ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനു കേരളം ഒരുങ്ങുന്പോൾ എൽഡിഎഫ് സർക്കാരിനു കടുത്ത തിരിച്ചടിയായി സമരമുഖം തുറന്നു യുഡിഎഫും മറ്റു സംഘടനകളും. കർഷക ആത്മഹത്യ, യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ കൊലപാതകം എന്നി വിഷയങ്ങൾ യുഡിഎഫ് ഏറ്റെടുത്തു ശക്തമായ സമരവുമായി മുന്നോട്ട് പോകുന്പോൾ ചർച്ച് ആക്ട് നടപ്പിലാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധസമരവുമായി കത്തോലിക്കസഭയും രംഗത്തു വന്നിരിക്കുന്നു.
ഇടുക്കിയിൽ ആറിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരംഭിക്കുന്ന സമരം യുഡിഎഫ് സമരമായി മാറ്റാൻ ഇന്നു രാവിലെ കാസർഗോഡ് ചേർന്ന അനൗദ്യോഗിക യുഡിഎഫ് യോഗത്തിൽ തീരുമാനമായി. പ്രതിപക്ഷനേതാവിനൊപ്പം വിവിധ ഘടകകക്ഷികളുടെ നേതാക്കളും സമരത്തിലുണ്ടാകും.
ഇന്നു രാവിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി,യുഡിഎഫ് കണ്വീനർ ബെന്നി ബെഹന്നാൻ, പ്രചാരണവിഭാഗം തലവൻ കെ. മുരളീധരൻ, ലീഗ് പ്രതിനിധികളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ, കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, കേരള കോണ്ഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ, ഷിബു ബേബി ജോണ്, സി.പി.ജോണ് തുടങ്ങിയ നേതാക്കളാണ് യോഗം ചേർന്നത്. കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ കുടുംബസഹായ നിധി സ്വരൂപണത്തിനാണ് ഇവർ കാസർഗോഡ് എത്തിയത്. ഇടുക്കിയിൽ ഒരു മന്ത്രിയുണ്ടായിട്ടു പോലും കർഷകരുടെ വീടുകളിൽ എത്തി അവരെ ആശ്വാസിപ്പിക്കാൻ തയാറായിട്ടില്ല.
മുഖ്യമന്ത്രി പോലും ഇടുക്കിയിൽ വന്നിട്ടു കടന്നു പോയി. ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് യുഡിഎഫിന്റെ തീരുമാനം. കടക്കെണിയിൽ പത്ത് കർഷകർ കേരളത്തിൽ ജീവനൊടുക്കി കഴിഞ്ഞു. എന്നാൽ ബാങ്കുകളുടെ യോഗം വിളിക്കുമെന്നു പറയുന്പോഴും ഒരു നടപടിക്രമങ്ങളും നടത്താൻ എൽഡിഎഫ് സർക്കാർ തയാറാകുന്നില്ല. ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ട് പോകുകയാണ്. പ്രതിഷേധം ശക്തമായപ്പോൾ ബാങ്കുകൾ ഫോണിലൂടെയാണ് ഭീഷണിപ്പെടുത്തുന്നത്. ജപ്തിനോട്ടീസ് അയയ്ക്കാതെ കർഷകരെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണം ശക്തമായിരിക്കുന്നു. കേരളത്തിൽ പത്ത് കർഷകരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.
തോപ്രാംകുടി മേരിഗിരി താന്നിക്കാട്ടുകാലായിൽ സന്തോഷ്( 37), വാത്തിക്കുടി ചെന്പകപ്പാറ കുന്നംപുറത്ത് സഹദേവൻ(68), വാഴത്തോപ്പ് നെല്ലിപ്പുഴ കവലയിൽ എൻ.എം. ജോണി , അടിമാലി ആനവിരട്ടി കോട്ടക്കല്ലിൽ രാജു(62), വാത്തിക്കുടി പെരിഞ്ചാംകുട്ടി ചെന്പകപ്പാറനക്കരയിൽ ശ്രീകുമാർ(59), അടിമാലി ഇരുന്നൂറുറേക്കർ കുന്നത്ത് സുരേന്ദ്രൻ(76),അടിമാലി പാറത്തോട് ഇരുമലക്കപ്പ് വരിക്കാനിക്കൽ ജയിംസ് ജോസഫ്(54), തോട്ടം തൊഴിലാളി പീരുമേട് ഏലപ്പാറ ചെമ്മണ്ണ് രാജൻ(62). ഇന്നലെ മാള കൂഴുരിൽ പാറാശേരി പോളിന്റെ മകൻ ജിജോ(47),വണ്ണപ്പുറം അന്പലപ്പടി വാഴേക്കുടിയിൽ ജോസഫ് ഒൗസേപ്പ് (72) തുടങ്ങിയവരാണ് മരിച്ചത്. ജപ്തി നോട്ടീസ് ലഭിച്ച ജോസഫ് കുഴഞ്ഞുവീഴുകയായിരുന്നു.
കാർഷിക ആവശ്യങ്ങൾക്കു വായ്പ എടുത്തിട്ടു തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥ വന്നതാണ് മരണത്തിലേക്ക് ഇവരെ നയിച്ചത്. കൃഷിയും വീടും നശിച്ച് സാന്പത്തിക പ്രതീക്ഷകൾ അറ്റു പോയവരാണു ജീവനൊടുക്കിയവരിൽ ഭൂരിപക്ഷവും. പ്രളയം ഭൂമിയെ തകർത്തെറിഞ്ഞപ്പോൾ വീടും കൃഷിയും നഷ്ടപ്പെട്ടവരും ബാങ്കിന്റെ ഭീഷണി നേരിടുകയാണ്.
കർഷക ആത്മഹത്യയിൽ നിന്നും കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്ഗ്രസ് 48 മണിക്കൂർ ഉപവാസസമരമാണ് കട്ടപ്പനയിൽ നടത്തിയത്. ഇതിനു പിന്നാലെ യുഡിഎഫ് സമരമുഖം തുറക്കുകയാണ്. ഭരണകക്ഷികൾക്കു മൗനം മാത്രമാണുള്ളത്.
സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ യൂത്ത് കോണ്ഗ്രസ് പ്രവർത്തരായ കല്യോട്ടെ ശരത് ലാലിന്റെയും കൃപേഷിന്റെയും ചിത്മഭാസ്മം വഹിച്ചു കൊണ്ടു യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ധീര സ്മൃതിയാത്ര ആരംഭിച്ചു കഴിഞ്ഞു. യൂത്ത് കോണ്ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് കേശവ് ചന്ദ് യാദവ്, സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എന്നിവരാണ് യാത്ര നയിക്കുന്നത്. അഞ്ചിനു തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമക്ഷേത്രതീർഥത്തിൽ ഇരുവരുടെയും ചിതാഭസ്മം നിമജ്ജനം ചെയ്യും.
ചർച്ച് ആക്ട് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരേ വിവിധ ക്രൈസ്തവ സംഘടനകൾ രംഗത്തു വന്നു കഴിഞ്ഞു. രൂപതകളിൽ കരിദിനം ആചരിക്കാൻ ഏകെസിസി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രൂപത തലത്തിലും കരിദിനമായിരിക്കും. ചർച്ച് ആക്ട് നടപ്പിലാക്കില്ലെന്നു സിപിഎം സെക്രട്ടറി കോടിയേരി ബാലകഷ്ണൻ ഉൾപ്പെടെ പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വെബ് സൈറ്റിൽ നിന്നും മാറ്റാനോ നടപടിക്രമങ്ങളിൽ നിന്നും മാറാനോ എൽഡിഎഫ് സർക്കാർ തയാറാകുന്നില്ല.