പയ്യന്നൂര്‍: സംഘര്‍ഷബാധിത പ്രദേശമായ രാമന്തളി ചിറ്റടിയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും ചുമരെഴുത്തുകളും കൊടിമരവും നശിപ്പിച്ചു. ചിറ്റടി സെന്‍ട്രലില്‍ രാത്രിയിലാണ് സംഭവം. ഇന്നു രാവിലെയാണ് പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കപെട്ട വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
കാസര്‍ഗോഡ് ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചിറ്റടിയില്‍ സ്ഥാപിച്ച നാല് ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്.സിപിഎമ്മിന്റെ കൊടിമരം നശിപ്പിക്കുകയും പോസ്റ്ററുകള്‍ കീറിനശിപ്പിച്ചിട്ടുമുണ്ട്.
ചുമരെഴുത്ത് കരിഓയിലൊഴിച്ച് വികൃതമാക്കിയിട്ടുണ്ട്. ചിറ്റടിയിലെ പി.പി.അമ്പുവിന്റെ അനുവാദം വാങ്ങി നിയമ വിധേയമായി നടത്തിയ ചുമരെഴുത്താണ് കരി ഓയിലൊഴിച്ച് വികൃതമാക്കിയതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണവും ആരംഭിച്ചു.
എല്‍ഡിഎഫിന്റെ പ്രചാരണ സമാഗ്രികകള് നശിപ്പിച്ചതിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് സിപിഎം ആരോപിച്ചു.മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് സ്ഫോടന പരമ്പരകള്‍ നടന്നിരുന്നു.ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനകളില്‍ ബോംബുകളും ബോംബു നിര്‍മാണ സാമഗ്രികകളും കണ്ടെടുത്തിരുന്നു.
ഉണ്ണിത്താന്റെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു
പെരുന്പടവ്: കാസർഗോഡ് പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. എരമം-കുറ്റൂർ പഞ്ചായത്തിലെ തെന്നം-താളിച്ചാൽ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പൂർണമായും നശിപ്പിച്ചത്. കാലങ്ങളായി മണ്ഡലത്തിലെ വികസനമില്ലായ്മയും രാജ്മോഹൻ ഉണ്ണിത്താൻ യുഡിഎഫ് സ്ഥാനാർഥിയായതു കാരണം പരാജയം ഭയന്ന് സിപിഎം പ്രവർത്തകരാണ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നതെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.