നവാസ് മേത്തർ
തലശേരി: ഇടതുമുന്നണി സർക്കാർ രണ്ടരവർഷം പിന്നിടുമ്പോൾ മന്ത്രി പദത്തിലെത്താൻ സാധ്യതയുള്ള മൂന്നുപേരെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യഘട്ടത്തിൽ മന്ത്രിയാകുമെന്ന് കരുതിയിരുന്ന മൂന്ന് പേരുകളാണ് ഇപ്പോൾ വീണ്ടും സജീവ ചർച്ചയാകുന്നത്.
കോൺഗ്രസ്-എസിലെ കടന്നപ്പളളി രാമചന്ദ്രൻ, എൻസിപിയിലെ തോമസ് കെ.തോമസ്, ലോക് താന്ത്രിക് ജനതാദളിൽനിന്നു കെ.പി. മോഹനൻ എന്നീ എംഎൽഎമാർ മന്ത്രി പദത്തിൽ എത്തുമോ എന്നതു സംബന്ധിച്ചാണ് സജീവ ചർച്ചകളും അണിയറ നീക്കങ്ങളും ഇപ്പോഴേ ആരംഭിച്ചിട്ടുള്ളത്.
മന്ത്രിപദം സംബന്ധിച്ച വിവാദങ്ങൾ ഏറ്റവും കൂടുതൽ കത്തി നിൽക്കുന്നത് എൻസിപിയിലാണ്. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിന് ലഭിക്കാനിടയുള്ള മന്ത്രിപദം തെറിപ്പിക്കാൻ എൻസിപിയിൽ അണിയറ നീക്കമെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
രണ്ടര വർഷം പിന്നിട്ടുമ്പോൾ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പദവി ഒഴിയുകയും തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുമായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ഘട്ടത്തിലെ ധാരണ.
ഈ ധാരണ പൊളിച്ചെഴുതാനുള്ള നീക്കമാണ് ഇപ്പോൾ എൻസിപിയിൽ നടന്നു വരുന്നത്. ഒരു ഹോട്ടൽ വ്യവസായിയുടെ നേതൃത്വത്തിലാണ് തോമസ് കെ.തോമസിനെതിരേയുള്ള നീക്കങ്ങളെന്നാണ് തോമസ് കെ.തോമസ് അനുകൂലികൾ പറയുന്നത്.
ശരത് പവാർ നേരിട്ട് ദേശീയ വർക്കിംഗ് കമ്മിറ്റിയിൽ വരെ എത്തിച്ച വ്യവസായ പ്രമുഖൻ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റിൽ മത്സരിക്കാൻ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശരത് പവാറിന്റെയും എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെയും പിന്തുണ ഈ നീക്കങ്ങൾക്കുണ്ടെന്നും പറയപ്പെടുന്നു. ചാണക്യ തന്ത്രവുമായി മന്ത്രി ശശീന്ദ്രനാണ് പുതിയ സംഭവ വികാസങ്ങൾക്ക് പിന്നിലെന്നാണ് എൻസിപിയിലെ മുതിർന്ന നേതാവ് സ്വകാര്യ സംഭാഷണത്തിൽ വ്യക്തമാക്കുന്നത്.
തോമസ് ചാണ്ടി മരണമടഞ്ഞതോടെയാണ് ഏറെ വിവാദങ്ങൾക്കു ശേഷം തോമസ് ചാണ്ടിയുടെ സഹോദരൻ കൂടിയായ തോമസ് കെ.തോമസ് കുട്ടനാട്ടിൽ സ്ഥാനാർഥിയാകുന്നതും ജയിക്കുന്നതും.
പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണ കൊണ്ട് മാത്രമാണ് എൻസിപിയിലെ കടുത്ത ഗ്രൂപ്പിസത്തിനിടയിലും തോമസ് കെ.തോമസിന് കുട്ടനാട്ടിൽ മത്സരിക്കാൻ നറുക്ക് വീണത്.
രണ്ടാം പിണറായി സർക്കാരിൽ ആദ്യ ഘട്ടത്തിൽ തന്നെ തോമസ് കെ.തോമസ് മന്ത്രിയാകുമെന്ന പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഒടുവിൽ എ.കെ.ശശീന്ദ്രൻ തന്നെ മന്ത്രിയാകുകയായിരുന്നു.
രണ്ടരവർഷം പിന്നിടുമ്പോൾ വരുന്ന മന്ത്രിപദം സംബന്ധിച്ച തർക്കങ്ങൾ എൻസിപിയിൽ ചൂടു പിടിക്കുകയാണ്. ഇതിന്റെ അലയൊലികളാണ് ഹരിപ്പാട് തോമസ് കെ.തോമസും ഭാര്യയും പങ്കെടുത്ത ചടങ്ങിലെ വിവാദങ്ങളുമെന്നാണ് അണിയറയിലെ സംസാരം.
തോമസ് ചാണ്ടിയുടെ സഹോദരൻ എന്നതൊഴിച്ചാൽ തോമസ് കെ.തോമസിന് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ബാലപാഠം പോലും അറിയില്ലെന്നാണ് തോമസ് കെ.തോമസ് വിരുദ്ധർ പറയുന്നത്.
എൻസിപിയിലെ ചേരിപ്പോര് രൂക്ഷമായി നടക്കുന്നതിനിടയിൽ രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പിന്നിടുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്നും രണ്ട് മന്ത്രിമാർ കൂടി വരാനുള്ള സാധ്യതയും തെളിയുന്നുണ്ട്.
മന്ത്രി അഹമ്മദ് ദേവർ കോവിലിനു പകരം കണ്ണൂർ എംഎൽഎ കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയാകാനാണ് സാധ്യത. ജനതാദളുടെ ലയനം യാഥാർഥ്യമായാൽ കൂത്തുപറമ്പ് എംഎൽഎ കെ.പി.മോഹനനും മന്ത്രി പദത്തിലെത്തിയേക്കും.