കായംകുളം : കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ നരേന്ദ്രമോദിയും കൂട്ടരും ശ്രമിച്ചത് രാജ്യത്തിന്റെ ബഹുസ്വരത തകർത്ത് മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാനാണന്ന് സി പി എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. ആലപ്പുഴ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിൻന്റെ കായംകുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത വിശ്വാസങ്ങൾക്ക് കമ്യൂണിസ്റ്റ് പാർട്ടി എതിരല്ല. എന്നാൽ മതത്തിന്റെ മറവിൽ സ്ത്രീകളെ അടിമകളാക്കി സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങളെ ചവിട്ടി മെതിക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കും. എംഎൽഎമാർ അടക്കം എണ്‍പതിലധികം പേരാണ് അടുത്തകാലയളവിൽ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിൽ പോയത്.
ഏറ്റവും ഒടുവിൽ ദേശീയ വക്താവായ ടോം വടക്കനും പോയി. എന്നിട്ടും പാഠം പഠിക്കാൻ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലന്നും എം എ ബേബി കുറ്റപ്പെടുത്തി. എൻ സുകുമാരപിള്ള അധ്യക്ഷത വഹിച്ചു. യു പ്രതിഭ എം എൽ എ, സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ, എം എ അലിയാർ, കെ എച്ച് ബാബുജാൻ, ഷെയ്ഖ് പി ഹാരിസ്, പി അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.