പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് എൽഡിഎഫ് അവതരിപ്പിച്ചിരിക്കുന്ന സ്ഥാനാർഥികളുടെ മികവ് നേട്ടമാകുമെന്ന് കൺവീനർ എ. വിജയരാഘവൻ.എൽഡിഎഫ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സ്ഥാനാർഥികൾ നിരന്നതോടെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. ഉമ്മൻ ചാണ്ടിയുടെ ദോഷങ്ങളും ദൂഷ്യങ്ങളും ഉള്ളയാളല്ല വീണാ ജോർജ്. അതേപോലെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികൾ അവരവരുടേതായ മേഖലകളിൽ മികവുള്ളവർ തന്നെയാണ്.
ഇടതുമുന്നണി ജനവിധി തേടുന്നത് ശബരിമലയിലെ പതിനെട്ടാം പടി കയറാനല്ലെന്നും പാർലമെന്റിലേക്കാണെന്നും വിജയരാഘവൻ പറഞ്ഞു. പതിനെട്ടാം പടിയിൽ ആർഎസ്എസ് ആക്രമണത്തിനു ശ്രമിച്ചപ്പോൾ ഉമ്മൻചാണ്ടിയും ചെന്നിത്തലയും എം.കെ. മുനീറും പമ്പയിൽ ആക്രമണത്തിനു ശ്രമിച്ചവരാണ്.
എന്നിട്ടും യഥാർഥ ഭക്തർ ഒരു കുഴപ്പവുമില്ലാതെ ദർശനം നടത്തി മടങ്ങി. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ജീവിതമാണ് ചർച്ച ചെയ്യുന്നത്. വിശ്വാസവും അവിശ്വാസവുമല്ല. കേരളത്തിലെ ഭാവിതലമുറയുടെയും സ്ത്രീകളുടെയും പ്രതിനിധിയായി വീണാജോർജ് പാർലമെന്റിലേക്ക് പോകുമെന്നും വിജയരാഘവൻ പറഞ്ഞു.
പരാജയ ഭീതി ഇപ്പോഴേ യുഡിഎഫിനെ വേട്ടയാടിത്തുടങ്ങി. ഇടതുപക്ഷം നശിച്ചുകാണാൻ കേരളം പ്രളയത്തിലാണ്ടു പോകട്ടെ എന്നാഗ്രഹിച്ചവരാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും.നരേന്ദ്രമോദി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ കോൺഗ്രസ് ഓഫീസിൽ ഒരാളുപോലുമില്ലാതെ ബിജെപിയിൽ ചേരും.
കേരളത്തിൽ നിന്ന് ഒറ്റ ബിജെപിക്കാരൻ പോലും പാർലമെന്റിലേക്ക് പോകില്ല. ബിജെപിക്ക് ഒരു സ്ഥാനാർഥിയെ മിസോറാമിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നു. കുമ്മനത്തിനു ജോലി നഷ്ടപ്പെട്ടതു മാത്രമായിരിക്കും ലോക്സഭ തെരഞ്ഞെടുപ്പു കഴിയുന്പോൾ കേരളത്തിലെ ബിജെപിയുടെ ഗുണം.
യുക്തിചിന്തയും ശാസ്ത്രബോധവും നിഷേധിക്കുന്നതാണ് മോദിയുടെ നയം. തീവ്ര ഹിന്ദുത്വ വിരുദ്ധ നിലപാട് സ്വീകരിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നതാണ് മോദിയുടെ പരിഷ്കാരം. ജനങ്ങളുടെ സമ്പത്ത് കൊളളയടിച്ച ഒരു പ്രധാനമന്ത്രി മുന്പ് ഒരു കാലത്തുമുണ്ടായിട്ടില്ലെന്ന് വിജയരാഘവൻ പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി വീണാ ജോർജ്, മന്ത്രി കെ.രാജു, എംഎൽഎമാരായ രാജു ഏബ്രഹാം, മാത്യു ടി. തോമസ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ്, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.അനന്തഗോപൻ, ഇടതു നേതാക്കളായ അലക്സ് കണ്ണമല, ഡോ. വർഗീസ് ജോർജ്, പിലിപ്പോസ് തോമസ്, ആർ. ഉണ്ണികൃഷ്ണപിളള, എൻ.പി.ജോർജ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.