നത്. കുട്ടനാട് സീറ്റ് തോമസ് ചാണ്ടിയുടെ സഹോദരനു കൊടുക്കുമെന്നറിയുന്നു.
ഇതിനിടയില്‍ എന്‍സിപിയിലെ ആഭ്യന്തര കലാപം പൊട്ടിത്തെറിയുടെ വക്കിലാണ്. പാലാ സീറ്റിന്റെ പേരില്‍ മാണി സി. കാപ്പന് പാര്‍ട്ടിവിട്ടു പോയെങ്കിലും ആഭ്യന്തര കലാപം മാത്രം ശമിച്ചിട്ടില്ല. ഇന്നലെ കൊച്ചിയില്ചേര്ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും എന്‍സിപിയിലെ വിഭാഗീയത മറനീക്കി പുറത്തു വന്നു.
എ.കെ. ശശീന്ദ്രനും പീതാംബരന്മാസ്റ്ററിനും എതിരേയാണ് പടയൊരുക്കം. ശശീന്ദ്രന് വീണ്ടും മത്സരിക്കുന്നതിനെതിരേയാണ് കൂടുതല്‍ പേര് രംഗത്തുവന്നത്.